മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം എന്തിന് ? ഷിജു ദിവ്യ സംസാരിക്കുന്നു
ഷഫീഖ് താമരശ്ശേരി

കേരളത്തിന്റെ ഭരണവും വിദ്യഭ്യാസവും നീതിന്യായവ്യവസ്ഥയും വികസനപ്രവര്‍ത്തനങ്ങളുമെല്ലാം മാതൃഭാഷാധിഷ്ഠിതമാകണമെന്ന അഭിലാഷത്തിന്, ആഗ്രഹത്തിന് ഏതാണ്ട് ഐക്യകേരളത്തിന്റെ തന്നെയും പഴക്കമുണ്ട്. 1969 ലാണ് ഭരണഭാഷ മലയാളമായിക്കൊണ്ടുള്ള നിയമമുണ്ടാകുന്നത്. പക്ഷെ നാളിതുവരൊയയും നാം ആ ലക്ഷ്യപ്രാപ്തിയുടെ ഏറ്റവും പ്രാഥമികമായ ഘട്ടങ്ങള്‍പോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഈയൊരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് പത്ത്-മുപ്പത് വര്‍ഷക്കാലമായി വിവിധ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ ഉന്നയിക്കുന്ന ഈ ആശയങ്ങള്‍ ഒരു ബഹുജനപ്രസ്ഥാനത്തിന്റെ നിലയിലെത്തും വിധം 2009 ല്‍ മലയാള ഐക്യവേദി എന്ന സംഘടന രൂപീകരിക്കുകയും മലയാള സമിതി, മലയാള സംരക്ഷണ വേദി എന്നീ സംഘടനകളുമായി ചേര്‍ന്ന് കൊണ്ട് ഐക്യമലയാള പ്രസ്ഥാനം എന്ന ബഹുജനപ്രസ്ഥാനം ഉണ്ടാകുകയും ചെയ്യുന്നത്. അങ്ങനെയാണ് അത് ഈ പറഞ്ഞ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ദൈനംദിനമായ പ്രചരണപരിപാടികളിലും പ്രക്ഷോഭ പരിപാടികളിലും ഭരണാധികാരികള്‍ക്ക് മുന്‍പില്‍ പല വിധത്തിലുള്ള നിര്‍ദ്ദേശങ്ങളും സമ്മര്‍ദ്ദങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഐക്യമലയാള പ്രസ്ഥാനം ഒരു സമരത്തിലാണുള്ളത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് അടക്കമുള്ള ബിരുദതലം തൊട്ട് മേലോട്ട് അടിസ്ഥാന യോഗ്യതയായിട്ടുള്ള മുഴുവന്‍ പി.എസ്.സി പരീക്ഷകളിലേയും ചോദ്യങ്ങള്‍ മാതൃഭാഷയായ മലയാളത്തിലും അതുപോലെ തന്നെ ന്യൂനപക്ഷ ഭാഷകളായി നമ്മുടെ സംസ്ഥാനം അംഗീകരിച്ചിട്ടുള്ള തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചോദ്യപേപ്പര്‍ നല്‍കികൊണ്ട് നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്.

ഇംഗ്ലീഷില്‍ ചോദ്യങ്ങളാവശ്യമുള്ളവര്‍ക്ക് ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ നല്‍കട്ടെ. പക്ഷെ മഹാഭൂരിപക്ഷം വരുന്ന മാതൃഭാഷ മാധ്യമ വിദ്യാലയങ്ങളില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ പരീക്ഷയില്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളോട് മത്സരിക്കാവുന്ന വിധത്തില്‍ അവരുടെ മാതൃഭാഷയില്‍ ചോദ്യങ്ങള്‍ ലഭിക്കണമെന്ന ഏറ്റവും ന്യായമായ ആവശ്യമാണ് ഈ സമരത്തിലുള്ളത്.

നമുക്കറിയാം കേരളത്തിലെ പ്രബലമായ അധികാരത്തിലും പ്രതിപക്ഷത്തിലുമിരിക്കുന്ന രണ്ട് മുന്നണികളുടേയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മാതൃഭാഷാ വികസനം സംബന്ധിച്ച് സുവ്യക്തമായ നിലപാടുണ്ട്. കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന എല്‍.ഡി.എഫായാലും പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫായാലും അവരുടെ തെരഞ്ഞെടുപ്പ് പത്രികയിലുള്‍പ്പടെ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള, മാതൃഭാഷയ്ക്കനുകൂലമായ അവരുടെ നിലപാടുകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

മലയാളം സര്‍വകലാശാല സാധ്യമായതും ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് കൈവന്നതും കഴിഞ്ഞ ഭരണകാലത്താണെങ്കില്‍ മലയാളം ഒന്നാം ഭാഷയാക്കികൊണ്ടുള്ള ഉത്തരവുണ്ടാകുന്നത് അതുപോലെ തന്നെ മാതൃഭാഷാ മാധ്യമവിദ്യാലയങ്ങളുടേയും ഭരണഭാഷ എന്നുള്ള നിലയില്‍ മലയാളത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയുള്ള സുവ്യക്തനടപടികള്‍ ഈ സര്‍ക്കാരും പ്രഖ്യാപിക്കുകയുണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ നിശ്ചയങ്ങളില്‍ നിന്ന് വ്യത്യസ്തമായി പി.എസ്.സിയെന്ന അധികാരകേന്ദ്രം, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ഈ ഏജന്‍സി അവരുടെ ഒരു സ്വയം നിര്‍ണായധികാരം ഉപയോഗിച്ചുകൊണ്ട് ഈ ആവശ്യത്തിനെതിരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന അതിന് മുന്‍പില്‍ വാതില്‍ കൊട്ടിയടക്കുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

നിരന്തരമായി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും സൂചനാസമരങ്ങള്‍ നടത്തുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടൊന്നും ഫലമുണ്ടാകാതായ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്ന് പറയുന്ന കേരളത്തിന്റെ സിവില്‍ സര്‍വീസിന്റെ തന്നെ മുഖച്ഛായ മാറ്റിത്തീര്‍ക്കുന്ന ഒരു പരീക്ഷ ആരംഭിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ അതിന് നോട്ടിഫിക്കേഷന്‍ തയ്യാറാക്കുന്നതിന് മുന്‍പായി ഈ കാര്യത്തിലൊരു തീരുമാനം ഉണ്ടാകണം എന്നൊരു ലക്ഷ്യത്തിലാണ് ഐക്യമലയാള പ്രസ്ഥാനം ഇങ്ങനെയൊരു സമരവുമായി മുന്നോട്ടുപോകുന്നത്.

നമുക്കറിയാം എല്ലാ വികസിത രാഷ്ട്രങ്ങളും അവരുടെ വിദ്യാഭ്യാസമാകട്ടെ വികസിതപ്രവര്‍ത്തനങ്ങളാവട്ടെ നീതിന്യായ വ്യവസ്ഥയാവട്ടെ അതാത് ഇടങ്ങളിലെ മാതൃഭാഷയിലാണ് നടത്തിക്കൊണ്ടുപോകുന്നത്. ഇംഗ്ലണ്ടിലാണെങ്കില്‍ ഇംഗ്ലീഷ് അതുപോലെ തന്നെ സ്‌കോട്ട്‌ലാന്റില്‍ സ്‌കോട്ടീഷ് അയര്‍ലണ്ടില്‍ ഐറീഷ് എന്ന് മാത്രമല്ല അതോടൊപ്പമുള്ള വെയ്ല്‍സ് റിപ്പബ്ലികിലെ വെല്‍ഷ് ഭാഷയില്‍ അവിടത്തെ കോടതിയും ഉന്നതവിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളും നടക്കുന്നത്.

ജപ്പാനിലതങ്ങനെയാണ്, ചൈനയിലതങ്ങനെയാണ്. നേരെ മറിച്ച് വികസന കുതിപ്പില്‍ വളരെ പിറകോട്ട് പോയിക്കൊണ്ടിരിക്കുന്ന മൂന്നാം ലോകരാജ്യങ്ങളാണ് അന്യാഭാഷാശ്രിതമായ ഭരണവും വിദ്യാഭ്യാസവും വികസനപ്രവര്‍ത്തനങ്ങളുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും കാണാവുന്നതാണ്. അതുകൊണ്ട് പുതിയ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജനാധിപത്യ മുദ്രാവാക്യമാണ് മാതൃഭാഷയിലൂടെയുള്ള വികസനവും വിദ്യാഭ്യാസവും ഭരണവും നടക്കണം എന്നുള്ളത്.

നമ്മുടേത് ഒരു ജനാധിപത്യസമൂഹമാണ് എന്നാണ് പറയുന്നത്. അതാതിടങ്ങളിലെ മാതൃഭാഷയിലാണ് നമ്മുടെ രാഷ്ട്രീയനേതാക്കള്‍ വോട്ടുചോദിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നത്. പക്ഷെ നമ്മുടെ ഭരണനിര്‍വഹണം മാത്രമാകട്ടെ ജനസാമാന്യത്തിന് പിടികിട്ടാത്ത ഒരു ഭാഷയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. കേരളം 100 ശതമാനം സാക്ഷരതയുള്ള ഒരു ദേശമാണ് എന്ന് നാം അഭിമാനിക്കുന്നത് മലയാളത്തിന്റെ പേരിലാണ്.

പക്ഷെ ഒരു പൗരന് തന്നെ ബാധിക്കുന്ന നിയമനിര്‍മ്മാണത്തിലോ, തന്നെ ബാധിക്കുന്ന ഭരണ-നയസമീപനത്തിലോ, തന്നെ ഭരിക്കാന്‍ വേണ്ടി താന്‍ നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് പരിപാലിക്കുന്ന ബ്യൂറോക്രസിയിലേക്കോ ചെന്നെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ കേരളം ഒരു സാക്ഷരസമൂഹമാണ് എന്ന് പറയുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്തേക്കാള്‍ വലിയ മാതൃഭാഷാ വിരുദ്ധതയാണ് നമ്മുടെ ബ്യൂറോക്രസി പലപ്പോഴും പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്.

കണിശമായും കര്‍ശനമായും നമ്മുടെ ഭരണാധികാരികള്‍ മാതൃഭാഷാപരിപാലനം സംബന്ധിക്കുന്ന കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും നമ്മുടെ ബ്യൂറോക്രസി എന്തുകൊണ്ടോ ഇപ്പോഴും അന്യഭാഷാശ്രിതമായിതന്നെ തുടരുകയാണ്.

ഇതിന്റെ തുടര്‍ച്ചയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഇപ്പോഴും അല്ലെങ്കില്‍ ബിരുദം അടിസ്ഥാനയോഗ്യതയായിട്ടുള്ളെല്ലാം തന്നെ ഇപ്പോഴും മറ്റൊരു ഭാഷയില്‍ തന്നെ നടത്തുന്ന ഒരു ഗതികേട് കേരളത്തിനുള്ളത്. ഇതിന് മുന്‍പ് ഇതുപോലെ ഒരു അനിശ്ചിതകാല നിരാഹാരത്തിലേക്ക് ഐക്യമലയാള പ്രസ്ഥാനം പോകുകയുണ്ടായി. അത് മലയാളം ഒന്നാംഭാഷയാക്കി കൊണ്ടുള്ള ഉത്തരവിന് വേണ്ടിയായിരുന്നു. ഇന്ന് സമഗ്ര മാതൃഭാഷാനിയമം നിയമസഭ പാസാക്കി കഴിഞ്ഞു.

പക്ഷെ പ്രായോഗികതലത്തില്‍ ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍ ഒന്നാം ഭാഷയായി മലയാളം മാറിയിട്ടില്ല. അതിന് ഏറ്റവും പ്രധാന തടസമായി നില്‍ക്കുന്ന ഒരു കാര്യം മലയാളത്തില്‍ പഠിച്ച കുട്ടികള്‍ക്ക് ഉന്നത തൊഴില്‍ സാധ്യതകള്‍ക്ക് അല്ലെങ്കില്‍ തൊഴില്‍ പരീക്ഷകള്‍ക്ക് മാതൃഭാഷ മാധ്യമമായി നടക്കുന്നില്ല എന്നത് തന്നെയാണ്. അതുകൊണ്ട് കേരള പി.എസ്.സിയുടെ പരീക്ഷകള്‍ മലയാളമാധ്യമമായി അല്ലെങ്കില്‍ മാതൃഭാഷാ മാധ്യമമായി നടക്കണം എന്ന് തന്നെയാണ്.

എപ്പോഴും ഈ ഒരു ആവശ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കാറുള്ളത് ന്യൂനപക്ഷ ഭാഷകളുടെ പേര് പറഞ്ഞുകൊണ്ടാണ്. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഐക്യമലയാള പ്രസ്ഥാനം പറയുന്നത് ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളായ ജില്ലകളില്‍ ന്യൂനപക്ഷ ഭാഷാ സമൂഹങ്ങളുടെ ഭാഗമായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ന്യൂനപക്ഷഭാഷകളില്‍ തന്നെ ഈ പരീക്ഷ നടത്തുന്നതിനാവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യണമെന്നാണ്.

അല്ലാതെ കേവലമായ മലയാളത്തിന് വേണ്ടിയോ മലയാളത്തിന്റെ ആധിപത്യത്തെ മറ്റേതെങ്കിലും ഭാഷയില്‍ അടിച്ചേല്‍പ്പിക്കുന്നതിനോ വേണ്ടിയല്ല. തികച്ചും ജനാധിപത്യപരമാം വിധം മാതൃഭാഷാ എന്ന താല്‍പ്പര്യത്തില്‍ നിന്നുകൊണ്ടാണ് മലയാളം എന്നതിനേക്കാള്‍ ഈ ആശയം ഉന്നയിക്കുന്നത് എന്നുള്ള കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലെ ന്യൂനപക്ഷ ഭാഷാ അംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പി.എസ്.സി വഴി തൊഴിലില്‍ പ്രവേശിച്ചാല്‍ ഇപ്പോള്‍ തന്നെ അവര്‍ അടിസ്ഥാന മലയാളം യോഗ്യതയായിട്ടുള്ള ഒരു പരീക്ഷ പാസാകേണ്ടതുണ്ട്. നിലവില്‍ അതിന് ഒരു തടസവും ആക്ഷേപവും ആരും ഉന്നയിച്ചിട്ടില്ല. സര്‍വീസില്‍ കയറി പത്ത് വര്‍ഷത്തിനിടയില്‍ അവര്‍ ആ പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മതി. അതുകൊണ്ട് ഭാഷാ ന്യൂനപക്ഷത്തില്‍പ്പെട്ട ആളുകള്‍ക്ക് മലയാളം പഠിക്കാനുള്ള പ്രയാസം കൊണ്ടല്ല ഈ ഉത്തരവിനെ ആളുകള്‍ എതിര്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

അതിന്റെ മറപിടിച്ചുകൊണ്ട് തദ്ദേശീയരായ മലയാളി വംശജര്‍ തന്നെയായ എന്നാല്‍ മലയാള മാധ്യമ വിദ്യാലയങ്ങളിലോ മലയാളം ഒരു ഭാഷയായി പോലും പഠിക്കണം എന്ന് താല്‍പ്പര്യമില്ലാതിരുന്ന ഒരു ഉപരിവര്‍ഗത്തിന്റെ, ഉപരി-മധ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടുകളാണ് വാസ്തവത്തില്‍ ഇതിന്റെ പിറകിലുള്ളത്. ഇംഗ്ലീഷ് മീഡിയം ലോബിയുടെ സമ്മര്‍ദ്ദമാണ് ഇതിന്റെ പിറകിലുള്ളത് എന്ന് കാണാന്‍ സാധിക്കും.

കഴിഞ്ഞ 10 വര്‍ഷക്കാലമായി വിശാലമായ അര്‍ത്ഥത്തില്‍ ജീവിതത്തിന്റെ സമഗ്ര മണ്ഡലങ്ങളേയും മുന്‍നിര്‍ത്തി മാതൃഭാഷാ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഐക്യമലയാള പ്രസ്ഥാനവും മലയാള ഐക്യവേദിയും. പക്ഷെ ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സമരതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യാറുള്ളത്. ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ പ്രാഥമികമായ ഉത്തരവ് വന്നുകഴിഞ്ഞു. ആ ഉത്തരവിനകത്ത് ഈ പരീക്ഷയുടെ മാധ്യമത്തെ സംബന്ധിച്ച് ഒന്നും പറയുന്നില്ല.

പക്ഷെ ബിരുദമാണ് അടിസ്ഥാനയോഗ്യത എന്ന് പറയുന്നത് കൊണ്ടും നിലവിലുള്ള ബിരുദം അടിസ്ഥാന യോഗ്യതയാക്കിയുള്ള പരീക്ഷകള്‍, പി.എസ്.സി ഇംഗ്ലീഷ് മാധ്യമമായാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് കൊണ്ടും അത് തിരുത്താന്‍ പി.എസ്.സി ഒരുക്കമല്ല എന്നുള്ളതുകൊണ്ടുമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയും ഇംഗ്ലീഷ് മാധ്യമമായി തന്നെ നടക്കാനാണ് സാധ്യത എന്നാണ് യുക്തി ഉപയോഗിച്ച് നാം മനസിലാക്കുന്നത്.

സ്വാഭാവികമായും ഇത് സംബന്ധിച്ച് ഭരണാധികാരികള്‍ക്കും പി.എസ്.സി നേതൃത്വത്തിനും എല്ലാം തന്നെ നല്‍കിയിട്ടുള്ള നിവേദനങ്ങള്‍ക്കോ പരാതികള്‍ക്കോ യാതൊരു തരത്തിലുള്ള മറുപടിയും ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടില്ല. രാഷ്ട്രീയനേതൃത്വങ്ങള്‍ പ്രത്യേകിച്ച് ഭരണ-പ്രതിപക്ഷ നേതൃത്വങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറയുന്നുണ്ടെങ്കില്‍ തന്നെയും പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള നടപടി അതിന്റെ മേല്‍ ഉണ്ടാകുന്നില്ല.

നോട്ടിഫിക്കേഷനുകളിറങ്ങി കഴിഞ്ഞാല്‍ പ്രായോഗികമായി അത് പിന്നീട് തിരുത്തുക എന്ന് പറയുന്നത് ഏറെ സാങ്കേതികമായ കടമ്പകളുള്ള ഒരു കാര്യമാണ്. അതുകൊണ്ട് തന്നെയാണ് വളരെ അടിയന്തരമായി ചെയ്യേണ്ട ഒരു സാഹചര്യമാണുള്ളത്. എടുത്തുചാടി ഒരു നിരാഹാരത്തിലേക്ക് പോവുകായായിരുന്നില്ല. മറിച്ച് നിരന്തരമായി ഏതാണ്ട് ഒരു ആറോ ഏഴോ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ, കഴിഞ്ഞ നവംബര്‍ ഒന്നാം തിയതി തന്നെ ഒരുദിവസത്തെ ഒരു ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തുകയുണ്ടായി.

അതിനെ തുടര്‍ന്ന് നിരന്തരമായി നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ആകെ ഒരു അഭിപ്രായം സ്വരൂപിച്ചുകൊണ്ട് അത് സമര്‍പ്പിക്കുകയുണ്ടായി. അതിനൊന്നും തന്നെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടാകാത്ത ഘട്ടത്തിലാണ് ഇങ്ങനെയൊരു അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടുന്ന ഒരു അവസ്ഥയുണ്ടായത്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍