പ്രിയദര്‍ശന്‍ ചിത്രം മരക്കാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നിലയ്ക്കുന്നില്ല. മരക്കാറിനെ പറ്റി പ്രതികരിച്ചുകൊണ്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടന്‍ സിജു വില്‍സണ്‍ ചിത്രത്തെപ്പറ്റി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും അതിന് വന്ന ഒരു കമന്റിന് നല്‍കിയിരിക്കുന്ന മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
‘മരക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. ഡോന്റ് മിസ് ദി തിയറ്റര്‍ എക്‌സ്പീരിയന്‍സ്,’ എന്നാണ് സിജു ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു താഴെയാണ് അപ്പുക്കുട്ടന്‍ എന്ന അക്കൗണ്ടില്‍ നിന്നും ‘ആന്റണി സര്‍ ടൈപ്പ് ചെയ്തു തന്നത് ആണോ ബ്രോ,’ എന്ന് കമന്റ് വന്നത്. ഇതിനു താഴെ സിജു വില്‍സന്റെ മറുപടിയും വന്നു.
‘പുള്ളിക്കൊന്നും അതിനുള്ള നേരമില്ല അപ്പുക്കുട്ടന്‍ ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും ??
പിന്നെ എനിക്ക് ടൈപ്പിംഗ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും, തല്ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല,’ എന്നായിരുന്നു സിജു മറുപടി നല്‍കിയത്.
അതേസമയം സിജുവിന്റെ പോസ്റ്റിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
‘അപ്പോ പത്തൊമ്പതാം നൂറ്റാണ്ട് ഇതുപോലെ ഉള്ള സിനിമ ആണോ’, ‘താങ്കളിലെ പ്രേക്ഷകന്‍ ഒരു ദുരന്തമാണ് എന്ന് മനസിലായി’ എന്നൊക്കെയാണ് ചില കമന്റുകള്‍.
‘എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തിയില്ല..പക്ഷേ നിരാശപ്പെടുത്തിയില്ല’
‘ഞാനും കരുതിയത്…. പടം പോരാ എന്നായിരുന്നു…..കണ്ടാല്‍ അഭിപ്രായം മാറും….കാണാതെ അഭിപ്രായം പറയരുത് ?…നല്ല പടം’
‘പുറത്ത് നടക്കുന്ന ഡീഗ്രേഡിംഗ് പോലെ ഒരിക്കലും മരക്കാര്‍, സിനിമ എന്ന തരത്തില്‍ ഒരു പരാജയമേ അല്ല’ എന്നൊക്കെയാണ് മരക്കാറിനെ ചുറ്റിപറ്റിയുള്ള മറ്റു ചില കമന്റുകള്‍.
മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ വ്യാപകമായി നെഗറ്റീവ് റിവ്യൂകള്‍ വരുകയും സൈബര്‍ ആക്രമണങ്ങള്‍ സിനിമക്കെതിരെ ഉണ്ടാവുകയും ചെയ്തിരുന്നു. അതിനു ശേഷം സിനിക്കെതിരെ ഡീഗ്രേഡിങ് നടക്കുകയാണെന്നും മരക്കാര്‍ പറയുന്നത് പോലെ മോശം സിനിമയല്ലെന്ന വാദവും ഒരു കൂട്ടര്‍ ഉയര്‍ത്തി.
ചിത്രത്തിനെതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്കെതിരെ മോഹന്‍ലാലും രംഗത്ത് വന്നിരുന്നു. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ സിനിമക്കെതിരെ സമൂഹമാധ്യമത്തില്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.