| Wednesday, 23rd December 2020, 8:41 pm

സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച ആ ടീച്ചറല്ല, സുഗതകുമാരിയെന്ന കവിത

ഷിജു. ആര്‍

സ്വപ്നങ്ങളില്‍ പ്രണയവും സമരങ്ങളും കാല്പനിക വിശുദ്ധിയുടെ നിറവില്‍ നിന്ന കൗമാരത്തിന്റെ കവിതയായിരുന്നു സുഗതകുമാരി. അമര്‍ ചിത്രകഥകളില്‍ കരുത്തനും യുദ്ധതന്ത്രജ്ഞനുമായ നായകനായി ഉള്ളില്‍ പ്രതിഷ്ഠിച്ച കൃഷ്ണ ബിംബത്തെ കാമുകഭാവത്തില്‍ ഇളക്കി പ്രതിഷ്ഠിക്കുകയാണ് സുഗതകുമാരിയെന്ന കവിത ആദ്യം ചെയ്തത്.

‘കാടാണ് കാട്ടില്‍ കടമ്പിന്റെ കൊമ്പത്തു
കാല്‍തൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരുന്നേകാഗ്രമായതില്‍
കോലരക്കിന്‍ ചാറു ചേര്‍പ്പു കണ്ണന്‍!
കോലും കുഴലും നിലത്തുവച്ചും മയില്‍-
പ്പീലി ചായും നെറ്റി വേര്‍പ്പണിഞ്ഞും
ചാരിയിരിക്കുമാ രാധതന്‍ താമര-
ത്താരൊത്ത പാദം കരത്തിലേന്തി
ഉജ്ജ്വലിക്കുന്ന ചുവപ്പു വര്‍ണ്ണംകൊണ്ടു
ചിത്രം വരയ്ക്കുകയാണ് കണ്ണന്‍.’
(ഒരു വൃന്ദാവന രംഗം )

മോഹിപ്പിക്കുന്ന വിസ്മയ പ്രണയ ചിത്രമായി മനസ്സില്‍ കയറിയതാണന്നേ ആ രംഗം. മരക്കൊമ്പിലിരിക്കുന്ന രാധ, കോലും കുഴലും വെറും മണ്ണില്‍ വച്ച് താഴെ പടിഞ്ഞിരുന്ന് , അവരുടെ കാലില്‍ ചുവപ്പു ചായം ചാര്‍ത്തി ചിത്രം വരയ്ക്കുന്ന കണ്ണന്‍. അധികാരത്തിന്റെ രക്ഷാപുരുഷ സ്ഥാനം വെടിഞ്ഞ് വെറും മണ്ണിലിരിക്കുന്ന കാമുകനും ഉയരത്തിലിരുന്ന് തന്റെ കാലില്‍ ചിത്രം വരപ്പിക്കുന്ന നായികയും.

‘കാല്‍ക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലില്‍ ചുവപ്പു ചാര്‍ത്തുന്ന രാധ
ആ വലംതോളത്ത് ചാരിനിന്നൊപ്പമായ്
കോലക്കുഴല്‍ പഠിക്കുന്ന രാധ
കണ്ണീരണിഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ
ആമയമാറ്റുമസ്സൂര്യനെപ്പാവമീ
ഭൂമിയെപ്പോല്‍ വലംവച്ച രാധ
ഈ രാധയുള്ളില്‍ പ്രതിഷ്ഠിതയാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം!’ എന്ന തീരാത്ത പ്രണയാന്വേഷണത്തിന്റെ ഏകാന്ത വനികകളും അക്കാലത്തിന്റെ തീവ്രാനുഭവങ്ങളാണ്. ആ കവിതകള്‍ ചൊല്ലിയും ചൊല്ലിക്കേട്ടും പ്രണയിച്ചും വേദനിച്ചും കൂടി പിന്നിട്ടതാണ് കൗമാരം. സുഗതകുമാരിയെന്ന കവിതേ ,നിന്നെയും കൂടി വായിച്ചാണ് എന്റെയും തലമുറ പ്രണയിക്കാന്‍ പഠിച്ചത്.

സ്ത്രീവാദത്തിന്റെ ആശയധാരകളുടെ ഊര്‍ജ്ജത്തിലുയര്‍ന്ന അതിജീവനസ്വരം ഈ കവിതകളില്‍ കാണാനാവില്ല. പക്ഷേ ഏത് പ്രതിരോധത്തിനും അതിജീവനത്തിന്റെയും മുന്നുപാധിയാണ് നില്‍ക്കുന്നിടത്തിന്റെ പൊള്ളലുകള്‍ തിരിച്ചറിയുക എന്നത്. നിലവിലുള്ള ജീവിതം ജീവിതവ്യമല്ലെന്ന തിരിച്ചറിവ് , ഒരു വിങ്ങലായി , പുഞ്ചിരി കൊണ്ടു മറച്ചു പിടിക്കുന്ന തേങ്ങലായ് കൊണ്ടു നടക്കുന്ന കവിതയാണ് സുഗതകുമാരി. അതുകൊണ്ടാണത്

‘ പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയും. അറിയുന്നതെന്തുകൊണ്ടേന്നോ സഖീ ,
ഞാനുമിതുപോലെ , രാത്രിമഴ പോലെ ‘

എന്ന് രാത്രിമഴയുടെ തീവ്ര വിഷാദാനുഭവങ്ങളോട്തന്മയീഭവിക്കുന്നത്. പ്രകൃതിക്കുംമനുഷ്യര്‍ക്കുമേല്‍ക്കുന്ന മുറിവുകളില്‍ തപിച്ചും തന്മയീഭവിച്ചുമാണ് ആ കവിത ഉറവകളില്‍ ഉരവം കൊള്ളുന്നത്.

കണ്ണുകാണാത്ത കുഞ്ഞുങ്ങള്‍ക്കൊപ്പം അവരെ കടലു ‘കാണി’ക്കാന്‍ കൂട്ടു പോയ അനുഭവമാണ് ‘കടല്‍ കാണാന്‍ പോയവര്‍.’ തങ്ങളുടെ മറ്റ് ഇന്ദ്രിയങ്ങള്‍ കൊണ്ട് ആവോളമവര്‍ കടലിനെ അറിയുന്നു. എന്നാല്‍ കടലിന്റെ നിറവും വലിപ്പവും അവരെ അനുഭവിപ്പിക്കാനാവാതെ കുഴങ്ങുന്ന കവി

‘പറയുവതെന്ത് ?
കടലാകാശം പോലെ വലുതെന്നോ?
നിറമവയ്‌ക്കൊന്നാണെന്നോ?

വലുതെന്നാലെന്ത് ?
മിഴികള്‍ക്കറ്റം പോയ്
തൊടുവതോളം , ആ നെടും ദിങ് മണ്ഡല
പ്പെരുംവരയോളം അനന്തമായ് , പര –
ന്നിരുണ്ടു നീലിച്ചു തിളങ്ങിയോളങ്ങ
ളിളക്കിപ്പൊങ്ങിയുമമര്‍ന്നു മിന്നിയും
ചുളിഞ്ഞും മന്ദ്രമായ് മുഴങ്ങിയും പൊട്ടി
ച്ചിരിച്ചും മുന്നോട്ടു മുതിര്‍ന്നും വാങ്ങിയും
തെരുതെരെ വെള്ളത്തിരുമലരുകള്‍
വെളുക്കനെ വാരിച്ചിതറിയാഹ്ലാദി
ച്ചിരമ്പിലും മഹാ നടനമാണെന്നോ ?
കടലതാണെന്നോ ? പറവതെങ്ങനെ ?’

എന്നു സങ്കടപ്പെടുന്നു. ഇത് ആ സന്ദര്‍ഭത്തിന്റെ മാത്രം സങ്കടമല്ല. തന്റെ മനസ്സ് എത്തിച്ചേര്‍ന്ന അനുഭൂതികളുടെ തീരവും തിരയും തിരിച്ചറിയാനുള്ള ഇന്ദ്രിയ സംവേദനത്വമില്ലാത്തവര്‍ക്ക് അത് പ്രാപ്യമാക്കാനുള്ള കവിതയുടെ പിടച്ചിലാണ്. എല്ലാക്കാലത്തെയും കവിതയുടെ ധര്‍മ്മസങ്കടങ്ങളിലൊന്ന്.

‘ജനാലയ്ക്കു, ജന്മങ്ങള്‍ക്കു
പുറത്തു ഞാന്‍ വ്യഥപൂണ്ട്
കാത്തു നില്ക്കുന്നു.’ ( ഒരു സ്വപ്നം ) എന്ന വ്യഥയ്‌ക്കൊപ്പം തന്നെ

‘നിഷ്ഫലമല്ലീ ജന്മം, തോഴ
നിനക്കായ് പാടുമ്പോള്‍
നിഷ്ഫലമല്ലീ ഗാനം, നീയതു
മൂളി നടക്കുമ്പോള്‍.’ എന്ന സമാന ഹൃദയരോടുള്ള
തീര്‍പ്പില്‍ അതാശ്വാസം കൊള്ളുന്നു.

‘പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി… ‘ എന്ന് കൃതാര്‍ത്ഥയാവുകയും

‘പാഴാലീയാനന്ദത്തി-
ന്നിളവെയ്‌ലേറ്റും കൊണ്ടു
വാഴുമീ മയങ്ങുന്ന
പൊയ്കതന്‍ കിനാവെക്കാള്‍
ഊഴിതന്‍ ദുഃസ്വപ്നങ്ങള്‍ പോല്‍
പിടയും കരളോലു-
മാഴിതന്ന സ്വസ്ഥമാം
തേങ്ങലാണെനിക്കിഷ്ടം’
(ഏകാകി)

എന്ന് യഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്.

പുതിയ കാലത്തിന് അത്ര മതിപ്പു തോന്നാനിടയില്ലാത്ത ത്യാഗങ്ങളുടെ , വിനയത്തിന്റെ , ആദര്‍ശാത്മക സഹനങ്ങളുടെ , ആത്മപീഡകള്‍ കൊണ്ട് ഉദാത്തമായ കരുത്താര്‍ജ്ജിക്കുന്ന പ്രതിരോധ മാതൃകയാണല്ലോ ദേശീയ പ്രസ്ഥാനത്തിന്റെ ഗാന്ധിയന്‍ മാതൃക. ( വിനയവും വിധേയത്വവും അതിജീവന മാര്‍ഗ്ഗമല്ലെന്ന് , അതൊരു സവര്‍ണ്ണ പ്രകടനമാണെന്നും കീഴാളരുടെ വഴി അതല്ലെന്നും അക്കാലത്തേ അംബേദ്ക്കര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് പുതിയ കാലത്തിന് അത്തരം മൂല്യങ്ങളോടുള്ള വിയോജിപ്പില്‍ രാഷ്ട്രീയ ശരികളുണ്ട്. പക്ഷേ ഒരു കാലത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയ ബോദ്ധ്യങ്ങള്‍ക്ക് തെളിച്ചം നല്‍കിയ മൂല്യങ്ങളാണവ. ബോധേശ്വരന്റെ ദേശീയ പ്രസ്ഥാന ബന്ധത്തില്‍ നിന്നും താന്‍ ജീവിച്ച കാലത്തില്‍ നിന്നും സുഗതകുമാരിയെന്ന കവിത ആത്മ സമര്‍പ്പണത്തിന്റെയും ആത്മപീഡയുടെയും ഈ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നുണ്ട്. പ്രണയമുള്‍പ്പടെയുള്ള ആത്മനിഷ്ഠ വൈകാരികമണ്ഡലങ്ങളെക്കുറിച്ചെഴുതുമ്പോഴും സാമൂഹ്യകാര്യങ്ങളെക്കുറിച്ച് എഴുതുമ്പോഴും ഈ മൂല്യങ്ങളാലവ നയിക്കപ്പെടുന്നത് കാണാം.

”മദാന്ധകാരം മാറിലാ, മിഴി
തുറന്നു പൂര്‍ണ്ണത കണ്ടീലാ
അറിഞ്ഞു ഞാനെന്നുളേളാരി വെറു-
മഹന്ത, കണ്ണാമാഞ്ഞിലാ
നിറുത്തിടൊല്ലേ നിന്‍ നൃത്തം”. എന്നും

‘കുനിഞ്ഞതില്ല പത്തികള്‍ കണ്ണാ
കുലുങ്ങിയില്ലീ കരളിന്നും.’ എന്നും കാളിയ മര്‍ദ്ദനത്തില്‍ ആവശ്യപ്പെടുമ്പോള്‍ ഏറ്റുവാങ്ങുന്ന ഓരോ അടിയിലും സ്വയം നവീകരിക്കപ്പെടുമെന്ന് ധരിക്കുന്ന , ഒരു കാല്പനിക കവിമനസ്സ് കാണാം.

സുഗതകുമാരിയെന്ന ആക്ടിവിസ്റ്റ്

പ്രകൃതി ചൂഷണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അവര്‍ നിലയുറപ്പിച്ചപ്പോള്‍ ജനപക്ഷവികസനത്തെ പ്രതിരോധിക്കുന്ന വലതുപക്ഷത്തിന്റെ പ്രച്ഛന്നവേഷമെന്ന നിലയില്‍ അവര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്ന് ആ വിശേഷണം കേട്ട ഇടങ്ങളില്‍ തന്നെ അവയോട് വിയോജിച്ചിട്ടുമുണ്ട്. കേരളത്തിലെ പല വിധ വികസന പദ്ധതികളോട് എതിര്‍ത്ത് നിന്ന അവരുടെതടക്കമുള്ള ആക്ടിവിസത്തോട് പൊതുവേ യോജിപ്പാണ്. മാനസിക പ്രശ്‌നങ്ങളും പുരുഷാധികാര കുടുംബഘടനയും പുറന്തള്ളിയ സ്ത്രീകള്‍ക്ക് അഭയവും സ്വാശ്രയത്വവും പകര്‍ന്നു നല്‍കാന്‍ ഗാന്ധിയന്‍ മാതൃകയില്‍ അവര്‍ ഒരുക്കിയ അഭയകേന്ദ്രങ്ങളും മികച്ച മാതൃകകളാണ്. ടീച്ചര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ കഴിഞ്ഞ സമര സ്ഥലങ്ങള്‍ മാതൃഭാഷയ്ക്കു വേണ്ടിയുള്ളതാണ്. ടീച്ചറുടെ പിന്തുണയും സാന്നിദ്ധ്യവും പിന്തുണയും കൊണ്ട് ആ സമരാനുഭവങ്ങള്‍ ദീപ്തമായി.

ഗാന്ധിയന്‍ പ്രവൃത്തി പഥങ്ങളുടെ പരിമിതി , കാലികമായ നവീകരണത്തിനും വിമര്‍ശനാത്മക വിശകലനത്തിനും അവ വിധേയമാക്കിയില്ലെങ്കില്‍ അവ ആചാരനിഷ്ഠ പ്രകടനങ്ങളായിത്തീരുമെന്നതാണ് . അതോടെ ഗാന്ധി ഘാതകരുടെ വിദ്വേഷ രാഷ്ട്രീയത്തിന് അതിലേക്ക് ഊടുവഴികള്‍ സാദ്ധ്യമാവുമെന്നതാണ്.( അണ്ണാ ഹസാരേ ഇത്തരമൊരു ആചാരനിഷ്ഠ ഗാന്ധി പ്രകടനങ്ങളുടെ ഏറ്റവും അശ്ലീലമുഖങ്ങളിലൊന്നാണ്.)

സംഘ പരിവാര ഭീഷണികളെ നിസ്സാരവല്‍ക്കരിച്ച , പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പ്രതി കാലഹരണപ്പെട്ട സദാചാര മൂല്യങ്ങള്ളാല് ഉയര്‍ത്തിപ്പിടിച്ച സുഗതകുമാരി ടീച്ചര്‍ വ്യക്തിപരമായി തന്നെ വേദനയും നിരാശയുമാണ്. അതുകൂടി പറയാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല.

പക്ഷേ ആ ടീച്ചറല്ല , സുഗതകുമാരിയെന്ന കവിത. ആ കവിതയോടുള്ള മമതയെ , ആ കവിതകൊണ്ട് പ്രണയനിറം ചാര്‍ത്തിയ പകലുകളെ , കണ്ണീരില്‍ നനച്ച ഇരവുകളെ ചേര്‍ത്തു പിടിക്കാന്‍ ഒന്നുമൊരു തടസ്സമല്ല.

‘കിടക്കാം നിവര്‍ന്നു ഞാന്‍,
കണ്‍പൂട്ടിക്കരം നീട്ടിക്കിടക്കാം,
മടിക്കാതെ കൊള്ളിവെയ്ക്കുവിന്‍ നിങ്ങള്‍
പുകഞ്ഞു പുകഞ്ഞിതു കത്തട്ടേ,
പൊള്ളില്ലെനിക്കനങ്ങില്ലിതിനേക്കാള്‍
ചൂടറിഞ്ഞിതിജ്ജഡം
ചുകന്ന തീനാളങ്ങള്‍ മൂടട്ടേ,
സ്വയം കത്തിപ്പുകഞ്ഞോളിവള്‍ പണ്ടേ,
പുതുതായിതിലെന്തേ?’ എന്ന് നിര്‍മ്മമമായി തന്റെ മൃതിയെഴുതി ,

‘ചന്ദനം മണക്കുന്നൊരാ മാറില്‍
സങ്കടങ്ങളിറക്കി വയ്ക്കുമ്പോള്‍
ശ്യാമസുന്ദരാ! മൃത്യുവും നിന്റെ-
നാമമാണെന്നു ഞാനറിയുന്നേന്‍!’ എന്ന് മൃതിപര്യവസായിയായ രതിമോഹമെന്ന് ജീവിതം തൊട്ടറിഞ്ഞ കവിതേ ,
സഹ്യപുത്രീ…
അന്ത്യയാത്രാമൊഴി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shiju R writes about Sugathakumari

ഷിജു. ആര്‍

We use cookies to give you the best possible experience. Learn more