| Monday, 22nd November 2021, 8:02 pm

ദത്ത് നല്‍കാന്‍ ലൈസന്‍സില്ല എന്ന ആരോപണം തെറ്റ്; ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു: ഷിജുഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദത്ത് വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍. ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സമിതിക്കെതിരെയുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ശിശു ക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ല എന്ന ആരോപണം തെറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20ന് അനുവദിച്ച രജിസ്‌ട്രേഷന് 2022 ഡിസംബര്‍ വരെ കാലാവധിയുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സി.ഡബ്ല്യു.സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമതി പരിപാലിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദത്ത് വിവാദത്തില്‍ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളില്‍ ഷിജൂഖാന്‍ മറുപടി പറഞ്ഞിട്ടില്ല. ഇവരെ കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. മറിച്ച് ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്നതാണ് വിശദീകരണ കുറിപ്പ്.

ദത്ത് വിഷയത്തില്‍ ഷിജു ഖാനെതിരേ ക്രമിനല്‍ കേസെടുക്കണമെന്ന് പരാതിക്കാരി അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെതിരെ എന്തുകൊണ്ട് ക്രമിനല്‍ കേസെടുക്കുന്നില്ല?. അവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയ്ക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഷിജുഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Shijukhan, general secretary of the Child Welfare Committee, has denied allegations leveled against him in the adoption case

We use cookies to give you the best possible experience. Learn more