ശ്രീനഗര്‍: കഴിഞ്ഞ മൂന്ന് മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആരോഗ്യനിലയില്‍ ആശങ്കയറിച്ച് മകള്‍ ഇല്‍തിജ മുഫ്തി. മെഹബൂബ മുഫ്തിയെ നിലവില്‍ താമസിക്കുന്നിടത്തുനിന്നും മാറ്റണമെന്നാണ് ഇല്‍തിജ ആവശ്യപ്പെട്ടിരിക്കുന്നത്.
താഴ്‌വരയിലെ കഠിനമായ ശൈത്യത്തെ നേരിടാന്‍ അമ്മയ്ക്കാവുന്നില്ലെന്നും ജമ്മുകശ്മീര്‍ അഡ്മിനിസ്‌ട്രേഷന് അയച്ച കത്തില്‍ ഇല്‍തിജ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) അധ്യക്ഷ മെഹ്ബൂബ മുഫ്തിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രമായിരിക്കുമെന്നും ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഇല്‍തിജ മുഫ്തി പറഞ്ഞു.
”എന്റെ അമ്മയുടെ ക്ഷേമത്തെക്കുറിച്ച് ഞാന്‍ ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. കഠിനമായ ശൈത്യത്തെ നേരിടാന്‍ അവര്‍ക്കാവുന്നില്ല. അമ്മയെ മറ്റെവിടേക്കെങ്കിലും അമ്മയെ മാറ്റണമെന്ന് ഞാന്‍ ഒരു മാസം മുമ്പ് ഡി.സിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരു”ന്നെന്നും ഇല്‍തിജ പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എഴുതിയ കത്തിന്റെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു.
”നിങ്ങള്‍ക്കറിയാവുന്നതുപോലെ, എന്റെ അമ്മ ശ്രീമതി മെഹബൂബ മുഫ്തി, (മുന്‍ മുഖ്യമന്ത്രി ജമ്മു കശ്മീര്‍) കഴിഞ്ഞ ഓഗസ്റ്റ് 5 മുതല്‍ ജയിലില്‍ കിടക്കുകയാണ്. അസുഖ ബാധിതയായതിനെ തുടര്‍ന്ന് അടുത്തിടെ ഡോക്ടര്‍ എത്തി പരിശോധിക്കുകയും നിരവധി ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ വിറ്റാമിന്‍ ഡി, ഹീമോഗ്ലോബിന്‍, കാല്‍സ്യം എന്നിവയുടെ അളവില്‍ കുറവ് കണ്ടിട്ടുണ്ട്. കഠിനമായ തണുപ്പില്‍ കഴിയാന്‍ അവരുടെ ആരോഗ്യം അനുവദിക്കുന്നില്ല. അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് അമ്മയെ എത്രയും പെട്ടെന്ന് മാറ്റണം”- ഇല്‍തിജ കത്തില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്തിയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.