| Thursday, 30th March 2017, 6:43 pm

ഒരു ജിപ്‌സി, ഒരു കുട്ടി, ഒരു ബദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിയാത്മകമായ ഊര്‍ജം ഉള്ളില്‍ നിറച്ച ബഹുമുഖ വ്യക്തിത്വമായിരുന്നു ബാബുഭരദ്വാജ്. എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ ജോയിന്റ്‌സെക്രട്ടറി, എഞ്ചിനീയര്‍,സിനിമാ നിര്‍മാതാവ്, സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ നോവലിസ്റ്റ്, കഥാകൃത്ത്, കവി, പ്രവാസ ജീവിതത്തെ രാഷ്ട്രീയമായി മലയാളത്തിലെഴുതിയ ഏക എഴുത്തുകാരന്‍. മാധ്യമപ്രവര്‍ത്തകന്‍, മലയാളത്തിലെ നിരവധി ദൃശ്യമാധ്യമ സംരംഭങ്ങളുടെ തുടക്കക്കാരന്‍, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത രാഷ്ട്രീയ വിമതന്‍. അങ്ങനെ നിരവധി വിശേഷണങ്ങള്‍ കൊണ്ട് പൂരിപ്പിക്കാം ബാബു ഭരദ്വാജിന്റെ ജീവിതത്തെ.

കേരളത്തിന്റെ ധൈഷണിക മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അന്തരിച്ച ബാബുഭരദ്വാജിനെ അനുസ്മരിക്കുകയാണ് എഴുത്തുകാരനും അടുത്ത സുഹൃത്തുമായ ലേഖകന്‍.

“തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങിതേ
തീക്കായ വേണമെനിക്കുമെന്ന്” -കൃഷ്ണഗാഥയില്‍ ചെറുശ്ശേരി
ഒരു ദിവസം കൊടുങ്ങല്ലൂരില്‍ ഞങ്ങളുടെ പൊതു സുഹൃത്ത് കെ.എം. ഗഫൂറിന്റെ പുതിയ വീട്ടില്‍ ഒത്തുകൂടിയപ്പോള്‍ പെട്ടെന്ന് ബാബു ഭരദ്വാജ് എന്നോട് ചോദിച്ചു:
നിങ്ങള്‍ പൊയ്ത്തുംകടവിലെവിടെയാണ്?
ഞാന്‍ ചിരിച്ചു. അത് കണ്ണൂരിലെ ഒരു ഉള്‍ഗ്രാമമാണ്. എങ്ങനെ പറഞ്ഞാലറിയും?
ഇസ്മയില്‍ എന്ന ആളിന്റെ ഹോട്ടലറിയുമോ?
ഞാന്‍ സീറ്റില്‍നിന്ന് ചാടിയെണീറ്റുപോയി.
എങ്ങനെ അറിയും. ഞാനവിടെ കിച്ചണില്‍ ജോലിക്കാരനായിരുന്നു.
അപ്പോഴാണ് അടിയന്തരാവസ്ഥക്കാലത്ത് അഴീക്കല്‍ ഹാര്‍ബറില്‍ എഞ്ചിനിയറായി താനുണ്ടായിരുന്നു എന്നും അവിടെ നിന്ന് രണ്ടര കിലോമീറ്റര്‍ നടന്ന് എന്നും നോണ്‍വെജ് ഭക്ഷണത്തില്‍ പ്രസിദ്ധമായ ആ സ്ഥാപനത്തില്‍ വരാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പൊയ്ത്തുംകടവ്, മൂന്നുനിരത്ത്, അഴീക്കല്‍, അഴീക്കോട് ഗ്രാമങ്ങളിലെ സവിശേഷ വ്യക്തിത്വമുള്ള നാട്ടുകഥാപാത്രങ്ങളുടെ ഓരോരുത്തരുടെ പേരും അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത് അമ്പരപ്പോടെ ഞാന്‍ കേട്ടുനിന്നു. പറഞ്ഞുപറഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു.

ഒരാള്‍ എഞ്ചിനിയറായി ബീഫ് ബിരിയാണി കഴിക്കാനെത്തുന്നു. മറ്റേ ആള്‍ കിച്ചണില്‍നിന്ന് അത് വിളമ്പിക്കൊടുത്തിരിക്കുന്നു. ഒരിക്കലും പരസ്പരം കണ്ടിട്ടില്ല!

കാലത്തിന്റെ വിചിത്രസഞ്ചാരങ്ങള്‍ പലതു കഴിഞ്ഞ് ഒരിക്കല്‍പോലും അതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് മനുഷ്യര്‍ മറ്റേതോ സ്ഥലത്തുനിന്ന് ദശാബ്ദങ്ങള്‍ക്കുശേഷം തിരിച്ചറിയുന്നു. തിരിച്ചു വായിക്കുന്നു. ബാബുവേട്ടനുമായി കൂടിയിരിക്കുന്നത് അത് രണ്ടാമത്തെ തവണ. പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാനുണ്ടാക്കിയ ഫിഷറീസ് ഹാര്‍ബറും പരിസരവും കാണണം. നിങ്ങള്‍ നാട്ടിലുള്ള ദിവസം പറയൂ. നമുക്കൊരു പകല്‍ ചുറ്റിയടിക്കണം.

പലവുരുമാറ്റിവെച്ച ആ യാത്ര ഒരു ദിവസം സംഭവിച്ചു. ബാബുവേട്ടന് ആ ദേശം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ ഒരു ഓട്ടോറിക്ഷ ഞാനേര്‍പ്പാടാക്കി. ഒരു ക്യാമറയുമായി ഞാനും.

എന്റെ നാട്ടിന്‍പുറത്തെ ഓരോ മുക്കും മൂലയിലും അദ്ദേഹമെത്തി. അപ്പോഴേക്കും അദ്ദേഹത്തെ തിരിച്ചറിഞ്ഞ പഴയ പരിചയക്കാര് ഓടിയെത്തി ഊഷ്മളമായി കൈപിടച്ചു. അവര്‍ക്ക് എഞ്ചിനിയര്‍ ബാബുസാറായിരുന്നു അത്. കണ്ടിട്ടെത്ര വര്‍ഷങ്ങളായി! ബാബു ഭരദ്വാജ് എന്ന എഴുത്തുകാരനെപ്പോലെ ഇത്രയേറെ വൈവിധ്യ സ്ഥലങ്ങളിലും പരിസരങ്ങളിലും മനുഷ്യക്കൂട്ടായ്മയിലും ജീവിച്ച ഒരെഴുത്തുകാരനെ കണ്ടിട്ടില്ല.

ഇടയ്ക്ക് ഓട്ടോറിക്ഷ മൂന്നുനിരത്തുനിന്ന് അഴീക്കലേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വായനശാലയ്ക്കരില്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു: ഈ വായനശാലയില്‍ സ. പി. കൃഷ്ണപിള്ള ബെഞ്ചില്‍ കിടന്നുറങ്ങിയിരുന്നു. അറിയാത്ത ചരിത്രത്തിന്റെ അനേകം കഷണങ്ങള്‍ എനിക്കെടുത്തു തന്നു, ബാബുവേട്ടന്‍. നോക്കൂ, ഈ കലാസമിതി അടിയന്തരാവസ്ഥക്കാലത്ത് പൂട്ടി സീല്‍ വെച്ചിരുന്നു. കോണ്‍ഗ്രസ് പ്രമാണിമാര്‍ ഇവിടെ ഏറെയായിരുന്നു.

പിന്നെയും ആ ഓട്ടോറിക്ഷ ഓരോ സ്ഥലത്തും നിര്‍ത്തപ്പെട്ടു. ഓര്‍മകളുടെ നീണ്ട മൗനം. പിന്നെ സ്മണകളുടെ പങ്കുവെക്കല്‍. ആ ഇരുനില കെട്ടിടം ചൂണ്ടിപ്പറഞ്ഞു: ഇതായിരുന്നു ഞങ്ങളുടെ ഓഫീസ്. അഴീക്കല്‍ ഹാര്‍ബറിലെ പഴയ എഞ്ചിനിയര്‍ ചിരിച്ചു. അദ്ദേഹം എന്നിട്ട് ആ കഥ പറഞ്ഞു:

സൗകര്യങ്ങള്‍ വളരെ കുറഞ്ഞ ഇടം. മുറിയില്‍ കട്ടില്‍പോലുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതാവും പ്രമാണിയുമായ ഒരാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്നോട് വലിയ ലോഹ്യത്തിലായിരുന്നു. ഈ വന്ന ആള്‍ അഖിലേന്ത്യാ എസ്.എഫ്.ഐയുടെ, ചെമപ്പന്‍ വിപ്ലവ പാര്‍ട്ടിയുടെ, ബദ്ധവിരോധപാര്‍ട്ടിയിലെ അദ്യത്തെ വൈസ് പ്രസിഡന്റാണെന്ന് ആരറിഞ്ഞു!

എന്തായാലും പ്രമാണിയുടെ വക കട്ടില്‍, മൂന്നുനേരം ഒന്നാന്തരം ശാപ്പാട് വീട്ടില്‍ നിന്ന്. അലക്കിത്തരും വസ്ത്രങ്ങള്‍. മകള്‍ക്കു വരനായി കിട്ടാനുള്ള ഉദ്ദേശ്യമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്! താന്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ കട്ടിലും കിടക്കയുമൊക്കെ എടുത്തു കൊണ്ടു പോയ്ക്കളഞ്ഞു, പ്രമാണി! ബാബുവേട്ടന്‍ ചിരിച്ചു ചിരിച്ചു ചുമയിലവസാനിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം തകരാറായിക്കഴിഞ്ഞിരുന്നു. ഓരോ പൊട്ടിച്ചിരിയും ചുമയിലവസാനിച്ചു.

പിന്നെയെന്തുണ്ടായി?

ഒന്നുമില്ല. അടിയന്താരവസ്ഥയാണ്. ഓഫീസിന്റെ ചുമരില്‍ ആരോ രാത്രി അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രവാക്യമെഴുതി. അതു ഞാനാണെന്നു പറഞ്ഞുണ്ടാക്കി, പക തീര്‍ത്തു. “അറസ്റ്റു ചെയ്യപ്പെട്ടു” എന്നു തോന്നിയ സന്ദര്‍ഭത്തിലാണ് സൗദി അറേബ്യയിലെ ദമാമിലേക്ക് സുഹൃത്തും എഞ്ചിനിയറിങ് കോളേജില്‍ ഒന്നിച്ചു പഠിച്ചയാളും പാര്‍ട്ടി സഹയാത്രികനുമായ അഹമ്മദ് നല്‍കിയ വിസയില്‍ നാടുവിടുന്നത്.

അടിയന്തരാവസ്ഥക്കാലത്ത്, ചിന്തിക്കുന്ന വിദ്യാസമ്പന്നരായ എത്രയോ ചെറുപ്പക്കാര്‍ ഇങ്ങനെ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. അതൊന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയകാരണങ്ങളാല്‍ പ്രവാസപ്പെട്ട അനേകം ചെറുപ്പക്കാര്‍ക്കിടയില്‍ ബാബു ഭരദ്വാജും.

സൗദി അത്ര എളുപ്പമുള്ള സ്ഥലമല്ല. ഒരേസമയം വന്യമായ സൗന്ദര്യവും ആഴത്തിലുള്ള മനുഷ്യസ്നേഹവും അതേസമയം കര്‍ക്കശമായ നിയമവുമുള്ള സ്ഥലം. ഗള്‍ഫ് മരുഭൂമിയെപ്പറ്റി ബാബു ഭരദ്വാജ് എഴുതിയ കുറിപ്പുകളാണ് യഥാര്‍ഥത്തില്‍ ആദ്യത്തെ ഗള്‍ഫ് സാഹിത്യം എന്നുപറയാം. ഗള്‍ഫിനെ അന്നാദ്യമായി പുതുതായി വായിക്കപ്പെട്ടു.

ബാബുവേട്ടനില്‍ എന്നും മെരുങ്ങാത്ത ഒരു മനുഷ്യനുണ്ടായിരുന്നു. ബദുസ്വഭാവമെന്നൊക്കെ വിളിക്കാവുന്ന ഒന്ന്. ഒന്നിനെയും കൂസാത്ത ഒരാള്‍ എന്തിനെയും മൗലികമായി സമീപിക്കാനിഷ്ടപ്പെടുന്ന ആള്‍. അതിന്റെ അനായാസമായ വെളിച്ചമാണ് “പ്രവാസിയുടെ കുറിപ്പുകള്‍”. സാഹിത്യത്തില്‍ അങ്ങനെയൊരു ശാഖ പിറക്കുകയായിരുന്നു. അതുവരെ മലയാളിയുടെ ഗള്‍ഫെഴുത്ത് നാടിന്റെ ഓര്‍മയും നൊസ്റ്റാള്‍ജിയയും അതിന്റെ നിലവിളിയുമായിരുന്നു. ബാബു ഭരദ്വാജ് സാഹിത്യത്തില്‍ മറ്റൊന്ന് തുടങ്ങിവെച്ചു. വന്യമായ സൗന്ദര്യമുള്ള ഒരു സാഹിത്യശാഖ.

ഭരദ്വാജ് എന്നും അങ്ങനെയായിരുന്നു. എപ്പോഴും തുടങ്ങിവെച്ചിട്ട് അത് പ്രവര്‍ത്തനമാരംഭിച്ചു എന്നു തോന്നുമ്പോഴേക്കും അവിടെനിന്നു പോകും. വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിവെച്ചു. ഹാര്‍ബര്‍ തുടങ്ങിവെച്ചു, കൈരളി ചാനല്‍ തുടങ്ങിവെച്ചു, മീഡിയാവണ്‍ തുടങ്ങിവെച്ചു, ഏറ്റവുമൊടുവില്‍ ഡൂള്‍ ന്യൂസ് തുടങ്ങി (അവസാനകാലംവരെ അദ്ദേഹമുണ്ടായിരുന്നു).

എല്ലാ സംരംഭത്തിന്റെയും ആദ്യ അമരക്കാരില്‍ ഒരാള്‍. പിന്നെ പിന്തിരിഞ്ഞു നടക്കുന്ന ആള്‍. ഇടപെടുമ്പോള്‍ ഈ മനുഷ്യന്‍ എന്നെ പലവിധത്തില്‍ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എപ്പോഴാണ് ഭരദ്വാജില്‍നിന്ന് ഒരദ്ഭുതമുണ്ടാവുക എന്ന് നമുക്കു പറയാനാവില്ല. ഒരു ജിപ്സിയുണ്ട് ഇയാളില്‍ എന്നുതോന്നും. ഒരു കുട്ടിയുണ്ട്, യാതൊരു സാഹചര്യത്തിലും രാഷ്ട്രീയബോധം കൈവിടാത്ത അരാജകവാദിയുണ്ട്, കുസൃതിയുണ്ട്, ദയാവായ്പുണ്ട്, നിസ്സംഗതയുണ്ട്, കൊതിയുണ്ട്, സ്വപ്നങ്ങളുണ്ട്. നൂറുശതമാനം സര്‍ഗാത്മകമായ മാനസിക വ്യാപാരം അദ്ദേഹത്തിനുള്ളില്‍ എന്നുമുണ്ടായിരുന്നു.

ഒന്ന് “കണ്ടും അറിഞ്ഞും” നിന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യമനുസരിച്ച് മന്ത്രിയോ എം.എല്‍.എയോ ആയിരിക്കേണ്ട ആളായിരുന്നു ബാബു ഭരദ്വാജ്. പക്ഷേ, അതു സംഭവിച്ചില്ല. എന്താണു കാരണം, ഉത്തരം ലളിതം ഒരു****** ശേഷം അത്ര സര്‍ഗാത്മകമായ ഒരാളെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ആവശ്യമില്ല. അവിടെ ദാസ്യതയുടെ അച്ചടക്കം അതിന്റെ ഒന്നാം നിയമം. മെരുങ്ങാത്ത ഈ മൃഗത്തിന് അതൊന്നും വിധിക്കാതെ പോയത്, അഥവാ രക്ഷപ്പെട്ടുപോയത് ഇങ്ങനെ. കൃഷ്ണപിള്ള ഉറങ്ങിയ വായനശാല നോക്കി നെടുവീര്‍പ്പിട്ട് കണ്ണീര്‍ നിറഞ്ഞ ദുഃഖച്ഛായ ആര്‍ക്കുവേണം.

രാഷ്ട്രീയത്തില്‍ കൃഷ്ണപിള്ളയാവും അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തി. എഴുത്തില്‍ ഒ.വി. വിജയനും. വിജയനുമായി പലപാട് സാദൃശ്യമുണ്ട് അദ്ദേഹത്തിന് (അനുകരണമില്ലതാനും). മനുഷ്യര്‍ മാത്രമല്ല അദ്ദേഹമെഴുതുന്നതില്‍ പൂച്ചകള്‍, പല്ലികള്‍, തിമിംഗിലം, കോഴി, മീന്‍കൊത്തി, പാമ്പ്, പട്ടികള്‍ ഇങ്ങനെ തിര്യക്കുകളുടെ എഴുത്തുകാരനുമാണദ്ദേഹം.

പൂച്ചയായാലും പല്ലിയായാലും സൂക്ഷ്മാര്‍ഥത്തില്‍ അതൊക്കെ രാഷ്ട്രീയ ജീവികളുമാണ് ചിലപ്പോള്‍ അത് ഓര്‍മിപ്പിക്കലുമാണ്. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗപൂര്‍ണമായ ഒരു കാലഘട്ടത്തെ ആഖ്യാനംചെയ്യുന്ന നോവലായിത്തീര്‍ന്നത് യാദൃച്ഛികമല്ല. എല്ലാം കണ്ടെത്തിക്കഴിഞ്ഞ മണ്ടശിരോമണിയായ എഴുത്തുകാരനല്ല അദ്ദേഹം. ചെറിയ ഉറുമ്പുകള്‍പോലും അദ്ദേഹത്തെ പഠിപ്പിച്ചും (കഥയാഴം പംക്തി) തോറ്റ വിപ്ലവകാരിയാവാനാണ് അദ്ദേഹത്തിനിഷ്ടം.

പരാജയപ്പെട്ട സിനിമാ നിര്‍മാതാവായിപ്പോലും മാറി അതിനായി (ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ സംവിധാനം: രവീന്ദ്രന്‍) അദ്ദേഹം. ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങളുടെ ഭംഗവും മങ്ങലും അദ്ദേഹത്തിന്റെതുകൂടിയാണ്. താനെഴുതുന്ന നോവലിലായാലും പണമിറക്കിയ സിനിമയിലായാലും. ഒടുവില്‍ തോറ്റ പ്രവാസിയുമായി!

ഗള്‍ഫില്‍ തൊഴിലാളി പീഡനങ്ങള്‍ക്കെതിരെ ഇടപെട്ട ആ യുവ എഞ്ചിനിയറെ ജയിലില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് ഡീപോര്‍ട്ടുചെയ്യുമ്പോള്‍ ദേഹമാസകലം ചങ്ങലയിട്ടിരുന്നു. അടിയന്തരാവസ്ഥയുടെ അറസ്റ്റ് ഒഴിവാക്കാനായി പോയ ഒരാള്‍ ഒഴിവാക്കാനാവാത്ത മറ്റൊരു അറസ്റ്റുമായി തിരിച്ചുവന്നിരിക്കുന്നു!

ഒതുങ്ങാം എന്ന് വിചാരിക്കും ഭരദ്വാജ്. പക്ഷേ, പറഞ്ഞുപറഞ്ഞു വരുമ്പോള്‍ പറഞ്ഞുപോകും. ഇതാണ് ബാബു ഭരദ്വാജ്. ആത്മസത്തയില്‍നിന്ന് അദ്ദേഹത്തിന്റെ ഒരു കഥാപാത്രവും ഒളിച്ചോടിപ്പോകാതിരുന്നത് വെറുതെയല്ല. സൗദിയായാലും ഗുജറാത്തിലെ ബോധാന്‍ ആയാലും കണ്ണൂരിലെ കുടുക്കിമൊട്ടയായാലും ബാബു ബരദ്വാജിന് സ്ഥലജലഭ്രമമില്ല. എല്ലാം ഒന്ന്!

“”എനിക്കെപ്പോഴുമുള്ള ആശങ്ക ഏതാണ് എന്റെ നാട് എന്നതാണ്.”” ബാബു ഭരദ്വാജ് ഒരഭിമുഖത്തില്‍ പറഞ്ഞു. പറഞ്ഞുവരുമ്പോള്‍ കേരളത്തിലെ എല്ലാ സ്‌കൂളിലുമുണ്ട് ഭരദ്വാജ്. എല്ലാ സ്ഥാപനത്തിലുമുണ്ട്. മേഖലയിലുമുണ്ട്. ഫിക്ഷനില്‍ ഈ എഴുത്തുകാരന്‍ യാഥാര്‍ഥ്യത്തെ മുഖാമുഖം കണ്ടു. “”ചരിത്രം യാഥാര്‍ഥ്യത്തിന്റെ വെളിപ്പെടുത്തലല്ല. സംഭവങ്ങള്‍ സൃഷ്ടിക്കുന്ന വിഭ്രാന്തിയുടെ പൊളിച്ചെഴുത്താണ്. ഓര്‍ക്കാന്‍ കഴിയുന്നതുകൊണ്ടല്ല ചരിത്രമുണ്ടാകുന്നത്. സ്വപ്നം കാണാന്‍ കഴിയുന്നതുകൊണ്ടാണ്”” ബാബുവേട്ടന്‍ ഒരിടത്ത് ഇങ്ങനെ എഴുതിയതോര്‍ക്കുന്നു.

ബാബു ഭരദ്വാജിന്റെ എഴുത്തിലോ ചിന്തയിലോ വരണ്ട താത്ത്വിക വിചാരങ്ങള്‍ കാണാനേ കഴിയില്ല. അന്വേഷണങ്ങള്‍ അവസാനിപ്പിച്ച വിധിതീര്‍പ്പുകളുമില്ല. ഉറപ്പുള്ള വിചാരങ്ങളുടെ നട്ടെല്ലും സ്വപ്നം കാണുന്ന കണ്ണും ആ ജീവിതത്തോടൊപ്പം സഞ്ചരിച്ചു. കാല്പനികനായിരുന്നു എന്നു തോന്നും. പക്ഷേ, അത് നിലയുറപ്പിച്ചത് മനുഷ്യവാസകേന്ദ്രത്തിലായിരുന്നു. ബാബുവേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന് ഇതാണ്:

“”കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബേയെനിക്കേകിയ മലര്‍മുത്ത്
കല്‍ബിന്റെ കണ്ണേ ഉറങ്ങുറങ്ങ്…””

സുനില്‍സലാമിനെ കാണുമ്പോഴൊക്കെ ഈ പാട്ട് പാടിക്കും. സ്വപ്നം കാണുകയും സ്വയം പരാജയപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവര്‍ ഈ ലോകത്തിന്റെ മധുര ഗാനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നു. അത്തരം പാട്ടുകള്‍ തീരുന്നില്ല.

കടപ്പാട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌

We use cookies to give you the best possible experience. Learn more