|

വിരമിച്ച ഇന്ത്യന്‍ സിംഹം വീണ്ടും ബാറ്റെടുക്കുന്നു; കോരിത്തരിച്ച് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആരാധകരെ ആവേശത്തില്‍ കൊണ്ട് താന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ധവാന്‍.

എന്നാല്‍ തന്റെ തിരിച്ചുവരവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലോ ഇന്ത്യന്‍ ടീമിന് വേണ്ടിയോ അല്ല ധവാന്‍ കളിക്കുക മറ്റൊരു ടൂര്‍ണമെന്റിലാണ്. വരാനിരിക്കുന്ന ലെജന്റ്സ് ക്രിക്കറ്റ് ലീഗിൽ ആയിരിക്കും ധവാൻ കളിക്കുക. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ധവാൻ സംസാരിച്ചു.

‘എന്റെ ശരീരത്തിന് ഇപ്പോഴും കളിക്കാനുള്ള ശേഷിയുണ്ട്. ഞാന്‍ ഈ തീരുമാനമെടുക്കുമ്പോള്‍ ക്രിക്കറ്റില്‍ ഞാന്‍ ഒരു അഭിവാജ്യ ഘടകമാണെന്ന് എനിക്ക് തോന്നും. ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു. സുഹൃത്തുക്കളെ, ഞങ്ങള്‍ ഒരുമിച്ച് പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. ആരാധകരെ വീണ്ടും രസിപ്പിക്കുന്നത് ഞാന്‍ തുടരും,’ ശിഖര്‍ ധവാന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണ്‍ എന്ന നിലയില്‍ ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ധവാന്‍. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 44.1 ആവറേജിലാണ് ധവാന്‍ ബാറ്റ് വീശിയത്.

കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു. ടി-20യില്‍ 2021ലും ഏകദിനത്തില്‍ 2022ലുമാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

2013ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പങ്കാളിയാവാന്‍ ധവാന് സാധിച്ചിരുന്നു. ചാമ്പ്യന്‍സ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡും ധവാനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമായിരുന്നു ധവാന്‍ കളിച്ചിരുന്നത്.

Content Highlight: Shikhar Dhawan Back to Cricket and Play For Legends Cricket League