ന്യൂദല്‍ഹി: തിങ്ങളാഴ്ച തന്റെ യാത്ര പുനരാരംഭിക്കുമെന്ന് മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍. പാകിസ്ഥാന്‍ വിസ നല്‍കിയെന്നും യാത്ര തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശിഹാബ് ചോറ്റൂരിന്റെ പ്രതികരണം.
‘ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. പാകിസ്ഥാന്‍ വിസ വൈകിയതിനാലാണ് യാത്ര താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നത്.
കഴിഞ്ഞ നാല് മാസമായി അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്.
യാത്ര ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. ഇതുവരെയുള്ള യാത്രയില്‍ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ല,’ ശിഹാബ് ചോറ്റൂര്‍ പറഞ്ഞു.
ജൂണ്‍ രണ്ടിനാണ് ഹജ്ജ് കര്‍മത്തിനായി ശിഹാബ് കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. എണ്ണായിരം കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്ന് മക്കയിലേക്ക്.
ഇതിനോടകം 3,000 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശിഹാബ് പാകിസ്ഥാന്‍ വിസ നിഷേധിച്ചതിനാല്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു.