സംസ്ഥാനത്തെ തെരുവ് നായ ശല്യം രൂക്ഷമാകവെ കേരളത്തോട് അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍. കേരളത്തിലെ തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ശിഖര്‍ ധവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു ധവാന്റെ പ്രതികരണം.
‘കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു എന്ന കാര്യം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. ഇത്തരം നടപടികള്‍ പുനപരിശോധിക്കാനും നായകളെ കൊല്ലുന്നത് അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ ധവാന്‍ ട്വീറ്റ് ചെയ്തു.
This is so horrifying that mass killing of dogs in #kerala is taking place. I would request to reconsider such moves and put an end to these brutal killings.
എന്നാല്‍ ധവാന്റെ ട്വീറ്റിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സേഫ് സോണിലിരിക്കുന്ന നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാന്‍ സാധിക്കും എന്നാല്‍ റോട്ടിലിറങ്ങി നടക്കുന്ന ആളുകളുടെ അവസ്ഥ അതല്ല എന്നും 12 വയസുള്ള ഒരു കുട്ടി തെരുവ് നായയുടെ കടിയേറ്റ് മരിച്ച കാര്യം താങ്കള്‍ അറിഞ്ഞില്ലേ എന്നെല്ലാം ധവാന്റെ ട്വീറ്റിനെതിരെ പ്രതികരണങ്ങള്‍ വരുന്നുണ്ട്.
സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവമില്ലെന്നും വെറുതെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടരുതെന്നും ആളുകള്‍ കമന്റില്‍ പറയുന്നുണ്ട്.
നേരത്തെ, ഇന്ത്യന്‍ ഉപനായകന്‍ കെ.എല്‍. രാഹുലും നായ്ക്കളെ കൊല്ലരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് രാഹുല്‍ പറഞ്ഞത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കെ.എല്‍. രാഹുല്‍ കേരളത്തിലെ തെരുവ് നായ വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി എത്തിയത്.
തെരുവ് നായ്ക്കളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘വോയ്സ് ഒഫ് സ്ട്രേ ഡോഗ്സ് – വി.ഒ.എസ്.ഡി (Voice of Stray Dogs – V.O.S.D) എന്ന സംഘടനയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ വിഷയത്തിലെ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. പോസ്റ്ററിനൊപ്പം ‘പ്ലീസ് സ്റ്റോപ്പ്’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കേരളത്തില്‍ വീണ്ടും തെരുവ് നായകളെ കൂട്ടമായി കൊല്ലാന്‍ ആരംഭിച്ചിട്ടുണ്ടെന്നും, തെരുവ് നായകളും ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നുമാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.
കേരളത്തിലെ സ്ഥിതി മോശമാണെന്നും തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്നും ആളുകള്‍ വി.ഒ.എസ്.ഡി തങ്ങളുടെ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
എന്നാല്‍ ആക്രമണകാരികളായ തെരുവ് നായ്ക്കളേക്കാള്‍ മനുഷ്യ ജീവന് പ്രാധ്യാനം നല്‍കണമെന്നും കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നില്ല എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ഇത്തരമൊരു സംഭവം ഇനിയും നടന്നിട്ടില്ലാത്തതിനാല്‍ വ്യാജമായ ആരോപണമാണ് വി.ഒ.എസ്.ഡി ഉന്നയിക്കുന്നത്. ഇക്കാര്യവും ആളുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: Shikhar Dhawan about the stray dog problems in Kerala