| Friday, 16th February 2018, 1:55 pm

സി.വി. രാമനും ശാസ്ത്രത്തിന്റെ സാമൂഹികതയും

ഡോ. ഷിജു സാം വറുഗീസ്

“രാമന്‍ ഇഫക്ട്” എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നല്‍കി 1930-ല്‍ ശാസ്ത്രലോകം ആദരിച്ച പ്രതിഭയാണ് സര്‍ സി.വി.രാമന്‍. അദ്ദേഹത്തിന്റെ ശാസ്ത്ര ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഏടാണ് നമ്മള്‍ ഇവിടെ പരിശോധിക്കുന്നത്. രാമനും മാക്‌സ് ബോണും തമ്മില്‍ 1940-കളില്‍ നടന്ന ഒരു “ശാസ്ത്ര വിവാദ”മാണത്. ശാസ്ത്രീയ ജ്ഞാനോല്പാദനം മറ്റേതൊരു സാമൂഹ്യ പ്രക്രിയയും പോലെ കമ്പോടു കമ്പ് സാമൂഹിക (social) മാണ് എന്ന് മനസിലാക്കാന്‍ രാമന്റെ ഗവേഷണത്തെക്കുറിച്ച് പഠിക്കുന്നത് സഹായകരമാവും എന്നാണെന്റെ പ്രതീക്ഷ.

സംഗതി ഒരല്പം സാങ്കേതികമായതിനാല്‍ പരമാവധി ലളിതമായി, ചുരുക്കി പറയാന്‍ ശ്രമിക്കാം. ക്രിസ്റ്റലുകളുടെ (ഉപ്പ് മുതല്‍ വജ്രം വരെയുള്ള പരലുകള്‍) തന്മാത്രാഘടനയും അവയിലൂടെ കടന്നു പോകുമ്പോള്‍ പ്രകാശത്തിനു സംഭവിക്കുന്ന തരംഗ വ്യതിയാനവും രാമന്റെ പ്രധാന ഗവേഷണ വിഷയമായിരുന്നു. പരലുകള്‍ക്ക് പ്രത്യേക ആകൃതിയും, സുതാര്യതയും നിറങ്ങളും നല്‍കുന്നത് അവയുടെ ഉള്ളിലെ ആറ്റങ്ങളുടെ ക്രമീകരണത്തിലുള്ള പ്രത്യേകതയാണ്. ത്രിമാന രൂപത്തില്‍ ഒരു പ്രത്യേക ശ്രേണീക്രമത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഈ കണങ്ങള്‍ കമ്പനം ചെയ്തുകൊണ്ടാണിരിക്കുന്നത്. പ്രകാശം കടന്നു പോകുമ്പോള്‍ ഈ വിറയ്ക്കലിന്റെ ആവൃത്തി (frequency) മാറും. ആറ്റങ്ങള്‍ പ്രകാശത്തില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുമെന്നതിനാലാണിത്.

ക്രിസ്റ്റലില്‍ കൂടി കടന്ന് പുറത്തേക്ക് വരുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം തന്മൂലം അകത്തേക്ക് കടത്തിവിട്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഈ പ്രകാശത്തെ ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റില്‍ പതിപ്പിച്ചെടുത്താല്‍ കിട്ടുന്ന വര്‍ണ രാജി (spectrum) വിശകലനം ചെയ്താല്‍ പരലിന്റെ ആന്തരികഘടനയെ (lattice dynamics) കുറിച്ച് മനസിലാക്കാം.

രണ്ടു തരത്തിലാണ് പരല്‍ ഘടന പഠിക്കാന്‍ ഈ രംഗത്തെ ഗവേഷകര്‍ ശ്രമിച്ചത്. ആദ്യത്തേത് മുകളില്‍ വിവരിച്ച തരത്തില്‍ പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിലെത്തുന്ന രീതി. രണ്ടാമത്തേത് ഗണിത ഭാഷ ഉപയോഗിച്ച് പരല്‍ ഘടനയെ സംബന്ധിച്ച അമൂര്‍ത്ത സൈദ്ധാന്തിക മാതൃകകള്‍ നിര്‍ദ്ദേശിക്കുന്ന പഠനരീതി. ആദ്യമാര്‍ഗം പരീക്ഷണ ഭൗതിക ശാസ്ത്രമെന്നും (experimental physics) രണ്ടാമത്തേത് സൈദ്ധാന്തിക ഭൗതിക ശാസ്ത്രമെന്നും (theoretical physics) അറിയപ്പെടുന്നു. പഠന രീതികളും ഊന്നലുകളും അമ്പേ വ്യത്യസ്തമാണെങ്കിലും ഈ രണ്ട് മാര്‍ഗ്ഗങ്ങളും പരസ്പരം ഇണങ്ങിയും ഇടഞ്ഞുമാണ് നിലനിന്നുപോരുന്നത്.

പരലിന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടന്നത്. ലാറ്റിസ് ഘടന സംബന്ധിച്ച ഒരു പ്രധാന ഗണിത മാതൃക അവതരിപ്പിച്ചത് മാക്‌സ് ബോണ്‍ (Max Born) എന്ന ശാസ്ത്രജ്ഞനായിരുന്നു. തിയഡോര്‍ വോണ്‍ കാര്‍മന്‍ എന്ന മറ്റൊരു ഗവേഷകനോടൊപ്പം ചേര്‍ന്നാണ് 1912-ല്‍ ഈ മാതൃക ബോണ്‍ വികസിപ്പിച്ചത് എന്നതിനാല്‍ “ബോണ്‍ – കാര്‍മന്‍ മാതൃക” എന്നാണിത് അറിയപ്പെടുന്നത്.

പരല്‍ ഘടനയുടെ അടിസ്ഥാന നിര്‍മ്മാണ ഘടകം “യൂണിറ്റ് സെല്‍” എന്ന് വിളിക്കപ്പെടുന്ന, ആറ്റങ്ങളുടെ ക്രമീകരണ സംവിധാനമാണെന്നതായിരുന്നു അവരുടെ സിദ്ധാന്തം. ക്വാണ്ടം ഭൗതികമായിരുന്നു ഈ പുതിയ മാതൃകയുടെ അടിസ്ഥാനം. ഐന്‍സ്‌റ്റൈനെപ്പോലുള്ളവര്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്ന മാതൃകയില്‍ നിന്നും വഴി മാറി ചിന്തിക്കുകയാണ് ഇവര്‍ ചെയ്തത്.

മാക്‌സ് ബോണ്‍

ഈ പുതിയ സിദ്ധാന്തമനുസരിച്ച് ഒരു യൂണിറ്റ് സെല്ലിന്റെ ജ്യാമിതീയ പെരുക്കങ്ങളാണ് പരല്‍ ഘടനയുടെ ആകമാനമുള്ള സിമട്രി രൂപീകരിക്കുന്നത്. ഓരോ സെല്ലും അതിലെ ആറ്റങ്ങളുടെ പരസ്പര ബന്ധമനുസരിച്ച് നിശ്ചിത ആവൃത്തിയിലാണ് വിറകൊള്ളുന്നത്. അതായത്, മുമ്പ് സങ്കല്പിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായി, ഓരോ ക്രിസ്റ്റലും ഒരു വലിയ കൂട്ടം ആവൃത്തികളെ പുറപ്പെടുവിക്കുന്നു എന്നാണ് ബോണ്‍ – കാര്‍മന്‍ സിദ്ധാന്തം. തദ്ഫലമായി ക്രിസ്റ്റലില്‍ കമ്പനങ്ങളുടെ നിശ്ചിത ആവൃത്തികള്‍ ഇലാസ്തിക സ്വഭാവുള്ള ഒരു പദാര്‍ത്ഥത്തിലെന്ന പോലെ തിരമാലകളായി രൂപപ്പെടുന്നുവെന്ന് അവര്‍ വിശദീകരിച്ചു.

ഈ അടിസ്ഥാന സിദ്ധാന്തത്തിന് കൂടുതല്‍ ബലം പകരാനായി മാക്‌സ് ബോണ്‍ പിന്നീട് ഒരു പുതിയ ആശയം കൂട്ടിച്ചേര്‍ത്തു. യൂണിറ്റ് സെല്ലുകളുടെ ക്രമാനുകൃതമായ പെരുക്കങ്ങളിലൂടെയാണല്ലോ ക്രിസ്റ്റലിന്റെ ജ്യാമിതീയ സിമട്രി (geometrical symmetry) രൂപപ്പെടുന്നത്. പക്ഷേ ഒരു പരലിന്റെ അതിരുകളില്‍ പെരുക്കത്തിന്റെ സ്വഭാവം ജ്യാമിതീയമായ ചില സവിശേഷതകള്‍ കാരണം അല്പം വ്യത്യസ്തമായതിനാല്‍ സിമട്രിയെന്ന പ്രശ്നത്തെ മനസിലാക്കാന്‍ പരല്‍ ഘടനയുടെ “ചാക്രിക പരിധി അവസ്ഥ” (cyclical boundary condition) എന്ന ഒരു പുതിയ പരികല്പന ബോണ്‍ മുന്നോട്ടു വെച്ചു.

ഇതിന്റെ സാങ്കേതിക സങ്കീര്‍ണതകള്‍ വിശദീകരിക്കാന്‍ ഞാനിവിടെ ഒരുമ്പെടുന്നില്ല. തന്റെ മാതൃകയനുസരിച്ച് ക്രിസ്റ്റല്‍ ലാറ്റിസിലൂടെ കടന്നുപോകുന്ന പ്രകാശപുഞ്ജം ഫോട്ടോ ഗ്രാഫിക് ഫലകത്തില്‍ വീഴ്ത്തുന്ന വര്‍ണ രാജിയുടെ (Raman Spectrum) രണ്ടാം ക്രമം, മങ്ങിയും തെളിഞ്ഞുമുള്ള ആവൃത്തി അലകള്‍ ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു തുടര്‍ച്ച ആയിരിക്കും എന്ന ബോണിന്റെ സൈദ്ധാന്തിക പ്രവചനം പക്ഷേ നമ്മുടെ ചര്‍ച്ചയ്ക്ക് പ്രധാനമാണ്.

ഇനിയാണ് സി.വി. രാമന്റെ രംഗപ്രവേശം. സി.വി. രാമനും ശിഷ്യരും കല്ലുപ്പിന്റെയും വജ്രത്തിന്റെയും പരലുകളെ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ചപ്പോള്‍ (1940ലാണ് ഇത്) വര്‍ണരാജിയുടെ പൊതു പശ്ചാത്തലത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന തീവ്രതയുള്ള കുറേ വരകള്‍ ബോണ്‍ പറഞ്ഞ മാതിരിയുള്ള പാറ്റേണിനോടൊപ്പം ശ്രദ്ധിക്കുകയുണ്ടായി. ഈ വരകള്‍ മുമ്പ് മറ്റ് ഗവേഷകരും കണ്ടിട്ടുണ്ടായിരുന്നെങ്കിലും (ഉദാഹരണത്തിന് 1931-ല്‍ എന്റിക്കോ ഫെര്‍മിയും ഫ്രാങ്കോ റാസെറ്റിയും) അതുവരെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പക്ഷേ ഈ നിരീക്ഷണം ബോണിന്റെ യൂണിറ്റ് സെല്‍ ആധാരമാക്കിയുള്ള ക്രിസ്റ്റല്‍ ഘടനാസിദ്ധാന്തത്തെ തകര്‍ക്കാന്‍ കെല്‍പുള്ള ഒന്നാണ് എന്ന് രാമന്‍ തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് ഒന്നര ദശകം നീണ്ടുനിന്ന ജ്ഞാനസംഘര്‍ഷമാണ് രാമനും ബോണും തമ്മില്‍ നടന്നത്. ഇതാണ് “രാമന്‍ – ബോണ്‍ വിവാദം” എന്ന് ഭൗതിക ശാസ്ത്രത്തില്‍ അറിയപ്പെടുന്നത്.

പരല്‍ ഘടനയെ കുറിച്ച്, താന്‍ നിരീക്ഷിച്ച വരകളെ വിശദീകരിക്കുന്ന ഒരു പുത്തന്‍ ജ്യാമിതീയ മാതൃക നിര്‍ദ്ദേശിച്ചാണ് രാമന്‍ ബോണിന്റെ മാതൃകയെ വെല്ലുവിളിച്ചത്. യൂണിറ്റ് സെല്ലുകളും അയല്‍പക്ക സെല്ലുകളും തമ്മില്‍, അവയുടെ മുഖങ്ങളുടെ പരസ്പര ബന്ധത്തിലുള്ള പ്രത്യേകത കാരണം ഒരു സജീവ പാരസ്പര്യം രൂപപ്പെടുന്നുവെന്നും ഇത് ബോണ്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി കമ്പനത്തിന്റെ ആവൃത്തികളെ ഒമ്പതോളം ഇനങ്ങളിലേക്ക് ചുരുക്കുന്നുവെന്നുമായിരുന്നു രാമന്റെ സിദ്ധാന്തം. അതായത്, രാമനെ സംബന്ധിച്ചിടത്തോളം, യൂണിറ്റ് സെല്ലുകളും അയല്‍പക്ക കണങ്ങളും ഒരുമിക്കുന്ന സൂപ്പര്‍ സെല്ലുകളാണ് (ഇവ താന്‍പോരിമയുള്ളവയും പരസ്പരം പ്രതിപ്രവര്‍ത്തിക്കാത്തവയുമാണ്) പരലിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകം.

മുമ്പ് സൂചിപ്പിച്ചതുപോലെ, വര്‍ണരാജിയിലെ തീവ്ര രേഖകളായിരുന്നു രാമന്റെ സൈദ്ധാന്തിക മാതൃകയുടെ അടിസ്ഥാനം. ഒരു നിശ്ചിത എണ്ണം ആവൃത്തികള്‍ പുറപ്പെടുവിക്കുന്ന സൂപ്പര്‍ സെല്ലുകളെ മുന്‍നിര്‍ത്തിയുള്ള പരല്‍ ഘടനയാണ് രാമന്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ പിന്താങ്ങുന്ന കൂടുതല്‍ ഡേറ്റ രാമന്റെ ഗവേഷക സംഘം കണ്ടെത്തിക്കൊണ്ടേയിരുന്നു. ബോണാവട്ടെ, യൂണിറ്റ് സെല്ലിനെ അടിസ്ഥാനമാക്കിയുള്ള ഗണിത നിര്‍ദ്ദാരണങ്ങളിലൂടെയും ക്വാണ്ടം സിദ്ധാന്തപരമായ വ്യാഖ്യാനങ്ങളിലൂടെയുമാണ് തന്റെ മാതൃകയെ ഉറപ്പിക്കാന്‍ ഒരുമ്പെട്ടത്.

ഈ പ്രഗത്ഭ ഗവേഷകര്‍ തമ്മില്‍ നടന്ന വിവാദം നേച്ചര്‍ ഉള്‍പ്പടെയുള്ള പ്രശസ്ത ഗവേഷണ ജേര്‍ണലുകളിലാണ് വികസിച്ചത്. സ്വന്തം മാതൃകയെ സമര്‍ത്ഥിക്കുന്ന പുത്തന്‍ പ്രബന്ധങ്ങള്‍ രണ്ടു പേരും പ്രസിദ്ധീകരിച്ചു. ഇരുഭാഗങ്ങളിലും പിന്തുണയുമായി ശാസ്ത്ര ഗവേഷകര്‍ അണിനിരന്നു. കൂടുതല്‍ തെളിവുകളും വാദപ്രതിവാദങ്ങളും രണ്ടു വശത്തു നിന്നുമുണ്ടായി. ഭൗതിക ശാസ്ത്രലോകം നെടുകേ പിളര്‍ന്നു.

അവസാനം ഈ വിവാദത്തില്‍ ആര് വിജയിച്ചു എന്ന് ഞാന്‍ പിന്നീട് പറയാം. കാരണം, ആത്യന്തികമായി ആരു പറഞ്ഞതാണ് സത്യം എന്നുള്ള തീരുമാനത്തിലേക്കെത്താന്‍ ഗവേഷകര്‍ക്ക് പറ്റുന്നില്ല എന്നതാണല്ലോ ഇവിടെയുള്ള പ്രതിസന്ധി. വിവാദത്തിന്റെ രണ്ടു പക്ഷത്തുമുള്ളവര്‍ ഒരേ പോലെ അംഗീകരിക്കുന്ന പരീക്ഷണ രീതിയോ പരീക്ഷണ ഫലമോ സിദ്ധാന്ത നിര്‍ദ്ധാരണ മാര്‍ഗ്ഗമോ നിലവിലില്ല എന്നതാണ് ശാസ്ത്രജ്ഞരെ കുഴക്കിയത്. അതായത്, പരീക്ഷണ രീതിയും ഡേറ്റയുടെ വ്യാഖ്യാനവും ഒരേ സമയം തന്നെ തര്‍ക്ക വിഷയമായതിനാല്‍ വിവാദം എളുപ്പത്തില്‍ അവസാനിപ്പിക്കാനുള്ള വഴികളടയുന്നു. ഏത് സിദ്ധാന്തമാണ് ശരിയെന്നും “ശാസ്ത്ര സത്യ”മെന്താണെന്നും തീരുമാനിക്കാന്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു പൊതു “ശാസ്ത്രീയ രീതി”യോ “വസ്തുനിഷ്ഠത”യോ (objectivity) ഈ ഘട്ടത്തില്‍ നിലവിലില്ല എന്നു ചുരുക്കം.

രാമന്റെ സവിശേഷ അവഗാഹം പരീക്ഷണ ഭൗതിക ശാസ്ത്രത്തിലാണല്ലോ. ബോണ്‍ ആകട്ടെ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും. രാമന്‍ കണ്ട നേര്‍രേഖകളെ തന്റെ മാതൃകയ്ക്കുള്ളില്‍ നിന്ന് എങ്ങനെ വ്യാഖ്യാനിക്കുമെന്ന പ്രശ്‌നത്തിനുത്തരം ബോണ്‍ നല്കിയത് തന്റെ മാതൃക ശരിയെന്നു തെളിയിക്കാന്‍ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഡാറ്റയുടെ പിന്‍ബലമാവശ്യമില്ല എന്ന് പറഞ്ഞു കൊണ്ടാണ്. സിദ്ധാന്തത്തിന്റെ കണക്കു കൂട്ടലുകളുടെ അതിസങ്കീര്‍ണത കുറയ്ക്കാന്‍ താന്‍ നടത്തിയ ചില സാങ്കേതിക നീക്കുപോക്കുകള്‍ കാരണമാണ് തന്റെ പ്രവചനവും നിരീക്ഷിക്കപ്പെട്ട വര്‍ണ രാജിയുടെ സ്വഭാവവും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായത് എന്ന് വിശദീകരിച്ച മാക്‌സ്‌ബോണ്‍, രാമന്‍ കണ്ടെത്തിയ നേര്‍രേഖകളെ അപ്രധാനമെന്ന് തള്ളിക്കളഞ്ഞു.

രാമനാവട്ടെ, ബോണിനോ മറ്റ് ശാസ്ത്രജ്ഞര്‍ക്കോ അതുവരെ വിശദീകരിക്കാന്‍ കഴിയാതിരുന്ന ഈ തീവ്ര രേഖകളെ മുഖ്യ തെളിവായി ഉയര്‍ത്തിക്കാട്ടുകയും അലകളുടെ രൂപത്തിലുള്ള പശ്ചാത്തല സ്‌പെക്ട്രത്തെ അവഗണിക്കുകയും ചെയ്തു. രണ്ടു പേരുടെയും ശാസ്ത്രീയ വ്യാഖ്യാനങ്ങളെ അവരുടെ വ്യത്യസ്തങ്ങളായ മുന്‍ധാരണകളാണ് നിര്‍ണയിക്കുന്നത് എന്നു കാണാം. അതായത് ശാസ്ത്രത്തിന്റെ ആണിക്കല്ലെന്ന് നമ്മള്‍ വിചാരിക്കുന്ന “വസ്തുനിഷ്ഠത”യുടെ അളവുകോല്‍ വിശ്വപ്രസിദ്ധരായ ഈ രണ്ടു ശാസ്ത്രജ്ഞര്‍ക്കും ലഭ്യമല്ലായിരുന്നു!

ആഭാ സുര്‍

രണ്ടു പേരും രണ്ടിനം ശാസ്ത്രശൈലികളാണ് പിന്തുടര്‍ന്നിരുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു വശം. ക്ലാസിക്കല്‍ ഭൗതികത്തിന്റെ മാര്‍ഗ്ഗത്തില്‍, പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ശരിയെന്നുറപ്പിക്കാനുതകുന്ന വിധം പണിതെടുത്തിട്ടുള്ള ഒന്നായിരുന്നു സി.വി. രാമന്റെ ലാറ്റിസ് മാതൃക. പരീക്ഷണ ഭൗതിക ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തില്‍ നിന്നാണ് ആ സിദ്ധാന്ത മാതൃക ഉണ്ടായതുതന്നെ. ബോണ്‍ ആകട്ടെ, നിരീക്ഷിത വസ്തുതകളിലൂടെ തെളിയിക്കപ്പെടണമെന്ന് തീരെ നിര്‍ബ്ബന്ധമില്ലാത്തതും പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് തീര്‍ത്തും വഴങ്ങാത്തതുമായ ഒന്നായി, അതിസങ്കീര്‍ണ്ണമായ അമൂര്‍ത്ത ചിന്തയുടെ മൂശയിലാണ് ഗണിത ഭാഷ ഉപയോഗിച്ച് തന്റെ മാതൃക പണിതത്. അതായത്, ഒരേ ശാസ്ത്രശൈലിയായിരുന്നില്ല അവരുടേത്. ഈ ശൈലീവ്യത്യാസം വിവാദപരിഹാരത്തിന് തടസ്സമായി തുടര്‍ന്നു.

രാമന്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍ പക്ഷേ തന്റെ മാതൃകയെ പരീക്ഷണബദ്ധമായ കണ്ടെത്തല്‍ (empirical) എന്ന നിലയിലായിരുന്നില്ല അവതരിപ്പിച്ചിരുന്നത്. തന്റെ സിദ്ധാന്ത മാതൃക പരീക്ഷണങ്ങളുടെ പിന്തുണയില്ലാതെ തന്നെ നിലനില്ക്കുന്നതും ബോണിന്റേതു പോലെ തന്നെ സൈദ്ധാന്തിക ഭൗതികത്തിന്റെ രീതികള്‍ പിന്തുടരുന്നതുമാണ് എന്ന മട്ടായിരുന്നു എഴുത്തു തന്ത്രമെന്ന (literary strategy) നിലയില്‍ രാമന്‍ സ്വീകരിച്ചത്.

യഥാര്‍ത്ഥത്തില്‍ ലബോറട്ടറിയിലെ നിരന്തരമായ പരീക്ഷണങ്ങളിലുടെ രൂപീകരിച്ച ഡാറ്റയുടെ സഹായത്തോടെയാണ് രാമന്‍ സ്വന്തം മാതൃക നിര്‍മ്മിച്ചെടുത്തത്. അതായത്, ശരിക്കും നടന്ന ശാസ്ത്ര പ്രക്രിയയെ പ്രബന്ധത്തിലെത്തിയപ്പോള്‍ രാമന്‍ നേരേ തിരിച്ചിട്ടു! സൈദ്ധാന്തികമായാണ്, പരീക്ഷണാത്മകമായല്ല താന്‍ ബോണിനെ വെല്ലുവിളിക്കുന്നത് എന്നായിരുന്നു രാമന്റെ വിചാരം എന്നാണിത് സൂചിപ്പിക്കുന്നത്. ആഗോള ശാസ്ത്രലോകം ഒരു “പരീക്ഷണ വിദഗ്ധനാ”യി മാത്രം കണ്ട് തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന അദ്ദേഹത്തിന്റെ നിരന്തര ശങ്കയായിരുന്നു ഇതിന്റെ പിന്നില്‍.

ഇര്‍വിന്‍ ഷ്‌റോഡിംഗര്‍

രാമന്‍ തന്റെ സിദ്ധാന്തത്തിന്റെ പിന്തുണയ്ക്കായി ശിഷ്യരുടെ ഗവേഷണങ്ങളെയാണ് മുഖ്യമായും പ്രയോജനപ്പെടുത്തിയിരുന്നത്. ബാംഗ്ലൂരിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സ്വന്തം പരീക്ഷണശാലയില്‍ മറ്റ് വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവേഷകരെപ്പോലും പരല്‍ ഘടനാ പഠനത്തിലേക്കു തിരിയാന്‍ വിവാദം കൊടുമ്പിരികൊണ്ട കാലത്ത് രാമന്‍ നിര്‍ബന്ധിച്ചു.

പക്ഷേ, തന്റെ ഗവേഷണ പ്രസിദ്ധീകരണങ്ങളിലൊന്നും തന്നെ മറ്റ് ലാബുകളില്‍ നടന്ന പരീക്ഷണങ്ങളെയോ കണ്ടെത്തലുകളെയോ പരിശോധിക്കുകയോ തന്റെ സിദ്ധാന്തമാതൃകയുമായി തട്ടിച്ചു നോക്കുകയോ ചെയ്യാറില്ലായിരുന്നു രാമന്‍. കാരണം, തന്റെ സൈദ്ധാന്തിക മാതൃകയാണ് ശരിയെന്നായിരുന്നു അദ്ദേഹത്തിന്റെ ദൃഢവിശ്വാസം. ഈ സ്വയം നീതീകരണവും കടുംപിടിത്തവും കാര്‍ക്കശ്യവും (ഒരു പക്ഷേ തന്റെ ബ്രാഹ്മണിക സാമൂഹിക ബോധമാകാം ഇതിന്റെ ഉറവിടം) അദ്ദേഹത്തിന്റെ ഗവേഷണ ജീവിതത്തിലുടനീളം കാണാമത്രേ.

എന്നാല്‍, മാക്‌സ് ബോണ്‍ കുറേക്കൂടി നയതന്ത്രപരമായാണ് നീങ്ങിയത്. പ്രധാനപ്പെട്ട ഭൗതിക ശാസ്ത്രജ്ഞരെയെല്ലാം തന്റെയൊപ്പം കൂട്ടാന്‍ ബോണ്‍ തുനിഞ്ഞിറങ്ങി. ഉദാഹരണത്തിന്, ഇര്‍വിന്‍ ഷ്‌റോഡിംഗര്‍ (ഇങ്ങേരുടെ പൂച്ച – Schrodinger”s Cat – വായനക്കാര്‍ക്ക് പരിചയമുള്ള കക്ഷിയാണ് എന്നു കരുതട്ടെ). ബോണിന്റെ സിദ്ധാന്തത്തിന്റെ ഗണിതത്തെളിവുകള്‍ മനസിലാക്കാനുള്ള ശേഷി രാമനില്ല എന്നാണങ്ങേര്‍ ബോണിനെ പിന്തുണച്ചുകൊണ്ട് അയച്ച കത്തില്‍ പറഞ്ഞത്! ബോണിന്റെ മാതൃകയുടെ ചില ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ച കാതലീന്‍ ലോണ്‍സ്‌ഡേല്‍ എന്ന പരീക്ഷണ ഭൗതിക ശാസ്ത്ര വിദഗ്ധയോടാവട്ടെ, ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ബോണ്‍ ഗവേഷണ സഹായം അഭ്യര്‍ത്ഥിച്ചു.

ഇങ്ങനെ തന്റെ പരല്‍ ഘടനാ മാതൃകയ്ക്ക് ഓടി നടന്ന് ഗവേഷക പിന്തുണ നേടാന്‍ ശ്രമിച്ച ബോണ്‍, രാമന്റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന പ്രബന്ധങ്ങളൊന്നും തന്നെ തന്റെ ഗവേഷണ രചനകളില്‍ പരാമര്‍ശിക്കപ്പെടാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തി. എന്നു മാത്രമല്ല, രാമന്റെ ഗവേഷണത്തെക്കുറിച്ച് തന്റെ പ്രബന്ധങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതും പൂര്‍ണമായും ഒഴിവാക്കി (മുമ്പ് രണ്ടു പേരും നല്ല ചങ്ങാതിമാരായിരുന്നു കേട്ടോ. ജൂതനായിരുന്ന ബോണിന് നാസി ഭരണകാലത്ത് ജര്‍മ്മനിയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നപ്പോള്‍ ബാംഗ്ലൂരില്‍ തന്റെ സ്ഥാപനത്തില്‍ ജോലി നല്കാന്‍ രാമന്‍ ശ്രമിച്ചതാണ്). പക്ഷേ, അതേ സമയം തന്നെ രാമന്റെ വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തി തന്റെ മാതൃകയെ പരിഷ്‌കരിക്കാന്‍ ബോണ്‍ ഒതുക്കത്തില്‍ ശ്രമിക്കുകയും ചെയ്തു!

ബോണിനോടുള്ള തന്റെ സൈദ്ധാന്തിക വിയോജിപ്പിന്റെ അടിസ്ഥാനമായി രാമന്റെ ബ്രാഹ്മണിക്കല്‍ ലോകവീക്ഷണവും അതിന്റെ സൗന്ദര്യ ദര്‍ശനവും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭാ സുര്‍ രചിച്ച Dispersed Radiance എന്ന പുസ്തകം വിശദീകരിക്കുന്നു. കണങ്ങളുടെ ശ്രേണീബന്ധത്തിലൂടെ രൂപപ്പെടുന്ന സൂപ്പര്‍ സെല്ലുകളുടെ ചിട്ടയായ ജ്യാമിതീയ വിന്യാസത്തിന്റെ സമഗ്രതയായി ക്രിസ്റ്റലിനെ വിഭാവനം ചെയ്യുന്നതായിരുന്നല്ലോ രാമന്റെ മാതൃക. ക്രമരാഹിത്യവും പരസ്പര ബന്ധമില്ലായ്മയും നിറഞ്ഞ, അതിരുകളില്‍ മറ്റൊരു വ്യവസ്ഥ നിലനില്ക്കുന്ന ഒന്നായി പരല്‍ ഘടനയെ വിശദീകരിക്കാനുള്ള ബോണിന്റെ ശ്രമം രാമന്റെ ബ്രാഹ്മണിക്കല്‍ പ്രകൃതി ദര്‍ശനത്തിന് ഉള്‍ക്കൊള്ളാനായില്ല എന്നാണ് അദ്ദേഹത്തിന്റെ തന്നെ പ്രബന്ധങ്ങളിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സുര്‍ വാദിക്കുന്നത്.

സിമട്രിയുടെയും ശ്രേണീബദ്ധതയുടെയും (order) മനോഹാരിതയാണ് പ്രകൃതിയുടെ അടിസ്ഥാന ഭാവമായി തന്റെ പരീക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ രാമന്‍ ശ്രമിച്ചത്. ഈ സാംസ്‌കാരിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ക്ലാസിക്കല്‍ ഭൗതികത്തിന്റെ ജ്ഞാനപശ്ചാത്തലവും രാമനെ ഇക്കാര്യത്തില്‍ സഹായിച്ചു. ഓരോരുത്തരുടെയും കൃത്യമായ സാമൂഹിക സ്ഥാനം മേലുകീഴായി നിര്‍ണയിക്കപ്പെട്ടിരിക്കുന്ന ജാതി വ്യവസ്ഥയുടെ ശ്രേണീഘടനയെ കുറിച്ചുള്ള മതിപ്പ് രാമന്റെ ഗവേഷണങ്ങളുടെ ഗ്രാമറായി പ്രവര്‍ത്തിക്കുന്നുണ്ട്.

രാമന്റെ ലബോറട്ടറിയുടെ സംഘാടനത്തിലും ഈ സൗന്ദര്യബോധം പ്രവര്‍ത്തിക്കുന്നത് കാണാം. ക്രമരാഹിത്യമോ, അച്ചടക്കമില്ലായ്മയോ രാമന്‍ അവിടെ തരിമ്പും അനുവദിച്ചിരുന്നില്ല. ശിഷ്യരുടെ ഗവേഷണങ്ങളുടെ മേലുള്ള തന്റെ പൂര്‍ണ നിയന്ത്രണം അദ്ദേഹം സ്വേച്ഛാധിപത്യപരമായി ഉറപ്പു വരുത്തിയിരുന്നു. ശ്രേണീബന്ധത്തോടും അച്ചടക്കത്തോടുമുള്ള രാമന്റെ ഈ ജാതിപരമായ അഭിനിവേശം നോബല്‍ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തത്തിലും ക്രിസ്റ്റല്‍ ഘടനയെ കുറിച്ചുള്ള പില്‍ക്കാല സിദ്ധാന്തത്തിലും ഒരേ പോലെ പ്രതിഫലിക്കുന്നു.

ശാസ്ത്രലോകത്തില്‍ ഈ വിവാദമുയര്‍ത്തിയ പൊടിപടലങ്ങള്‍ അടങ്ങുന്നതും ബോണിന്റെ മാതൃക പൂര്‍ണമായും സ്വീകാര്യമാവുന്നതും 1962-ലാണ്. പക്ഷേ 1950-കളുടെ മധ്യത്തില്‍ തന്നെ, ബോണിന്റെ സിദ്ധാന്തത്തിന് രാമന്‍ കണ്ടെത്തിയ പ്രകാശരേഖകള്‍ ഒരു വെല്ലുവിളിയല്ല എന്ന് വ്യാഖ്യാനിക്കുന്നതില്‍ ചില ഗവേഷകര്‍ വിജയിക്കുന്നുണ്ട്. പുത്തന്‍ പരീക്ഷണോപകരണങ്ങളുടെ കടന്നു വരവും അവ നല്‍കിയ പുതിയ ഡാറ്റയും ഇതിന് പിന്നീട് പിന്‍ബലമായി.

വിവാദത്തിന്റെ ആദ്യ ഘട്ടത്തില്‍ രാമനുണ്ടായിരുന്ന പിന്തുണ സാവധാനം കുറഞ്ഞു വരുകയും ശാസ്ത്രലോകം പതിയെ ബോണിന്റെ സിദ്ധാന്തത്തെ ശരിവെച്ചു തുടങ്ങുകയും ചെയ്തു. പക്ഷേ രാമന്‍ തന്റെ മാതൃക തന്നെയാണ് ശരിയെന്ന് സമര്‍ത്ഥിക്കുന്ന പ്രബന്ധങ്ങള്‍ 1960-കളുടെ തുടക്കം വരെ പ്രസിദ്ധീകരിച്ചു കൊണ്ടേയിരുന്നു! സ്വന്തം സിദ്ധാന്ത മാതൃകയുടെ പ്രാമാണികത ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത് അംഗീകരിക്കാന്‍ രാമന്‍ കൂട്ടാക്കിയില്ല എന്നു ചുരുക്കം.

രാമന്റെ സിദ്ധാന്തത്തിന് 1950-കള്‍ക്കു ശേഷം ശാസ്ത്രലോകത്തിന്റെ പിന്തുണ ഇല്ലാതെ പോയതിന് പുറകില്‍ ശാസ്ത്രത്തിന് അക്കാലത്ത് സംഭവിച്ച ഘടനാപരമായ വികാസവും ശക്തമായ പങ്കുവഹിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സയന്‍സ് ആളും അര്‍ഥവും വില കൂടിയ പരീക്ഷണോപകരണങ്ങളും ആവശ്യമായ ഒരു ബൃഹദ്‌സംരംഭമായി മാറി. വൈജ്ഞാനികമായി പിടിച്ചു നില്‍ക്കാനാവാതെ ഇന്ത്യന്‍ ശാസ്ത്ര സമൂഹം പിന്തള്ളപ്പെട്ടുപോയ ആ സംക്രമണകാലത്തിന്റെ പ്രതിനിധികൂടി ആയിരുന്നു സര്‍ സി.വി. രാമന്‍.

ശാസ്ത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ സാമൂഹിക ബലതന്ത്രമാണ് രാമന്‍-ബോണ്‍ വിവാദം തുറന്നു കാണിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച “ശാസ്ത്രീയ രീതി” അനുസരിച്ചോ, ചില ശാസ്ത്രജ്ഞരുടെ വ്യക്തിഗതമായ ബുദ്ധി വൈഭവം മൂലമോ അല്ല ശാസ്ത്രജ്ഞാനം രൂപപ്പെടുന്നത് എന്ന് ഈ വിവാദം വെളിപ്പെടുത്തുന്നു. ശാസ്ത്രത്തിന്റെ ബുദ്ധിപരമായ തലം സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രക്രിയകള്‍, സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക മനോഭാവങ്ങള്‍, വിഭവശേഷിയുടെ പ്രത്യേകതകള്‍, പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍, ചരിത്ര സാഹചര്യങ്ങള്‍ തുടങ്ങിയവയിലൂടെയാണ് നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

അറിവിന്റെ സവിശേഷമായ ഉല്പാദന മണ്ഡലം എന്ന നിലയില്‍ ശാസ്ത്രം സാമൂഹികമാണ് എന്ന് വാദിക്കാനാണ് രാമന്‍ – ബോണ്‍ വിവാദത്തെ അവതരിപ്പിക്കുക വഴി ഞാന്‍ ശ്രമിച്ചത്. ശാസ്ത്രജ്ഞര്‍ പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കുന്നതും സിദ്ധാന്തങ്ങള്‍ മെനയുന്നതും “ശാസ്ത്രീയ രീതി” (scientific method) എന്ന ഒരു സാങ്കല്പിക മാനദണ്ഡമുപയോഗിച്ചല്ല എന്നാണ് രാമകഥ നമ്മളോടു പറയുന്നത്. സാധാരണക്കാര്‍ സമൂഹത്തില്‍ അവരവരുടെ പ്രവൃത്തി മണ്ഡലങ്ങളില്‍ എങ്ങിനെയാണോ ഇടപെടുന്നത്, അതുപോലെ തന്നെയാണ് ശാസ്ത്ര ഗവേഷകരുടെ ദൈനംദിന അറിവുല്പാദന പ്രവര്‍ത്തനങ്ങളും എന്ന് സാരം.

ശാസ്ത്രം മറ്റേതൊരു പ്രവര്‍ത്തന മണ്ഡലത്തെയും പോലെ തികച്ചും സാമൂഹികമാണ് എന്ന വിശദീകരണം “ശാസ്ത്ര വിരുദ്ധത”യായാണ് മിക്കപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ശാസ്ത്രമെന്ന സാമൂഹിക മണ്ഡലം എങ്ങിനെയാണ് ഭൗതിക ലോകത്തെ കുറിച്ചുള്ള സത്യങ്ങള്‍ രൂപപ്പെടുത്തുന്നത് എന്ന് സൂഷ്മമായി മനസിലാക്കുന്നത് ശാസ്ത്രത്തെ ജനോന്മുഖമാക്കാനാണ് സഹായിക്കുക.

അവലംബം:
Abha Sur 2011. Dispersed Radiance: Caste, Gender, and Modern Science in India. Navayana, New Delhi.

Rajinder Singh 2001. “Max Born”s Role in the Lattice Dynamics Controversy”. Centaurus, vol. 43, pp. 260-277.

(ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.)

ഡോ. ഷിജു സാം വറുഗീസ്

ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

We use cookies to give you the best possible experience. Learn more