| Monday, 28th November 2022, 8:27 am

അതുകൊണ്ട് സഞ്ജുവിനെ പുറത്താക്കി; ഹര്‍ദിക്കിന് പിന്നാലെ 'കാരണം വിശദീകരിച്ച്' ധവാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം തുടരുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-0 എന്ന ലീഡ് ആതിഥേയര്‍ക്കുണ്ട്.

ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ടീമിന്റെ ബാറ്റിങ് ഡെപ്ത് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിങ്ണ്‍ സുന്ദര്‍ എന്നിവര്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 306 റണ്‍സിലെത്തിയിരുന്നു.

എന്നാല്‍ ആദ്യ മത്സരത്തിലെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇന്ത്യ ടീമിനെ കളത്തിലിറക്കിയത്. ദീപക് ഹൂഡയായിരുന്നു സഞ്ജുവിന്റെ പകരക്കാരന്‍.

എന്നാല്‍ രണ്ടാം മത്സരത്തില്‍ എന്തുകൊണ്ട് സഞ്ജുവിനെ ടീമിലെടുത്തില്ല എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഏകദിന നായകന്‍ ശിഖര്‍ ധവാന്‍. ആറാം ബൗളര്‍ ആവശ്യമായതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് താരം പറയുന്നത്.

‘ആറാമതൊരു ബൗളര്‍ കൂടി ടീമില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, അതിനാല്‍ സഞ്ജുവിനെ പുറത്താക്കി. പകരം ഹൂഡ വന്നു. ചഹറിന് പന്ത് നന്നായി സ്വിങ് ചെയ്യാന്‍ കഴിയുന്നതിനാലാണ് താക്കൂറിന് പകരം അവനെ ഞങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങളുടെ കുറച്ച് താരങ്ങള്‍ വിശ്രമത്തിലാണ്, പക്ഷേ ഈ ടീം ഇപ്പോഴും ശക്തമാണ്. ഇത് ഞങ്ങളുടെ ടീമിന്റെ ഡെപ്ത് വ്യക്തമാക്കുന്നു,’ ധവാന്‍ പറഞ്ഞു.

ഇതോടെ അവസാന ഏകദിനത്തിലും സഞ്ജു ടീമിലുണ്ടാകാന്‍ സാധ്യതയില്ല എന്നാണ് കരുതുന്നത്. അതേസമയം, ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിക്കില്ല എന്ന കാര്യത്തില്‍ ഉറപ്പായി കഴിഞ്ഞു. മൂന്നാം മത്സരം എന്ത് വിലകൊടുത്തും വിജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

ടി-20, ഏകദിന പരമ്പകളിലായി അഞ്ച് മത്സരമാണ് ഇതുവരെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നടന്നത്. ഇതില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ആ അവസരം മുതലാക്കിയ സഞ്ജു ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇന്ത്യന്‍ സ്‌കോറിങ്ങിനെ കെട്ടിപ്പൊക്കിയ പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

നേരത്തെ ടി-20 ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിനുള്ള വിശദീകരണവുമായി ടി-20 നായകന്‍ ഹര്‍ദിക് പാണ്ഡ്യയും രംഗത്തെത്തിയിരുന്നു.

‘ആദ്യം തന്നെ പറയട്ടെ, ഇത് എന്റെ ടീമാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തെരഞ്ഞെടുക്കാറുള്ളത്. ഒരുപാട് സമയം ഇനിയുമുണ്ട്. എല്ലാവര്‍ക്കും അവസരം കിട്ടുക തന്നെ ചെയ്യും.

നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളും മുന്നോട്ട് ലഭിക്കും. പക്ഷെ ഇത് ചെറിയ പരമ്പരയായതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇത് കൂടുതല്‍ മത്സരങ്ങളുള്ള ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നെങ്കില്‍ സ്വാഭാവികമായും കൂടുതല്‍ പേരെ ഉള്‍പ്പെടുത്താമായിരുന്നു.

സഞ്ജുവിന്റേത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ചില തന്ത്രപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അവനെ കളിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. സഞ്ജുവടക്കമുള്ള കളിക്കാരുടെ മാനസികാവസ്ഥ മനസിലാക്കുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആര് എന്തൊക്കെ പറഞ്ഞാലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

എനിക്കിപ്പോള്‍ ഭംഗിവാക്കുകളായി എന്തും പറയാം. നേരിടുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളൂ. പക്ഷെ ടീമിനകത്ത് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

കളിക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് നേരിട്ടു വന്ന് സംസാരിക്കാം. അല്ലെങ്കില്‍ കോച്ചുമായി പങ്കുവെക്കാം. ക്യാപ്റ്റനായി ഞാന്‍ തുടര്‍ന്നാല്‍ പ്രശ്നമാകില്ലെന്നാണ് കരുതുന്നത്. കാരണം ടീം ഒറ്റക്കെട്ടാണെന്നും എല്ലാവരും ഒരുമിച്ചാണെന്നും ചിന്തിക്കുന്നയാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം,’ എന്നായിരുന്നു ഹര്‍ദിക്കിന്റെ വിശദീകരണം.

Content Highlight: Shikhar Dhawan explains why Sanju Samson was excluded in 2nd ODI

We use cookies to give you the best possible experience. Learn more