|

ആ വിജയവും ശേഷമുള്ള വിരാടിന്റെ ഗന്നം സ്റ്റൈല്‍ ഡാന്‍സും ഞാന്‍ ഒരുകാലത്തും മറക്കില്ല: ശിഖര്‍ ധവാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ കരിയറില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ശിഖര്‍ ധവാന്‍. 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടവും, ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ഗന്നം സ്‌റ്റൈല്‍ ഡാന്‍സ് സെലിബ്രേഷനും തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും ധവാന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധവാന്‍.

‘ഏറെ ബുദ്ധിമുട്ടേറിയ ഒരു ടൂര്‍ണമെന്റിന് ശേഷം എന്റെ സഹതാരങ്ങള്‍ക്കൊപ്പം ആ ട്രോഫി ഉയര്‍ത്തിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഓര്‍ത്തുവെക്കും.

ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി ഇന്ത്യ

ആ വിജയത്തിന് ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ഗന്നം സ്‌റ്റൈല്‍ ഡാന്‍സും ഞാന്‍ ഒരിക്കലും മറക്കില്ല. അത് വല്ലാത്തൊരു നിമിഷമായിരുന്നു. ഞങ്ങളെല്ലാം തന്നെ ചിരിക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയുടെ ഗന്നം സ്‌റ്റൈല്‍ ഡാന്‍സ് സെലിബ്രേഷന്‍

എന്റെ കം ബാക്ക് മത്സരത്തില്‍ ഞാന്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു, വെസ്റ്റ് ഇന്‍ഡീസിനെതിരെ മറ്റൊരു സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ ഡ്രസ്സിങ് റൂമില്‍ സഹതാരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങളാണ് എല്ലായ്‌പ്പോഴും ഓര്‍മവരിക.

ആ നിമിഷങ്ങളെല്ലാം തന്നെ രസകരമായിരുന്നു. ചര്‍ച്ചകളും ടീം സ്പിരിറ്റും എല്ലാം തന്നെ സ്‌പെഷ്യലായിരുന്നു. ഞാന്‍ അവരെ വല്ലാതെ മിസ് ചെയ്യുന്നു, അവരെ എല്ലായ്‌പ്പോഴും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും,’ ധവാന്‍ പറഞ്ഞു.

പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്കാരവും റണ്‍വേട്ടക്കാരനുള്ള പുരസ്കാരവുമായി ധവാന്‍

ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്. ബെര്‍മിങ്ഹാമില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലറില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 130 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 124 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 34 പന്തില്‍ 43 റണ്‍സുമായി വിരാട് കോഹ്‌ലി ടോപ് സ്‌കോറററായപ്പോള്‍ രവീന്ദ്ര ജഡേജ 33 റണ്‍സും ശിഖര്‍ ധവാന്‍ 31 റണ്‍സും നേടി.

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 129 എന്ന നിലയില്‍ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു.

ഇംഗ്ലണ്ടിനായി രവി ബൊപ്പാര മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജെയിംസ് ട്രെഡ്വെല്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓയിന്‍ മോര്‍ഗന്റെയും (30 പന്തില്‍ 33) രവി ബൊപ്പാരയുടെയും (25 പന്തില്‍ 30) കരുത്തില്‍ ചെറുത്തുനിന്നു.

അശ്വിന്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് ഡോട്ട് ആയി മാറിയെങ്കിലും രണ്ടാം പന്തില്‍ സ്‌ക്ക്രൈിലുണ്ടായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡ് ഫോര്‍ നേടി. മൂന്നാം പന്തില്‍ സിംഗിള്‍ നേടിയ ബ്രോഡ് സ്‌ട്രൈക്ക് ട്രെഡ്വെല്ലിന് കൈമാറി.

അടുത്ത രണ്ട് പന്തിലും ഡബിളോടിയ ട്രെഡ്വെല്‍ 19.5 ഓവറില്‍ ഇംഗ്ലണ്ടിനെ 124ലെത്തിച്ചു. അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കും എന്നിരിക്കെ അശ്വിന്‍ ആ പന്ത് ഡോട്ട് ആക്കി മാറ്റി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

‘പ്ലെയർ ഓഫ് ദി ടൂർണമെന്‍റും വിന്നിങ് ക്യാപ്റ്റനും ഫെെനലിലെ താരവും’ ഒരു ഇന്ത്യന്‍ ആരാധകനും മറക്കാത്ത ഫ്രെയിം

ഫൈനലില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജ കളിയിലെ താരമായപ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്നും 90.75 ശരാശരിയില്‍ 363 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ടൂര്‍ണമെന്റിന്റെ താരവുമായി.

Content Highlight: Shikhar Dhawan about unforgettable moment

Latest Stories

Video Stories