| Saturday, 27th March 2021, 7:30 pm

സാധാരണക്കാരന്റെ അരിയും മുടക്കി; ഒരു നല്ല പ്രതിപക്ഷം പോലുമാവാന്‍ കഴിയാത്ത നിങ്ങളെ എങ്ങനെ ജനം ഭരണത്തിലേറ്റും?: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഏത് ഭരണം വന്നാലും പ്രതിപക്ഷം ശക്തമാകണം. കേരളത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും ആശുപത്രികളും സ്‌കൂളുകളും മാറുമ്പോഴും സമരമാര്‍ഗ്ഗങ്ങള്‍ക്ക് മാത്രം മാറ്റമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതാക്കളുടെ പെട്ടി തൂക്കി കാര്യം കാണല്‍, വൃത്തികെട്ട മാടമ്പി,സാമുദായിക,വര്‍ഗീയ നേതാക്കളെ ചെന്നു കണ്ടുള്ള പ്രീണന സന്ദര്‍ശനങ്ങള്‍, ആ വൃത്തികെട്ട മാടമ്പിമാരുടെ ഒപ്പമിരുന്നുള്ള ഫോട്ടോ സെഷനുകള്‍ ., പിന്നെ അടുത്ത ഏതോ അടഞ്ഞ വാതിലിനു മുന്നില്‍ നിന്ന് മുഖ്യമന്ത്രി രാജി വെക്കുക എന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ പത്രസമ്മേളനം വിളിച്ച് പറയുക. എന്നിട്ട് പോയുറങ്ങുക, ഇതൊക്കെയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണവും നിര്‍ത്തിവെച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇത്തിരി സ്‌നേഹം ബാക്കിയുള്ളത് കൊണ്ട് ചോദിക്കുകയാണ്, ഇനിയും എങ്ങനെയാണ് ജനങ്ങള്‍ നിങ്ങളെ അധികാരത്തിലേറ്റുക എന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏത് ഭരണം വന്നാലും പ്രതിപക്ഷം ശക്തമാവണം. അത് വലിയ തിരുത്തല്‍ ശക്തിയാവണം.അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും ആരോഗ്യവും.

ഇനി ചോദിക്കട്ടെ: നമ്മുടെ സര്‍ക്കാര്‍കെട്ടിടങ്ങള്‍ മാറുന്നു, ഗവ.ആശുപത്രികള്‍ മാറുന്നു. സ്‌കൂള്‍ മാറുന്നു. എന്തിനേറെ, കൃഷിയിടങ്ങള്‍ പോലും മാറുന്നു. വേഷവും ഉപകരണങ്ങളും വാഹനങ്ങളും മാറുന്നു. പക്ഷേ, നമ്മുടെ സമരമാര്‍ഗ്ഗങ്ങള്‍ക്ക് അനേകം പതിറ്റാണ്ടുകളായി എന്ത് കൊണ്ട് ഒരു മാറ്റവുമില്ല? എന്തുകൊണ്ട് അതിന് ഒട്ടും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഛായയില്ല? കാലം എവിടെയോ സ്തംഭിച്ചു പോയ ശൂന്യരൂപങ്ങള്‍ മാത്രം! ആള്‍ക്കൂട്ട ഹിംസയുടെ ആവിഷ്‌ക്കാരങ്ങള്‍ മാത്രം!

പുതുതായൊന്നും പഠിക്കുകയോ ഭാവന കൊള്ളുകയോ ചെയ്യാത്ത രാഷ്ട്രീയ ശൈലിയ്ക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. അത്തരമൊന്നിന് യാതൊരു സ്‌കോപ്പുമില്ല സാര്‍.

അഞ്ച് കൊല്ലം കൂടുമ്പോള്‍ പരമ്പരാഗത രാഷ്ട്രീയ ശൈലി എന്ന എ.ടി.എമ്മില്‍ പോയി ബട്ടനമര്‍ത്തുകയേ വേണ്ടൂ, വോട്ട് ശറ പറ വരും എന്ന് ഈ പൂതലിച്ച രാഷ്ട്രീയ ശൈലീ രൂപം വിചാരിക്കുന്നു. മതവും ജാതിയും നോക്കുകയും അതിനകത്തെ ദുഷ്ടശക്തികളെ ഒന്ന് സന്തോഷിപ്പിക്കാനുള്ള വഴി കൂടി കണ്ടെത്തിയാല്‍ എല്ലാമായി. പിന്നെ, ‘കഞ്ഞി മുക്കി വടി പോലെയാക്കിയ ഖദര്‍ കുപ്പായവുമായി പുറത്തിറങ്ങുക, നടക്കുമ്പോള്‍ പലക പോലെ പരസ്പരം ഉരഞ്ഞുണ്ടാകുന്ന മുണ്ടിന്റെ ശബ്ദം കേള്‍പ്പിക്കുക, പോളീഷ് ചെയ്ത് മിനുക്കിയ കറുത്ത ലെതര്‍ ചെരുപ്പ്. വലിയ കുപ്പായക്കീശയില്‍ അമര്‍ത്തി വെച്ച ലെതര്‍പേഴ്സ്, വലിയ പേന. ഒരേ പാറ്റേണിലുള്ള പ്രസംഗം സ്വയം ആവര്‍ത്തിച്ച് മടുക്കാതിരിക്കാനുള്ള ശേഷി, സ്വന്തം സംഘടനയ്ക്കകത്തെ ഒടുങ്ങാത്ത ഗ്രൂപ്പ് വടംവലികളുടെ ആക്രോശങ്ങള്‍, സംഘട്ടനങ്ങള്‍.

സ്റ്റേജിലേക്ക് ക്യാമറ കയറി വരുന്നത് കണ്ടാല്‍ തന്റെ മുഖം ഒപ്പമുള്ളവനെ തള്ളി അരുക്കാക്കുന്നതില്‍ ഇതിനകം ആര്‍ജിച്ച വൈദഗ്ദ്യം, സംസ്ഥാന നേതാക്കളുടെ പെട്ടി തൂക്കി കാര്യം കാണല്‍, വൃത്തികെട്ട മാടമ്പി / സാമുദായിക /വര്‍ഗീയ നേതാക്കളെ ചെന്നു കണ്ടുള്ള പ്രീണന സന്ദര്‍ശനങ്ങള്‍, ആ വൃത്തികെട്ട മാടമ്പിമാരുടെ ഒപ്പമിരുന്നുള്ള ഫോട്ടോ സെഷനുകള്‍ ., പിന്നെ അടുത്ത ഏതോ അടഞ്ഞ വാതിലിനു മുന്നില്‍ നിന്ന് മുഖ്യമന്ത്രി രാജി വെക്കുക എന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ പത്രസമ്മേളനം വിളിച്ച് പറയുക. എന്നിട്ട് പോയുറങ്ങുക.
ഇപ്പോഴിതാ, അബദ്ധത്തിലാണെങ്കിലും, കൂട്ടത്തില്‍ സാധാരണക്കാരുടെ അരിയും മുടക്കിയിരുന്നു!. കുറച്ച് നാള്‍ മുമ്പ് വടക്കാഞ്ചേരിയില്‍ പാവപ്പെട്ടവന്റെ കുടിപാര്‍പ്പ് മുടക്കിയതിന്റെ തലവേദന ഇന്നും ഒഴിഞ്ഞിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.

സത്യമായും ഇത്തിരി സ്നേഹം ബാക്കിയുള്ളത് കൊണ്ട് ചോദിക്കുകയാണ്: ഒരു നല്ല പ്രതിപക്ഷം പോലുമാവാന്‍ കഴിയാത്ത നിങ്ങളെ എങ്ങനെ ജനം ഭരണത്തിലേറ്റും?

പ്രിയ പ്രതിപക്ഷമേ, അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും നിങ്ങള്‍ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാക്കണം. കാലം ആവശ്യപ്പെടുന്ന യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങണം. ചുരുങ്ങിയ പക്ഷം അങ്ങനെ ചില കാര്യങ്ങളുണ്ടെന്നെങ്കിലും അറിയണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shihabuddin Poithumkadavu criticizes Opposition and udf

We use cookies to give you the best possible experience. Learn more