കോഴിക്കോട് ഷിഗല്ലെ ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
shigella
കോഴിക്കോട് ഷിഗല്ലെ ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 9:01 am

കോഴിക്കോട്: ജില്ലയില്‍ ഷിഗല്ലെ എന്‍സഫലോപ്പതി ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്.

സിയാന്റെ ഇരട്ടസഹോദരനും ഷിഗല്ലെ ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വയറിളക്കബാധയെത്തുടര്‍ന്ന് 18-ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: ലോറി സമരത്തിനിടെ കല്ലേറ്; ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു

മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ, രോഗം പകര്‍ത്തുന്നത്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മഴ ശക്തമായതും മലിന ജലം ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു.