ആര്‍ക്കുണ്ടെടാ ഇതുപോലെ ഒന്ന്; അടുത്ത സീസണിലേക്ക് ഒന്നും ബാക്കി വെച്ചില്ല, റെക്കോഡിന് വേണ്ടത് മാത്രം നേടി ധവാന്‍
IPL
ആര്‍ക്കുണ്ടെടാ ഇതുപോലെ ഒന്ന്; അടുത്ത സീസണിലേക്ക് ഒന്നും ബാക്കി വെച്ചില്ല, റെക്കോഡിന് വേണ്ടത് മാത്രം നേടി ധവാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 8:19 pm

ഐ.പി.എല്‍ 2023ലെ 66ാം മത്സരം ധര്‍മശാലയില്‍ നടക്കുകയാണ്. പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് തങ്ങളുടെ അവനസാന ലീഗ് ഘട്ട മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. പ്ലേ ഓഫിന് നേരിയ സാധ്യതകളെങ്കിലും തുറന്നുകിട്ടണമെങ്കില്‍ ഇരുടീമിനും വിജയം അനിവാര്യമാണ്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമായിരുന്നില്ല പഞ്ചാബിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ സെഞ്ചൂറിയന്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പഞ്ചാബിന് നഷ്ടമായിരുന്നു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് താരം മടങ്ങിയത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ അഥര്‍വ തായ്‌ദെയ്‌ക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. നേരിട്ട ആദ്യ പന്ത് മുതല്‍ തന്നെ അറ്റാക് ചെയ്താണ് ധവാന്‍ തന്റെ നയം വ്യക്തമാക്കിയത്. സന്ദീപ് ശര്‍മയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ തന്നെ ബൗണ്ടറിയടിച്ചായിരുന്നു ധവാന്‍ തുടങ്ങിയത്.

തുടര്‍ന്നുള്ള പന്തുകളില്‍ സിക്‌സറായും സിംഗിളുകളായും ധവാന്റെ ബാറ്റില്‍ നിന്നും റണ്‍സ് പിറന്നു. എങ്കിലും താരത്തിന്റെ ബാറ്റില്‍ നിന്നും മറ്റൊരു ബൗണ്ടറിക്ക് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ ആരാധകര്‍ കാത്തിരുന്ന ആ ബൗണ്ടറിയും പിറന്നു. ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ ലെങ്ത്തില്‍ പിച്ച് ചെയ്ത പന്ത് ധവാന്‍ ബൗണ്ടറിയിലേക്ക് തഴുകി വിടുകയായിരുന്നു.

ഈ ബൗണ്ടറിയിലൂടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ധവാനെ തേടിയെത്തിയിരിക്കുന്നത്. ഐ.പി.എല്ലില്‍ 750 ബൗണ്ടറികള്‍ തികയ്ക്കുന്ന ആദ്യ താരം എന്ന തകര്‍പ്പന്‍ നേട്ടമാണ് ധവാന് സ്വന്തമായത്.

 

217 മത്സരത്തിലെ 216 ഇന്നിങ്‌സില്‍ നിന്നുമാണ് ധവാന്‍ ആ നേട്ടം സ്വന്തമാക്കിയത്. 750 സെഞ്ച്വറിക്ക് പുറമെ 148 സിക്‌സറും ധവാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബൗണ്ടറികളുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ഡേവിഡ് വാര്‍ണര്‍ ധവാനെക്കാളും കാതങ്ങള്‍ പുറകിലാണ്. 175 മത്സരങ്ങളില്‍ നിന്നും 639 ബൗണ്ടറികളാണ് വാര്‍ണറിന്റെ പേരിലുള്ളത്.

രാജസ്ഥാനെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് 748 ബൗണ്ടറികളായിരുന്നു ധവാന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ കാര്യമായ ഇംപാക്ട് ഒന്നും ഉണ്ടാക്കാതെ 750 ബൗണ്ടറികള്‍ തികയ്ക്കാനാവശ്യമായ രണ്ട് ബൗണ്ടറികള്‍ നേടി താരം കളം വിടുകയായിരുന്നു. 11 പന്തില്‍ നിന്നും 17 റണ്‍സ് നേടി നില്‍ക്കവെ ആദം സാംപയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പുറത്തായത്.

അതേസമയം, ആദ്യ ഇന്നിങ്‌സിലെ പ്ലേ ഓഫ് അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് പഞ്ചാബ് സ്വന്തമാക്കിയത്. പ്രഭ്‌സിമ്രാനും ധവാനും പുറമെ അഥര്‍വ തായ്‌ദെയുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

 

Content Highlight: Shikhar Dhawan becomes first player to score 750 boundaries in IPL