| Tuesday, 23rd January 2024, 5:04 pm

'ഞാൻ ഫാസിസത്തിനെതിരാണ്'; മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റ്‌ ചെയ്തതിൽ വിശദീകരണവുമായി ശിഹാബ് ചോറ്റൂർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പ്രധാനമന്ത്രി ലൈക് ചെയ്ത തന്റെ പോസ്റ്റിന് അയോധ്യ വിഷയവുമായി യാതൊരു ബന്ധമില്ലെന്നും താൻ ഫാസിസവുമായി ഒരിക്കലും രാജിയാകാനില്ലെന്നും വ്ലോഗറും യൂട്യൂബറുമായ ശിഹാബ് ചോറ്റൂർ.

ശിഹാബ് മുമ്പ് പങ്കുവെച്ച പോസ്റ്റ്‌ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തതിന് പിന്നാലെ വൈറലാവുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. രാമന്റെയും സീതയുടെയും വേഷം ധരിച്ച കുട്ടികൾക്കൊപ്പം നിൽക്കുന്ന ശിഹാബിന്റെ ഫോട്ടോ ആയിരുന്നു ഇത്.

പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് താൻ ഇന്ത്യൻ മുസൽ‍മാനായതിൽ അഭിമാനിക്കുന്നു എന്ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ശിഹാബ് പോസ്റ്റ്‌ ചെയ്തു.

ഇതിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റ് ലൈക് ചെയ്തതിൽ അത്ഭുതം തോന്നിയെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിട്ടതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ശിഹാബ് പറയുന്നു.

താൻ ഫാസിസവുമായി ഒരിക്കലും രാജിയാവാനില്ലെന്നും താൻ ചിന്തിക്കാത്ത തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത വരുന്നതെന്നും ശിഹാബ് പറയുന്നു.

വിശദീകരണം ഇല്ലാതെ തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിൽ ക്ഷമ ചോദിക്കുന്നതായും ശിഹാബ് അറിയിച്ചു.

തന്റെ പോസ്റ്റ്‌ ഷെയർ ചെയ്യരുത് എന്നും ശിഹാബ് ഫേസ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിക്കുന്നുണ്ട്.

മലപ്പുറത്ത് നിന്ന് ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്ത് ശിഹാബ് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Content Highlight: Shihab Chotoor says he is against Fascism after widely criticized by  thanking PM Modi

We use cookies to give you the best possible experience. Learn more