Kerala News
പാകിസ്ഥാനിലെ കോടതിയെ സമീപിച്ചിട്ടില്ല; വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിഹാബ് ചോറ്റൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 24, 05:06 pm
Thursday, 24th November 2022, 10:36 pm

കോഴിക്കോട്: പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിഹാബ് ചോറ്റൂര്‍. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പാകിസ്ഥാനിലെ കോടതിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞു.

ഒരു പാക് പൗരനാണ് തനിക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി നിരസിച്ചതെന്നും ശിഹാബ് പറഞ്ഞു.

ഈ വാര്‍ത്തയാണ് തനിക്ക് പാകിസ്ഥാനിലെ ലാഹോര്‍ ഹൈക്കോടതി വിസ നിഷേധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നതെന്നും, ഇത്തരം വ്യാജ വാര്‍ത്തകളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ശിഹാബ് അഭ്യര്‍ത്ഥിച്ചു. തന്റെ യാത്ര എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്നും ശിഹാബ് ചോറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ ഇതിനോടകം 3,000 കിലോമീറ്റര്‍ പിന്നിട്ട് പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയാണ്. വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഇതിനെതുടര്‍ന്ന് ശിഹാബിനു വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്ന വ്യക്തിയാണ് ലാഹോര്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ലാഹോര്‍ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളി. സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്.

ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയതെന്ന് ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുനാനക്കിന്റെ ജന്മദിനത്തോടും മറ്റും അനുബന്ധിച്ച് ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്ഥാന്‍ വിസ നല്‍കാറുണ്ട്. സമാനമായി ശിഹാബിനും വിസ നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി
സൗദി അറേബ്യയില്‍ പ്രവേശിക്കാനായിരുന്നു ശിഹാബിന്റെ പദ്ധതി. മലപ്പുറത്ത് നിന്ന് എണ്ണായിരം കിലോമീറ്ററിലധികം ദൂരമുണ്ട് മക്കയിലേക്ക്.

Content Highlight: Shihab Chottur denies reports that Pakistan has denied his visa