| Sunday, 24th March 2024, 8:59 am

കോഹ്‌ലിയുടെ ആരും തൊടാത്ത റെക്കോഡും ധവാൻ ഇങ്ങെടുത്തു; ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ താരം പഞ്ചാബ് നായകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഒരു ചരിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 900 ഫോറുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്കാണ് പഞ്ചാബ് നായകന്‍ നടന്നുകയറിയത്.

മത്സരത്തില്‍ 16 പന്തില്‍ നാല് ഫോറുകള്‍ ഉള്‍പ്പെടെ 22 റണ്‍സാണ് ധവാന്‍ നേടിയത്. 898 ഫോറുകള്‍ നേടിയ വിരാട് കോഹ്‌ലിയെ മറികടന്നു കൊണ്ടായിരുന്നു ശിഖര്‍ ധവാന്റെ മുന്നേറ്റം. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ 902 ഫോറുകള്‍ ആണ് ധവാന്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം, ഫോറുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ശിഖര്‍ ധവാന്‍-902

വിരാട് കോഹ്‌ലി-898

ഡേവിഡ് വാര്‍ണര്‍-877

രോഹിത് ശര്‍മ-811

സുരേഷ് റെയ്‌ന-709

അതേസമയം ക്യാപ്പിറ്റല്‍സിനായി ഷായി ഹോപ്പ് 25 പന്തില്‍ 33 റണ്‍സും അവസാനം ഓവറുകളില്‍ ഇമ്പാക്ട് പ്ലെയര്‍ ആയി വന്ന് 10 പന്തില്‍ 32 നേടിയ അഭിഷേക് പോറലും മികച്ച പ്രകടനം നടത്തി. പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി കരുത്ത് കാട്ടി.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിനായി സാം കറന്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 47 പന്തില്‍ ആറ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് ആണ് ഇംഗ്ലണ്ട് താരം നേടിയത്. 21 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

മാര്‍ച്ച് 25ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: Shikhar Dhawan Completed 900 boundaries in IPL history

Latest Stories

We use cookies to give you the best possible experience. Learn more