| Wednesday, 14th March 2018, 11:15 pm

ജനത ചോരകൊണ്ടെഴുതിയ രാഷ്ട്രീയപാഠങ്ങള്‍ ; കിസാന്‍ ലോങ്ങ് മാര്‍ച്ചിനെ കുറിച്ച്

ഷിജു. ആര്‍

ആയിരത്താണ്ടുകള്‍ ചാതുര്‍വര്‍ണ്ണ്യവും ജന്മിത്തവും നൂറ്റാണ്ടുകളായി വൈദേശിക സാമ്രാജ്യത്വവും പുതിയ കോര്‍പ്പറേറ്റ് ലോകവും ഒരേ പോലെ അത്താഴക്കഞ്ഞിയില്‍ കയ്യിട്ടുവാരി തലമുറകളായി വിശപ്പു ഭക്ഷണവും നഗ്‌നത വസ്ത്രവും ആകാശം മേല്‍ക്കൂരയമാക്കിയ ഒരു ജനത.. എന്നിട്ടും നമ്മുടെ വിശപ്പുകളെ നിറച്ചൂട്ടിയവര്‍..

“ഇന്നു ഞാന്‍ നിറച്ചുണ്ട നെല്ലരിച്ചോറിന്നുള്ളില്‍ കണ്ണുനീര്‍ കയത്തിന്റെ കയ്പുകള്‍ കലങ്ങുന്നു ” എന്ന് വി. മധുസൂദനന്‍ നായര്‍ കവിത.

ജാതിയും ഭാഷയും വേഷവും വെവ്വേറെയായിരിക്കുമ്പോഴും ഇന്ത്യന്‍ കര്‍ഷക സമൂഹത്തിന്റെ ആത്മകഥയും ജീവ ചരിത്രവും ഒറ്റ വാചകത്തിലെഴുതിയാല്‍ ഇങ്ങനെയുണ്ടാവും.

മുഖ്യധാരാചരിത്രം പടയോട്ടങ്ങളിലും കൊട്ടാരം രഹസ്യങ്ങളിലും കുതികാല്‍ വെട്ടുകളിലും അഭിരമിച്ചപ്പോഴും, ശാസനങ്ങളും സ്മാരകങ്ങളും തേടിപ്പോകുമ്പോഴും നമ്മുടെ വയലുകളില്‍ ചളിപുതഞ്ഞു ചളി നിറമായ മനുഷ്യര്‍ നട്ടു.. നനച്ചു.. വിതച്ചു.. കൊയ്തു.. പത്തായങ്ങള്‍ നിറച്ചു. അവരുടെ വിശപ്പിന്റെ ബാക്കിയില്‍ നിന്നു നാം സംസ്‌കാരത്തിന്റെ മഹാസൗധങ്ങള്‍ പണിതു…

ദുരിതങ്ങളില്‍ വീണടിയുമ്പോഴും ഐതിഹാസിക പ്രതിരോധങ്ങളുടെ ചോരയിലെഴുതിയ കഥകളും ഈ ചരിത്രത്തിന്റെ ഭാഗമാണ്. കര്‍ഷക ജനതയുടെ കലാപങ്ങള്‍ കൊണ്ട് നനഞ്ഞു ചുവന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തുച്ഛമായ വിലക്ക് കര്‍ഷകരില്‍ നിന്നും വാങ്ങിയ പരുത്തി കൂടിയ വിലയ്ക്ക് വാങ്ങി നെയ്ത തുണി അവര്‍ പറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍വാഹമില്ലാതെ, പെരുവിരല്‍ അറുത്ത് യമുനയില്‍ എറിഞ്ഞ നെയ്ത്തുകാരെക്കുറിച്ച് ആനന്ദ് എഴുതുന്നുണ്ട്, ഗോവര്‍ധന്റെ യാത്രകളില്‍.

1921ല്‍ ഖിലാഫത്തിനോടും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തോടും ചേര്‍ന്നു വികസിച്ച മലബാര്‍ കലാപം, മലപ്പുറത്തെ ആത്മാഭിമാനികളായ മാപ്പിള കര്‍ഷകര്‍ സവര്‍ണ ജന്മിത്തത്തിനെതിരെ നടന്ന നൂറ്റാണ്ടു യുദ്ധങ്ങളുടെ തുടര്‍ച്ചയാണ്

ഇറക്കുമതി ഉരുളക്കിഴങ്ങിനോട് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, വിപണിയില്‍ തോറ്റു കെട്ടടിഞ്ഞ പാടങ്ങള്‍ക്കൊപ്പം വെന്തെരിഞ്ഞ കര്‍ഷകര്‍ സമകാലിക ഇന്ത്യയുടെ മുഖചിത്രമാവേണ്ടതാണ്. ലക്ഷക്കണക്കിന് കര്‍ഷകരെ കൊന്നൊടുക്കിയ ( തീര്‍ച്ചയായും ഈ ആത്മാഹുതികളെല്ലാം സാമൂഹ്യക്കൊലകള്‍ തന്നെയാണ് ) ഒരു നിശബ്ദ യുദ്ധമായിരുന്നു നമ്മുടെ നവ ലിബറല്‍വികസനം.

ചെറുതും വലുതുമായ അണക്കെട്ടു പദ്ധതികള്‍ക്ക് വേണ്ടി സ്വതന്ത്ര ഇന്ത്യയില്‍ കുടിയൊഴിപ്പിക്കപ്പെട്ട അമ്പതു ദശലക്ഷം മനുഷ്യരെക്കുറിച്ച് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അരുന്ധതി റോയ് പറയുന്നുണ്ട്, നര്‍മദ പദ്ധതിയെകുറിച്ചുള്ള പഠനത്തില്‍. അവരുടെ പുനരധിവാസ പദ്ധതികളെക്കുറിച്ചു ഭരണകൂടം പുലര്‍ത്തുന്ന ഉദാസീനമായ മൗനം ഉദ്ധരിച്ചുകൊണ്ട് അരുന്ധതി റോയ് ഓര്‍ക്കുന്നത്, രണ്ടാം ലോക മഹായുദ്ധം കുടിയൊഴിച്ച മനുഷ്യരുടെ എണ്ണത്തേക്കാള്‍ പലമടങ്ങുവരും ഈ എണ്ണമെന്നാണ്.

അതെ, സത്യത്തില്‍ ഈ വികസനനയം ഒരു നിശ്ശബ്ദ ലോകമഹായുദ്ധമാണ്. അതു തിരിച്ചറിഞ്ഞ, ജനതയെ പഠിപ്പിച്ച രാഷ്ട്രീയത്തെയാണ് നാം “ഇടതുപക്ഷ”മെന്ന് വിളിച്ചത്. തമിഴ്‌നാട്ടിലെ പാടങ്ങളില്‍ എലികളെ ചുട്ടുതിന്നു പട്ടിണിമാറ്റിയ, ഇന്ത്യയിലെമ്പാടും ആത്മാഹുതി ചെയ്ത കര്‍ഷകലക്ഷങ്ങളുടെ പിന്‍മുറയാണ് രാജസ്ഥാനിലും ഇപ്പോള്‍ മഹാരാഷ്ട്രയിലും നടുനിവര്‍ന്നു നിന്ന് “മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്നു ” പ്രഖ്യാപിക്കുന്നത്. മനുഷ്യസ്‌നേഹികള്‍ ആ പ്രഖ്യാപനത്തില്‍ ഒരു യുഗസംക്രമത്തിന്റെ ചിറകടി കേള്‍ക്കുന്നത്.

” ഓരോ മഹായാത്രയും ഒരു ചുവടില്‍ നിന്ന് ആരംഭിക്കുന്നു” എന്നതൊരു പഴമൊഴിയാണ്. ഈ ചുവടുകള്‍ ഒരു തുടര്‍ച്ചയാണ്. പ്രത്യേക സാമ്പത്തിക മേഖലകളെന്ന നവ ലിബറലിസ്റ്റ് പറുദീസകള്‍ പണിയാന്‍ അരനൂറിലേറെ ഗ്രാമങ്ങളില്‍ നിന്ന്, ദന്തെവാഡയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ പലവിധ ചെറുത്തുനില്പുകളുടെ തുടര്‍ച്ച. വെയിലത്തു പൊള്ളുമ്പോഴും സമരോല്‌സുകമായി ഉയര്‍ന്നു നില്‍ക്കുന്ന ശിരസ്സുകള്‍ക്കും വഴികളില്‍ പൊള്ളിയടര്‍ന്ന പാദങ്ങള്‍ക്കും ലാല്‍സലാം. സി.പി.ഐ (എം) നും അഖിലേന്ത്യാ കിസാന്‍ സഭയ്ക്കും ഈ ചരിത്ര വിജയത്തില്‍ അഭിമാനിക്കാം.

ഡോ. അശോക് ധാവ്‌ളെ, ജെ പി ഗാവിത്, അജിത് നവാലെ, കിസാന്‍ ഗുജാര്‍, മലയാളി കൂടിയായ വിജുകൃഷ്ണന്‍ എന്നിവര്‍ അടക്കമുള്ള സമര നേതൃത്വം ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

കര്‍ഷക ജനതയുടെ ത്യാഗത്തോടും സമര്‍പ്പണ മനസ്സിനോടും മുംബൈയിലെ നഗരകേന്ദ്രിത മധ്യവര്‍ഗ്ഗം കാണിച്ച ഐക്യദാര്‍ഢ്യവും ശ്രദ്ധേയമാണ്. വംശീയതയും വര്‍ഗീയതയും അധോലോകവും മറവിയില്‍ ചവിട്ടിയാഴ്ത്തിയ നാവിക കലാപത്തിന്റെയും പഴയ തൊഴിലാളി സമരങ്ങളുടെയും ഗോദാവരി പരുലേക്കറുടെ നേതൃത്വത്തില്‍ നടന്ന ആദിവാസി കര്‍ഷക പ്രക്ഷോഭങ്ങളുടേയും രക്തകോശങ്ങള്‍ മുംബൈ നഗരത്തിന്റെ ധമനികളില്‍ പ്രവഹിച്ച അനുഭവമായി മാറി ആ പിന്തുണ.

രാഹുല്‍ ഗാന്ധിയടക്കം ഇന്ത്യന്‍ രാഷ്ട്രീയ / സാംസ്‌കാരിക മേഖലകളിലെ പല പ്രമുഖരില്‍ നിന്നും ഈ സമരമേറ്റുവാങ്ങിയ പിന്തുണ പലനിലകളില്‍ പ്രധാനമാണ്. തെരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി ഉണ്ടാവുന്ന താത്കാലിക ഏകോപനങ്ങള്‍ക്കപ്പുറം തെരഞ്ഞെടുപ്പുകളെത്തന്നെ പോരാട്ടമാക്കും വിധം ജീവല്‍സമരങ്ങളിലൂടെ ഉള്ളുറപ്പു നേടുന്ന ഐക്യ മുന്നണികള്‍ക്ക് മാത്രമേ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് ഭീഷണികളെ പ്രതിരോധിക്കാനാവൂ എന്ന യഥാര്‍ത്ഥ്യം ഒന്ന്.
ഒപ്പം ഫാസിസത്തിന്റെ മതാത്മക / സാംസ്‌കാരിക ഉപരിഘടനകള്‍ക്കൊപ്പം അതിന്റെ കോര്‍പ്പറേറ്റ് മൂലധനാടിത്തറ കൂടി ആക്രമിക്കപ്പെടെണ്ടതിന്റെ പ്രാധാന്യം ഈ സമരം ഉയര്‍ത്തിപിടിക്കുന്നു.

ഒരു കാര്യം കൂടി സൂചിപ്പിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. തത്വത്തില്‍ എതിര്‍ക്കുമ്പോഴും പ്രയോഗത്തില്‍ നവലിബറലിസത്തെ പുണരുന്ന ഇടതു അധികാര പര്‍വങ്ങള്‍ ഇടതുപക്ഷത്തെ മാത്രമല്ല, ഇത്തരം പ്രക്ഷോഭങ്ങളേയാകെ ആന്തരികമായി ദുര്‍ബലപ്പെടുത്തുന്നു എന്ന യഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ.
വികസന വിരോധികളെന്ന ദുഷ്പേര് മാറ്റിയെടുക്കാന്‍ നവലിബറല്‍ നയങ്ങള്‍ വാരിപുണര്‍ന്ന നന്ദിഗ്രാമും സിംഗൂരും ഒരു വാട്ടര്‍ലൂ ആയി പരിണമിച്ചതും നാം കണ്ടു. അടിസ്ഥാനപരമായി ഈ വ്യാമോഹങ്ങളില്‍ നിന്നും മുഖ്യധാരാ ഇടതുപക്ഷത്തിനു മോചനമില്ലെന്നതിന് കേരളത്തില്‍ നിന്നും ഉദാഹരണങ്ങള്‍ എത്രയെങ്കിലുമുണ്ട്.

നെല്‍വയല്‍ സംരക്ഷണം, വനാവകാശ സംരക്ഷണം, ആദിവാസി ഭൂമി പ്രശ്‌നം, തുടങ്ങി കാര്‍ഷിക, ഭൗമ രാഷ്ട്രീയം ഉയര്‍ത്തി കേരളത്തില്‍ നടക്കുന്ന സമരങ്ങളോട് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷവും അവര്‍ നേതൃത്വം നല്‍കിയ ഭരണകൂടങ്ങളും സ്വീകരിക്കുന്ന സമീപനങ്ങള്‍ പുനഃപരിശോധിക്കാന്‍ ഈ സമര വിജയം ഒരു കാരണമാവുമോ ? ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ ഉപരിപ്ലവമായി ഒതുങ്ങും. നാസിക്കില്‍ നിന്നും മുംബൈയിലേക്കു പുറപ്പെട്ട ജനതയ്ക്കും അവര്‍ നേടിയ ഐതിഹാസിക വിജയത്തിനും ഭരണകൂടത്തോട് മാത്രമല്ല, തങ്ങളില്‍ പെട്ട ചിലരോടും ചിലതു പറയാനുണ്ട്.

ഷിജു. ആര്‍

We use cookies to give you the best possible experience. Learn more