കത്തുകയാണ് ദില്ലി. തെരുവില്‍ ചോര പടരുന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു.
ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘര്‍ഷമെന്നും വിളിക്കും.
‘ദില്ലിയില്‍ സംഘര്‍ഷമെന്നോ ‘ ‘കലാപ’മെന്നോ അച്ചുനിരത്തി ദേശീയ പത്രാധിപന്മാര്‍ അല്ലലേതുമില്ലാതെ ഉറങ്ങിത്തുടങ്ങിയിട്ടുണ്ടാവും. ഒരു ചുല്യാറ്റും ഒന്നും തിരുത്തില്ല.
‘ഞാനിതാ ഈ ചോരയെച്ചൊല്ലി ജീവന്‍ വെടിയു’മെന്ന് പറയാന്‍, പ്രാര്‍ത്ഥന കൊണ്ടെങ്കിലും ഒപ്പം നില്‍ക്കാന്‍ നമുക്കിന്ന് ഒരു ഗാന്ധിയില്ല.
ഈ നിസ്സഹായതയും അനാഥത്വവും മറികടക്കേണ്ടതുണ്ട്.
ശ്രീ. കെജരിവാള്‍
ഇത് നിങ്ങള്‍ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്..
തെരുവിലിറങ്ങൂ സുഹൃത്തേ ,
രാഹുല്‍ / പ്രിയങ്ക
നിങ്ങളുടെ പേരിലും പാരമ്പര്യത്തിലും ഇനിയും മിടിപ്പു നിലയ്ക്കാത്തൊരു പ്രതീക്ഷയുണ്ട്.
സീതാറാം
രാജസ്ഥാനത്തെ , മഹാരാഷ്ട്രത്തെ ചെങ്കടലാക്കിയ നിങ്ങളുടെ യൗവ്വനങ്ങളെ ദില്ലിയിലേക്കു വിളിക്കൂ.
ചന്ദ്രശേഖര്‍ / ജിഗ്‌നേഷ് / കനയ്യ
നിങ്ങളുടെ വിളി കേള്‍ക്കുന്ന ഗ്രാമങ്ങളാല്‍ ദില്ലിയെ വലയം ചെയ്യൂ.
വേട്ടക്കാര്‍ക്കും ഇരകള്‍ക്കുമിടയില്‍ നിസ്സംഗതയും നിശ്ശബ്ദതയും പരോക്ഷമായ വേട്ട തന്നെയാണ്.
പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നുവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്.
നിങ്ങളുടെ വാക്കുകളുടെ ചുടലയില്‍ നിങ്ങള്‍ തന്നെ പട്ടു പോവും