ഒന്നും രണ്ടുമല്ല ഒരുപാടുണ്ട് പല സൈസില്‍ പല രീതിയില്‍ കൊറേയെണ്ണം; മറ്റുള്ളവര്‍ക്ക് ഒന്നും രണ്ടും മാത്രമുള്ളപ്പോള്‍ ഇന്ത്യയ്ക്കിത് എട്ടാമന്‍
Sports News
ഒന്നും രണ്ടുമല്ല ഒരുപാടുണ്ട് പല സൈസില്‍ പല രീതിയില്‍ കൊറേയെണ്ണം; മറ്റുള്ളവര്‍ക്ക് ഒന്നും രണ്ടും മാത്രമുള്ളപ്പോള്‍ ഇന്ത്യയ്ക്കിത് എട്ടാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th July 2022, 5:22 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.സി.സി.ഐ. ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, റിഷബ് പന്ത്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രലം നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇന്ത്യ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ് തുടങ്ങി ഒരു പറ്റം യുവതാരങ്ങളുമായാണ് ഇന്ത്യ കരീബിയന്‍സിനെ കീഴടക്കാനൊരുങ്ങുന്നത്.

ശിഖര്‍ ധവാനാണ് യുവതാരങ്ങളടങ്ങിയ ഇന്ത്യന്‍ പടയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ടീമിന്റെ ഉപനായകന്‍.

ശിഖര്‍ ധവാനെ ടീമിന്റെ നെടുനായകത്വമേല്‍പിച്ചതോടെ ഈ വര്‍ഷം എട്ടാമത് ക്യാപ്റ്റനാണ് ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുന്നത്. പല ഫോര്‍മാറ്റുകളിലായി 2022 ജനുവരി ഒന്ന് മുതല്‍ ഇക്കാലം വരെ എട്ട് വിവിധ താരങ്ങളാണ് ഇന്ത്യയെ നയിച്ചത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് വ്യത്യസ്ത മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചത്.

ഐ.പി.എല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു റിഷബ് പന്ത് ക്യാപ്റ്റനായത്. കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിനെ തേടി ക്യാപ്റ്റന്‍സിയെത്തിയത്.

ശേഷം നടന്ന ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനമേറ്റടുത്ത ഹര്‍ദിക് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ കിരീടം ചൂടിച്ചിരുന്നു.

രോഹിത്തിന് കൊവിഡ് ബാധിക്കുകയും കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തതോടെയാണ് ജസ്പ്രീത് ബുംറയെ തേടി ക്യാപ്റ്റന്‍സിയെത്തിയത്. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു താരം ഇന്ത്യയെ നയിച്ചത്.

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലായിരുന്നു ഡി.കെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായത്. ഡെര്‍ബി ഷെയറിനെതിരെയും നോര്‍താംപ്റ്റണ്‍ ഷെയറിനെതിരെയുമായിരുന്നു താരം ഇന്ത്യയെ നയിച്ചത്.

ഇപ്പോഴിതാ, ഈ വര്‍ഷം എട്ടാമത് നായകനായാണ് ധവാന്‍ ചുമതലയേല്‍ക്കാനൊരുങ്ങുന്നത്. വിന്‍ഡീസിനെതിരെ നടക്കുന്ന മൂന്ന് ഏകദിനത്തിലാവും താരം ഇന്ത്യയെ നയിക്കുക.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

 

Content Highlight: Shikhar Dhawan appointed as India’ Captain for West Indies tour