പി.സി. ജോര്‍ജിനെപ്പോലുള്ള ‘നേതാവ് വേഷങ്ങള്‍’ വെള്ളം കലക്കി മീന്‍ പിടിക്കുന്ന തിന്മയുടെ ദുര്‍മേദസ്സാര്‍ന്ന രൂപമാണ് എന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ നമ്മള്‍ സ്വയം ആലോചിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമുക്കൊക്കെ നല്ല വിദ്യാഭ്യാസമുണ്ട്. ഒരാള്‍ ഡിഗ്രി പോലും പാസായിട്ടില്ല എന്ന് കേട്ടാല്‍ നമുക്കയാളോട് സഹതാപം തോന്നും. കാരണം, വിദ്യാഭ്യാസത്തിന്റെ അഞ്ച്കളിയാണ് കേരളത്തില്‍. എന്നിട്ടും ഇതൊക്കെ സംഭവിക്കുന്നു.
പത്ത് വരെയെങ്കിലും നാം ശാസ്ത്ര വിദ്യാഭ്യാസത്തിലേര്‍പ്പെടുന്നുമുണ്ട്. ഇതിന്റെ എന്തെങ്കിലും ശാസ്ത്രബോധാത്മകമായ ഗുണം എവിടെയെങ്കിലും കാര്യമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം. നമ്മുടെ വര്‍ഗീയ വിഷസഞ്ചി നമ്മളറിയാതെ നിറഞ്ഞു വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണ്. നാം ശാസ്ത്രം പഠിക്കുകയും അന്ധവിശ്വാസങ്ങളെ കൊണ്ടുനടക്കുകയും ചെയ്യുന്ന തന്‍ കാര്യക്കാരായ വിചിത്രജീവികളാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് പരീക്ഷ പാസാവാന്‍ അമ്പലങ്ങളില്‍ കിടന്നുരുളുകയും പള്ളികളില്‍ നേര്‍ച്ച നേരുകയും ചെയ്യുന്ന വിചിത്ര ജീവി! എന്‍ട്രന്‍സ് റിസല്‍ട്ട് വരുമ്പോള്‍, നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു കുട്ടിയെ മേല്‍ റാങ്ക് പട്ടികയില്‍ നിന്ന് താഴെയിട്ട് എന്റെ മോനെ/ എന്റെ മോളെ മുന്നില്‍ വരുത്തണേ ഭഗവാനേ, റബ്ബേ, ഈശോയേ എന്നാണ് രക്ഷിതാക്കളുടെ പ്രാര്‍ത്ഥനയില്‍ ഒളിഞ്ഞിരിക്കുന്ന സാരാംശം!
നാം വിദ്യാഭ്യാസത്തില്‍ വിജയിക്കുന്നത് വിദ്യാഭ്യാസത്തെത്തന്നെ തോല്പിച്ചിട്ടാണെന്ന് സൂക്ഷിച്ച് പരിശോധിക്കുന്ന ആര്‍ക്കും കാണാം. നാം ഈ സമൂഹത്തില്‍ ആരോടെങ്കിലും കടുത്ത വഞ്ചന ചെയ്ത് കൊണ്ടിരിക്കുന്നുവെങ്കില്‍ അത് നമ്മുടെ വിദ്യാഭ്യാസത്തോട് തന്നെയാണ്. ശാസ്ത്രമായാലും മാനവിക വിഷയമായാലും എങ്ങനെ യുക്തിസഹജമായി ജീവിക്കണം എന്നാണ് സത്യത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അതെ, ഓരോ വ്യക്തിയുടെ തലച്ചോറിലും അധിവസിക്കുന്ന സ്വന്തമായി ചിന്തിക്കാനുള്ള യുക്തിബോധത്തെ ഉണര്‍ത്തുന്ന പണി തന്നെയാണ് വിദ്യാഭ്യാസം. എന്നാല്‍ നാം സ്വന്തമായി ചിന്തിക്കാനോ, യുക്തിയുടെ മനസ്സോടെ ഒരിക്കലെങ്കിലും ആള്‍ക്കുട്ടഭീകരത ഉല്പാദിപ്പിക്കുന്ന കെട്ടുകഥകളെ ഉള്ളറിഞ്ഞ് പരിശോധിക്കാനോ തൊട്ടു നോക്കാനോ നില്ക്കാതെ ബിരുദത്തിലും ബിരുദാനന്തരത്തിലും ഡോക്ടറേറ്റിലും എത്തി വിഹരിക്കുന്നു! ഒന്ന് കൂടി അടിവരയിട്ട് പറയട്ടെ, യുക്തിയെ ഒരിടത്തും അഭിമുഖീകരിക്കാതെ തന്നെ!
നാല് വോട്ടിന്റെ ഭയത്താല്‍ രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും പത്രങ്ങളും ചാനലുകളും സകല അന്ധവിശ്വാസകേന്ദ്രങ്ങളിലും അവന്റെ വാര്‍ഷികാഘോഷങ്ങളിലും വിശേഷാല്‍ ദിവസങ്ങളിലും കയറിയിറങ്ങുകയും മതമേലാള വേഷങ്ങളെയും ആള്‍ക്കൂട്ട ദൈവങ്ങളെയും തൊഴുതു മടങ്ങുകയും മുത്തി മണപ്പിക്കുകയും ചെയ്യുന്നു. ഈ മതപ്രഭുക്കളെ പടിക്ക് പുറത്തിരുത്തിയ ഒരേയൊരു ദേശീയതല ഭരണാധികാരിയേ എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. അത് ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ്. മരിക്കും വരെ ഈയിനത്തിലെ ഒരുത്തനെയും അദ്ദേഹം ഏഴയലത്ത് അടുപ്പിച്ചിട്ടില്ല.
ആദ്യം നാം ദേവാലയങ്ങളില്‍ നിന്ന് ആത്മീയതയെ പുറത്താക്കി, ഇപ്പോള്‍ ദൈവത്തെയും പുറത്താക്കിക്കൊണ്ടിരിക്കുന്നു. ആദ്യം നാം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാഷ്ട്രീയതയെ പുറത്താക്കി, ഇപ്പോഴിതാ, മനുഷ്യനെയും പുറത്താക്കിക്കൊണ്ടിരിക്കുന്നു. എന്തിനാണതെന്ന് ചോദിച്ചാല്‍, നാല് വോട്ടിന്, സ്ഥാനമാനങ്ങള്‍ക്ക്.
നാം മദ്യക്കുപ്പികളിലും, സിഗരറ്റ് കൂട്ടിലും എഴുതിയിടുന്ന നിയമപരമായ മുന്നറിയിപ്പ് പോലെ അധികാരക്കസേരയിലും ഇങ്ങനെ രേഖപ്പെടുത്തി വെക്കണം: ”സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അധികാരം ഒരു മയക്കുമരുന്നാണ്. അധികാരം കിട്ടാതെ പോയാല്‍ അക്രമവാസനയിലേക്കും രോഗത്തിലേക്കും അത് നയിച്ചേക്കും’
കുറേ വര്‍ഷങ്ങളായി അധികാരം എന്ന മയക്കുമരുന്നടിച്ചു കിറുങ്ങിയ ശ്രീ. പി.സി. ജോര്‍ജ് അത് കിട്ടാതെ വരുമ്പോള്‍ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുകയും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇത് കാണുമ്പോള്‍ കുറച്ചൊക്കെ സഹാനുഭൂതിയോടെ അദ്ദേഹത്തെ നാം വീക്ഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്.
പി.സി.ജോര്‍ജിനെ നാം അക്രമോത്സുകമായല്ല നേരിടേണ്ടത് . ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന തെറികളെല്ലാം ഈ പോസ്റ്റ് ട്രൂത്ത് കാലത്ത് ജോര്‍ജിന്റെ കാല്പാദത്തില്‍ പൂക്കളായി വന്നു വീഴുകയാണ് ചെയ്യുന്നതെന്ന് കൂട്ടത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ. പോസ്റ്റ് ട്രൂത്തിന് ഏറ്റവും നല്ല ഉദാഹരണം സന്തോഷ് പണ്ഡിറ്റാണെന്ന് തോന്നുന്നു.
നാം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ കഠിനമായി കളിയാക്കുകയും വാനോളം പരിഹസിച്ച് പോസ്റ്റിടുകയും ട്രോളിറക്കുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന് 5 ലക്ഷം രൂപയ്ക്ക് ഒരു സിനിമയുണ്ടാക്കാനും അത് തിയേറ്ററിലെത്തിക്കാനും സാമ്പത്തികമായി വന്‍ വിജയമാക്കാനും കഴിഞ്ഞു! ഇത് ഒരു സത്യാനന്തര കാലത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി കണക്കാക്കാം.
കുറെ നാളായി നാട്ടില്‍ എന്ത് തിന്മ നടന്നാലും പി.സി. ജോര്‍ജും അതിനൊപ്പമുണ്ടാവുന്നുണ്ട്, എന്ന കാര്യം നമ്മളൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്: അത് ബിഷപ്പ് ഫ്രാങ്കോ നടത്തിയ കന്യാസ്ത്രീ പീഡനവിഷയത്തിലായാലും ദിലീപ് വിഷയത്തിലായാലും മനുഷ്യവിസര്‍ജ്യമുള്ളിടത്തൊക്കെ ഈച്ച എത്തുന്നത് പോലെ പി.സി. ജോര്‍ജ് മിന്നല്‍ വേഗത്തില്‍ എത്തുന്നത് കാണാം. അദ്ദേഹത്തെ പിന്തുണക്കുന്ന ദേശീയ പാര്‍ട്ടിയില്‍ ഇനി അദ്ദേഹം ഉണ്ടാകും.
ഇത്രയും മുന്തിയ മാലിന്യോല്പാദന യന്ത്രം കേരളത്തില്‍ നിന്ന് അവര്‍ക്ക് വേറെ കിട്ടാനില്ല. അവര്‍ക്ക് കോളടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മനുഷ്യരെയെല്ലാം ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുകയും വെറുപ്പിന്റെ നാറ്റം പരസ്പരം വമിപ്പിച്ച് കഴിയുകയും ചെയ്യുന്നതോടെ സമത്വസുന്ദരമനുസ്മൃതി കാലം വൈകാതെ സംജാതമാവും എന്നവര്‍ അവരുടെ സ്വപ്നം കാണുന്നു.
ചുരുക്കത്തില്‍, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം നമ്മുടെ രാജ്യത്ത് പുലരണം എന്ന് ചിന്തിക്കുന്ന മനുഷ്യ സ്‌നേഹികളായ രാഷ്ട്രീയജീവികള്‍ സത്യത്തില്‍ പി.സി. ജോര്‍ജിനെ തെറി പറയുകയല്ല വേണ്ടത്, ഒരു പൊളിറ്റിക്കല്‍ മെറ്റീരിയലായി പഠിക്കുകയാണ് ചെയ്യേണ്ടത് .മെഡിക്കല്‍ കോളജിലെ കുട്ടികള്‍ക്ക് വേണ്ടി പഠിക്കാനെത്തിയ ഒരു ഡെഡ്‌ബോഡിയോടുള്ള സമീപനമാണ് സത്യത്തില്‍ നമുക്ക് അദ്ദേഹത്തിന്റെ ചെയ്തികളോട് വേണ്ടത് എന്നാണെന്റെ വിനീതമായ അഭിപ്രായം.
ഡെഡ്‌ബോഡിയെ കണ്ടാല്‍ കുട്ടികള്‍ അയ്യോ, പ്രേതം എന്ന് പറഞ്ഞ് കോളേജില്‍ നിന്ന് ഓടി രക്ഷപ്പെട്ടാല്‍ പിന്നെ മെഡിക്കല്‍ പഠനം തന്നെ നടക്കാതെ ആയിപ്പോകും. വൈകാരിക വിക്ഷുബ്ധതയില്‍ പെട്ട്പോകുന്നതിന് പകരം, അതിനെ ഇഴകീറി പഠിക്കുകയാണ് വേണ്ടത്. എന്റെ അഭിപ്രായത്തില്‍ മലയാളിയുടെ രാഷ്ട്രീയവിദ്യാഭ്യാസ മെഡിക്കല്‍ കോളേജില്‍ പുതുതായെത്തിയ ഒന്നാന്തരം പഠന മെറ്റീരിയലാണ് ശ്രീ. പി.സി. ജോര്‍ജ്. ഈ അവസരത്തില്‍ അദ്ദേഹത്തെ നാം തെറി പറഞ്ഞ് പെരുപ്പിക്കുകയല്ല വേണ്ടത്. പകരം, നമ്മുടെ രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും ബാധിച്ച മഹാരോഗത്തെ ഇഴകീറി പരിശോധിക്കുകയാണ് ചെയ്യേണ്ടത്.
പി.സി. ജോര്‍ജ് ഒറ്റ ആളല്ല. ആ ക്യൂവില്‍ പല പി.സി. ജോര്‍ജുമാരും ഊഴംകാത്ത് കിടപ്പുണ്ട്. ഇക്കാര്യത്തില്‍ ജാതിയും മതവുമൊന്നുമില്ല. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി ഏറെ താമസിയാതെ അദ്ദേഹത്തെ പ്രശംസാവചനങ്ങളാല്‍ മൂടിയ പ്രശസ്തനായ മുസ്‌ലിം മതപണ്ഡിതന്റെ വാക്കുകള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. അവസരം കിട്ടാതെ പോയ ഗീബല്‍സുകള്‍ക്കും ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിയ്ക്കും നമ്മുടെ നാട്ടിലും സത്യത്തില്‍ യാതൊരു ക്ഷാമവുമില്ല.
കൂട്ടത്തില്‍ പറയട്ടെ, ‘പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഒരു സര്‍ക്കാര്‍ കാട്ടിയ ഇച്ഛാശക്തിയെ സവിശേഷമായി ഈ അവസരത്തില്‍ മാനിച്ചേ മതിയാവൂ… അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ജോര്‍ജിന്റെ സ്വന്തം കാറിലാണോ അല്ലയോ എന്നതൊന്നും ഒരു വിഷയമേയല്ല. നാം ഇന്നനുഭവിക്കുന്ന രോഗാതുരമായ സാമൂഹ്യ അന്തരീക്ഷത്തെ ഒരു മെറ്റഫറിന്റെ രൂപത്തില്‍ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ ചീര്‍ത്ത ദേഹത്തെ കയറ്റാന്‍ പറ്റിയ വണ്ടി പൊലീസിന്റെ കൈയില്‍ തല്ക്കാലം ഉണ്ടായിരുന്നില്ലെന്ന് കരുതിയാല്‍ മതി.
എവിടെ ആരോഗ്യമുണ്ടോ അവിടെ ലൈഫ് ബോയ് ഉണ്ട്, എന്ന ഒരു പരസ്യം മുമ്പുണ്ടായിരുന്നു. അതുപോലെ എവിടെ മനുഷ്യ നിന്ദയും തിന്മയുമുണ്ടോ, അവിടെ ഓടിയെത്തി പ്രോത്സാഹിപ്പിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയും അതിന്റെ നേതാക്കളും ജോര്‍ജിനെ സഹായിക്കാന്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. താമസിയാതെ അരമനയില്‍ നിന്ന് ഫ്രാങ്കോ പിതാവും ജോര്‍ജിന്റെ സ്ഥിര രക്ഷിതാവ് എന്ന നിലയില്‍ സഭയും വന്നെത്താതിരിക്കില്ല.
മഹാനായ ശ്രീ നാരായണഗുരു ജാതി ഉച്ചനീചത്വബോധമെന്ന യക്ഷിയെ പാലമരത്തില്‍ തളച്ചെങ്കിലും തെക്കന്‍ കേരളത്തില്‍ കുറെ നാളായി അത് തുരുമ്പിച്ച് ഇളകിയാടാന്‍ തുടങ്ങിയിട്ടുണ്ട്. ആചാരമനുഷ്ഠാനം എന്നൊക്കെയുള്ള വിലാപത്തിന്റെ പ്രച്ഛന്ന രൂപത്തിലാണത് തള്ളിക്കയറാന്‍ ശ്രമിക്കുന്നത്. വടക്കന്‍ കേരളത്തിലൊന്നും ഇതൊന്നും സാരമായി ബാധിച്ചിട്ടില്ല.
തെക്കന്‍ കേരളത്തിലെ ജാതി കുടുസ്സോ ദുഷ്ടതയെ ആസ്വദിക്കുന്ന നിഗൂഢതയോ ആ അളവില്‍ ഞങ്ങള്‍ വടക്കര്‍ക്ക് ഇല്ല. ചെറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം, അത്ര തന്നെ. ഇവിടെ വടക്ക് ജാതി പാര്‍ട്ടികള്‍ക്ക് പേരിന് പോലും ഓഫീസില്ല. ഉണ്ടെങ്കില്‍ പോലും ഇളകി ദ്രവിച്ച നിറം മങ്ങിയ ബോര്‍ഡ് മാത്രം. പി.സി. ജോര്‍ജിനെയൊക്കെ ഞങ്ങള്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ ഇപ്പോഴും ഒരു കോമാളി മാത്രയിട്ടേ എടുത്തിട്ടുള്ളൂ.
കൂട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഒരപേക്ഷയുണ്ട്: ആഴ്ചയില്‍ ഒരു പിരിയഡെങ്കിലും നമ്മുടെ വിദ്യാലയങ്ങളില്‍ യുക്തിബോധത്തെ പരിശീലിപ്പിച്ചെടുക്കാനുള്ള ഒരു ധൈഷണിക സംരംഭത്തെപ്പറ്റി കാര്യമായി ഒന്ന് ആലോചിക്കണം. പഠിപ്പില്‍ നിന്ന് ഒരു വ്യക്തിനന്മയും ഉണ്ടാകുന്നില്ലെങ്കില്‍ അതിലൊരു അരാഷ്ട്രീയ വിപത്തുണ്ട്.
ഇപ്പോഴത്തെ സിലബസും വിദ്യാഭ്യാസ സമ്പ്രദായവും അനുഭവിക്കുന്ന പരിമിതികളെ മറികടക്കാനും യുക്തിയെ ഒരു സാഹചര്യത്തിലും കൈവിടാത്ത ഒരു തലമുറയെ സൃഷ്ടിക്കാനും ഒരുപക്ഷേ കാര്യമായി നാം പരിശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ഒന്നുണ്ടെന്നെങ്കിലും വിദ്യാഭ്യാസത്തിനിടയില്‍ അവര്‍ അറിയട്ടെ. വര്‍ഗീയ ലഹരി ബാധിച്ച് പൂതലിച്ച അധ്യാപകര്‍ക്ക് ഇത്തിരി നാണമുണ്ടാവാനും ഇത് സഹായിച്ചേക്കാം. കൊറോണ വൈറസിനെതിരെ പാത്രം കൊട്ടിയ ‘സാസ്ത്രജ്ഞര്‍ ‘ ഉള്ള നാടാണിത് എന്നത് അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല
Content Highlight: Shihabuddin Poythumkadavu about PC George’s communal hatred, anti- Muslim comments