| Sunday, 16th January 2022, 2:30 pm

ദത്ത് വിഷയത്തില്‍ ഷിജു ഖാന്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ല: ആനവൂര്‍ നാഗപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ചെയര്‍മാനായ എം. ഷിജു ഖാന്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

ഓരോ സമ്മേളനത്തിലും പുതിയ ആളുകളെ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് നാഗപ്പന്‍ പറഞ്ഞു. സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇ്ക്കാര്യം പറഞ്ഞത്.

തിരുവനന്തപുരത്ത് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമീപകാലത്ത് അരങ്ങേറിയെങ്കിലും ഷിജു ഖാനെ ഇക്കുറി സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഷിജു ഖാനെ കൂടാതെ വേറെയും കാര്യമായ യുവപ്രാതിനിധ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയായ എസ്.പി.ദീപകും ഇത്തവണ ജില്ലാ കമ്മിറ്റിയില്‍ എത്തിയിട്ടുണ്ട്.

ശിശുക്ഷേമസമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ദീപകിനെ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് തിരുത്തല്‍ നടപടികളുടെ ഭാഗമായി ദീപകിനെ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയിലേക്ക് കൊണ്ടു വന്നിരുന്നു.

അതേസമയം, മുന്‍ എം.പിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സമ്പത്ത് സംഘടനാ രംഗത്ത് നിര്‍ജീവമാണ് എന്ന വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്.

ആനാവൂര്‍ നാഗപ്പനെ മൂന്നാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ട്. പാറശാലയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ആനാവൂരിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവില്‍ ആനാവൂര്‍ നാഗപ്പന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Shiju Khan not found guilty in Dutt case: Anavur Nagappan

We use cookies to give you the best possible experience. Learn more