'ഒടുവില്‍ ധവാനും'; ഐ.പി.എല്ലിനു മീതെ പരിക്കെന്ന 'ദുര്‍ഭൂതം' പിടിമുറുക്കുന്നു; ധവാന്‍ ചെന്നൈയ്‌ക്കെതിരെ ഇന്നിറങ്ങിയേക്കില്ല
ipl 2018
'ഒടുവില്‍ ധവാനും'; ഐ.പി.എല്ലിനു മീതെ പരിക്കെന്ന 'ദുര്‍ഭൂതം' പിടിമുറുക്കുന്നു; ധവാന്‍ ചെന്നൈയ്‌ക്കെതിരെ ഇന്നിറങ്ങിയേക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd April 2018, 10:19 am

ഹൈദരാബാദ്: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ പരിക്കിന്റെ പിടിയിലകപ്പെടുന്ന താരങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും ഒടുവിലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍താരം ശിഖര്‍ ധവനാണ് പരിക്കേറ്റിരിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തിനിടെ കൈക്ക് പരിക്കേറ്റ താരം ഇന്നു ചെന്നൈയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കുമോ എന്നകാര്യം സംശയത്തിലായിരിക്കുകയാണ്.

സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിലായിരുന്നു ആദ്യമായി പരാജയപ്പെട്ടത്. ഹൈദരാബാദ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കൈയ്യില്‍ പന്ത് കൊണ്ട ധവാന്‍ ബാറ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു. സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്നു മാത്രമായി 130 റണ്‍ സ്‌കോര്‍ ചെയ്ത താരമാണ് ധവാന്‍. സീസണിലെ മികച്ച സ്‌കോര്‍ പുറത്താകാതെ നേടിയ 78 റണ്‍സാണ്.

മികച്ച ബൗളിങ്ങ് നിരയുള്ള ഹൈദരാബാദിനു ബാറ്റിങ്ങ് നിര കാര്യമായി പരീക്ഷിക്കപ്പെട്ടത് പഞ്ചാബുമായുള്ള കഴിഞ്ഞ മത്സരത്തിലായിരുന്നു. വലിയ സ്‌കോര്‍ പിന്തുടരുന്നതിനിടെ ധവാനെ തുടക്കത്തിലെ നഷ്ടമായ ടീം ആദ്യ പരാജയം രുചിക്കുകയായിരുന്നു.

ടീമിന്റെ വജ്രായുധമായ റാഷിദ് ഖാന്‍ ക്രിസ് ഗെയ്‌ലിനു മുന്നില്‍ പരാജയപ്പെട്ടതും ഹൈദരാബാദിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുന്നതായിരുന്നു. ധവാന്‍ കളിക്കുന്ന കാര്യം സംശയത്തിലായതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കെയ്ന്‍ വില്യംസണും കൂട്ടരും എങ്ങിനെ പ്രതിരോധിക്കുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. വൈകീട്ട് 4 മണിയ്ക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം.