തെയ്യച്ചുവപ്പും ചെങ്കൊടിച്ചുവപ്പും കൈകോര്‍ത്തു നിന്ന് പരസ്പരം പോര്‍വീര്യമേറ്റിയതാണ് കണ്ണൂരിന്റെ സാംസ്‌കാരിക ചരിത്രം. രണ്ടും രണ്ടായിരുന്നില്ല ഈ നാട്ടകങ്ങള്‍ക്ക്. രണ്ടിനും പേരുകേട്ട കരിവള്ളൂരില്‍ നിന്നാണ് ഈ ചിത്രം.
ഊരുവിലക്കിന്റെയും ജാതിഭ്രഷ്ടിന്റെയും നാട്ടുക്കൂട്ട വിചാരണകള്‍ക്ക് മുന്നില്‍ തല നിവര്‍ത്തി നിന്ന് ‘പോയി പണി നോക്കിനെടാ’ എന്നൊരു മനുഷ്യന്‍ പറയുന്നത്. ചന്ദ്രഗിരിപ്പുഴയുടെ തെക്കും വളപട്ടണം പുഴയുടെ വടക്കുമായി കൊണ്ടാടപ്പെടുന്ന പ്രാചീനമായ ആരാധനോത്സവമാണ് പൂരക്കളി.
അറിവും ആരാധനയും വിനോദവും കായികാഭ്യാസവും സംഗീതവുമടക്കം സര്‍വ്വകലകളുടെയും സമഞ്ജസ സംഗമസ്ഥാനം. അതിലെല്ലാമുപരി സവര്‍ണ പ്രത്യയശാസ്ത്രം വിദ്യയും വിജ്ഞാനവും നിഷേധിച്ച അവര്‍ണരുടെ സമാന്തരമായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനം കൂടിയാണത്. സംഘകാലത്തോളം പഴക്കമുള്ള ഒരു പാരമ്പര്യത്തിന്റെ അര്‍ത്ഥവത്തായ കൈമാറ്റം.
തീയരും മണിയാണിമാരുമടക്കമുള്ള അവര്‍ണ സമുദായങ്ങള്‍ നടത്തിവരുന്ന പൂരക്കളിയുടെ പ്രധാന ചടങ്ങാണ് മറുത്തുകളി. തത്വചിന്തയും വേദാന്തവുമെല്ലാം ചേര്‍ന്ന സംവാദമാണത്. അതിന്റെ പണിക്കര്‍ സ്ഥാനത്തുള്ള ശ്രീ വിനോദ് പണിക്കരെ സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നത്രേ. മകന്‍ ഒരു ഇതരമതസ്ഥയെ വിവാഹം കഴിച്ചു എന്നതാണത്രേ കാരണം.
ഒരേസമയം ദുരന്തവും ഫലിതവുമായാണ് ഈ വാര്‍ത്ത വായിച്ചത്. കേരളത്തിന്റെ പുരോഗമനപരതയും കരിവള്ളൂരടക്കമുള്ള വടക്കന്‍ കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും അകമേ അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളും ദൗര്‍ബല്യങ്ങളും കൂടിയാണത് വെളിവാക്കുന്നത്.
ഒരു കാലത്ത് വിദ്യയും വഴിയും വീടു വെക്കാന്‍ ഒരു തുണ്ട് മണ്ണും നിഷേധിച്ച ഒരു സമുദായ ഘടനയും ചരിത്രവും എത്ര പെട്ടന്നാണ് മറവിയുടെ ആഴങ്ങളില്‍ മാഞ്ഞു പോവുന്നത്!
ദുരഭിമാനഹുങ്കായി അവര്‍ണ സമുദായങ്ങള്‍ പോലും ഈ അപര വിദ്വേഷത്തിന്റെ വക്താക്കളാവുന്നത്!
പൂരക്കളി പോലെ ഒരു അവര്‍ണകല അതിന്റെ വിമോചനാത്മക പാരമ്പര്യം കുത്തിക്കെടുത്തി അനുഷ്ഠാനവും കേവലാചാരവുമായി നിറം കെട്ടുപോവുന്നത്!