| Friday, 4th January 2019, 4:38 pm

സുല്‍ത്താന റസിയയുടേയും സൈമണ്‍ ബ്രിട്ടോയുടേയും പതിനാലാം ദിനം

ഷിദീഷ് ലാല്‍

ഇക്കാലത്ത് നമുക്ക് ഒരു കുഞ്ഞു നഗരത്തിലെ ഒരിടത്ത് നിന്നും മറ്റൊരിടത്ത് പോവാന്‍ GPS വേണം. കൊച്ചിയിലെ വടുതലയിലെ വീട്ടില്‍ നിന്നിറങ്ങി കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ് വഴി കശ്മീര്‍ വരെ പോയി ഉത്തരപ്രദേശ് വഴി തിരിച്ചിറങ്ങി ബീഹാറിലൂടെ ബംഗാളില്‍ പോയി ആന്ധ്ര, തമിഴ്നാട് വഴി കേരളത്തില്‍ തിരിച്ചെത്താന്‍ ബ്രിട്ടോ സഖാവിന്റെ കയ്യിലുണ്ടായിരുന്നത് ഒരു പുസ്തകരൂപത്തിലുള്ള മാപ്പ് മാത്രമായിരുന്നു. പഴയ ഒരു അംബാസിഡര്‍ കാറില്‍ ഡ്രൈവറും അര്‍ജുന്‍ദാസ് എന്ന ബീഹാറുകാരനായ ബൈസ്റ്റാന്‍ഡറും ബ്രിട്ടോയും കൂടി ആ പുസ്തക മാപ്പുമായി കാണേണ്ട ഇടങ്ങളും സന്ദര്‍ശിക്കേണ്ട ആളുകളെയും പോയി കണ്ടു. സ്മാര്‍ട്ട് ഫോണിന്റെ ഉപയോക്താവായിരുന്നില്ല ബ്രിട്ടോ. സഖാവ് സൈമണ്‍ ബ്രിട്ടോ 2015 ല്‍ നടത്തിയ ഭാരതപര്യടനത്തില്‍ കുറച്ച് ദിവസം സഖാവിന്റെ കൂടെ ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു

സൂഫിസത്തെക്കുറിച്ച്, മുഗള്‍ – മുസ്ലിം രാജവംശങ്ങളെക്കുറിച്ച്, ഖവാലി സംഗീതത്തെക്കുറിച്ച്, ആഴത്തില്‍ പഠിച്ചിരുന്നു ബ്രിട്ടോ. ബ്രിട്ടോ എഴുതിയ മഞ്ഞുപെയ്യുന്ന ചരിത്രാങ്കം എന്ന നോവലില്‍ ഇതെല്ലാം കടന്നുവരുന്നു. നിസാമുദ്ദീന്‍ ഔലിയയുടെയും, അമീര്‍ ഖുസ്രുവിന്റെയും, ഷാജഹാന്റെ മകള്‍ ജഹനാരയുടെയും മക്ബറകള്‍ (ഖബറിടങ്ങള്‍) ഉള്ള നിസാമുദ്ദീന്‍ ദര്‍ഗയിലായിരുന്നു ഞങ്ങള്‍ ആദ്യം പോയത്. ഈ മക്ബറകളിലെല്ലാം ബ്രിട്ടോ പൂക്കള്‍ സമര്‍പ്പിച്ചിരുന്നു. ചേതനയറ്റ തന്റെ ശരീരത്തില്‍ പൂക്കള്‍ സമര്‍പ്പിക്കരുത് എന്ന നിര്‍ദേശം ബ്രിട്ടോ കൊടുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെ മനസിലേക്ക് ഓടിവന്നത് ഈ മക്ബറകളില്‍ ബ്രിട്ടോ സമര്‍പ്പിച്ച റോസാദളങ്ങളായിരുന്നു. എന്തുകൊണ്ടായിരിക്കും തന്റെ ഓര്‍മ്മയ്ക്കായി പൂക്കള്‍ വേണ്ട എന്ന തീരുമാനം അദ്ദേഹം എടുത്തത്?

നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ സന്ദര്‍ശക ആചാരപ്രകാരം നിസ്‌ക്കാര തൊപ്പിയണിഞ്ഞു അകത്തുകടന്ന ഞങ്ങള്‍ ഒരു ഫോട്ടോ എടുത്തിരുന്നു. ബ്രിട്ടോയുടെ സമ്മതംവാങ്ങി ആ ചിത്രം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ല പ്രതികരണമാണ് ഫോട്ടോയ്ക്ക് എന്ന് പറഞ്ഞപ്പോളാണ് മലപ്പുറത്തൊക്കെയുള്ള കമ്മ്യൂണിസ്റ്റ്ക്കാരായ ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് സഖാവ് എന്നോട് പറഞ്ഞത്. “വത്തക്ക കമ്യൂണിസ്റ്റ്” എന്താന്നറിയോ എന്നെന്നോട് ചോദിച്ചു. പുറത്ത് നിന്ന് നോക്കുമ്പോള്‍ സമുദായത്തിലെ ആചാരാനുഷ്ടാനങ്ങളുമായി നടക്കുന്ന തനി “പച്ച”യായ മനുഷ്യരായിരിക്കുമവര്‍. പക്ഷെ ചൂഴ്ന്ന് നോക്കിയാല്‍ ചുവന്നുതുടുത്തിരിക്കും. നമ്മുടെ സഖാക്കള്‍. തെരുവില്‍ നിന്ന് ഭക്ഷണവും കഴിച്ച് താമസിക്കുന്ന കേരള ഹൗസിലേക്ക് ഞങ്ങള്‍ മടങ്ങി.

സുല്‍ത്താന റസിയയും സൈമണ്‍ ബ്രിട്ടോ സഖാവും തമ്മിലൊരു ബന്ധം ഉണ്ട്. രണ്ടാമത്തെ ദിവസം ഞങ്ങള്‍ ജുമാ മസ്ജിദ് കാണാന്‍ പോയി. അവിടെ നിന്നാണ് സുല്‍ത്താന റസിയയുടെ മക്ബറ കാണാന്‍ പോയാലോ എന്നദ്ദേഹം പറയുന്നത്. തുര്‍ക്ക്മാന്‍ ഗേറ്റിനടുത്താണ് സുല്‍ത്താന റസിയയുടെ മക്ബറ എന്ന് ബ്രിട്ടോ സഖാവ് തന്നെയാണ് പറഞ്ഞ് തന്നത്. കുണ്ടുംകുഴിയും ഉള്ള റോഡിലൂടെ രണ്ട് കിലോമീറ്ററോളം വീല്‍ ചെയറിലാണ് യാത്ര. നമ്മളുതളര്‍ന്നാലും ബ്രിട്ടോ സഖാവ് തളരില്ല. അവസാനമായപ്പോ ഒരു മീറ്ററിനടുത്ത് മാത്രം വീതിയുള്ള കുടുസായ വഴിയിലൂടെ ആയി യാത്ര. നിര്‍ത്തിയിട്ട ബൈക്കുകള്‍ എങ്ങോട്ടെങ്കിലും മാറ്റി വെച്ചാലെ വീല്‍ ചെയര്‍ മുന്നോട്ട് പോകൂ. ബൈ സ്റ്റാന്‍ഡര്‍ അര്‍ജുന്‍ ദാസ് ആ ജോലി ഏറ്റെടുത്തു. ആ കുടുസുവഴിയില്‍ തന്നെ ഇടയ്ക്കിടയ്ക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ലാലേ യാത്ര ഇത്തിരി സാഹസികമായല്ലെ എന്നൊരു തള്ളല്‍ ഇങ്ങോട്ട്. ജീവന്‍ ബാക്കിയുണ്ടേല്‍ തിരിച്ച് പോവാം എന്ന് ഞാനും അങ്ങോട്ട് തള്ളി.

ലക്ഷ്യത്തിലെത്തിയപ്പോ ഒരു കാര്യം മനസിലായി മലയാളികള്‍ പോയിട്ട് അധികം ഡല്‍ഹിക്കാര്‍ വരെ അവിടെ പോയിട്ടുണ്ടാവില്ല. അത്രയേറെ ഉള്ളിലുള്ള ആരാരും ശ്രദ്ധിക്കപെടാത്ത ഒരിടം. മക്ബറ നോക്കിനടത്തുന്ന ഒരു ഇമാം അവിടെ താമസിക്കുന്നുണ്ട്. അദ്ദേഹം ഇറങ്ങി വന്നു. കേരളത്തിലെ മുന്‍ എം.എല്‍.എ ആണെന്ന് പറഞ്ഞപ്പോള്‍ കൂടെ ഫോട്ടോ എടുത്തു. മക്ബറയെ പറ്റി കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് തന്നു. മക്ബറയ്ക്കടുത്ത് ദിവസവും അഞ്ച് നേരം നിസ്‌ക്കാരം നടക്കാറുണ്ട്. മക്ബറയ്ക്കടുത്തുള്ള ശിലാഫലകത്തില്‍ കണ്ണോടിച്ച് എന്നെ അടുത്തേക്ക് വിളിച്ച് സഖാവ് ബ്രിട്ടോ പറഞ്ഞു. “വന്നത് വെറുതെ ആയില്ല. നമ്മുടെ ആളാ. സുല്‍ത്താന റസിയ കൊല ചെയ്യപെട്ടതും എനിക്ക് കുത്തേറ്റതും ഒരേ ദിവസമാണ്. ഒക്ടോബര്‍ 14 ന്.” തിരിച്ചു വരുമ്പോള്‍ കുത്തിയവനോട് ഒരു വിരോധവും ഇല്ല എന്ന് പറഞ്ഞു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സഖാവിന്റെ ജീവിത സാദൃശ്യമുള്ള സിനിമയാണോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പറയുന്നത് കേട്ടു എന്നും പക്ഷെ ആ സിനിമ കണ്ടിട്ടില്ല എന്നും പറയുകയുണ്ടായി.

നിങ്ങള്‍ ആധുനികമായ ഇലക്ട്രിക് വീല്‍ ചെയറില്‍ ബ്രിട്ടോയെ കണ്ടിട്ടുണ്ടോ. അല്ലെങ്കില്‍ ഗിയര്‍ സിസ്റ്റംസ് ഉള്ള ആയാസരഹിതമായ വീല്‍ ചെയറില്‍. അടുത്ത ദിവസം റൂമില്‍ ചെന്നപ്പോള്‍ ചിരിച്ചുകൊണ്ട് പുതിയ വീല്‍ ചെയര്‍ ഉടന്‍ കിട്ടും കേട്ടോ എന്നെന്നോട് പറഞ്ഞു. കാര്യം തിരക്കി. ബ്രിട്ടോ കേരള ഹൗസില്‍ ഉണ്ടെന്നറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബ്രിട്ടോയെ കാണാന്‍ രാവിലെ റൂമില്‍ വന്നിരുന്നു. വീല്‍ചെയറില്‍ കാലപ്പഴക്കം കണ്ട മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പുതിയ വീല്‍ ചെയര്‍ തരാമെന്ന് മുന്‍ എം.എല്‍.എ കൂടിയായ ബ്രിട്ടോയോട് പറയുകയും ബ്രിട്ടോ ആ വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു.

ഭാരതപര്യടനം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ വീല്‍ചെയര്‍ ബ്രിട്ടോയ്ക്ക് കൈമാറാന്‍ പേഴ്‌സണല്‍ സെക്രട്ടറിക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്തു. എം.എല്‍.എമാര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുന്ന വാര്‍ത്ത എല്ലാവര്‍ഷവും ഞങ്ങള്‍ വായിക്കാറുണ്ടല്ലോ സഖാവ് എം.എല്‍.എ ആയിരുന്നപ്പോള്‍ ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ ആ രീതിയില്‍ വാങ്ങിക്കൂടായിരുന്നോ എന്ന ചോദ്യത്തിന് എന്റെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല പാര്‍ട്ടി എന്നെ എം.എല്‍.എ ആക്കിയത് എന്നായിരുന്നു മറുപടി.

ശരീരത്തിന്റെ പുറത്ത് കൈകൊണ്ട് ഇടിച്ച് മസാജ് ചെയ്ത് തരാന്‍ പറഞ്ഞപ്പോളാണ് കത്തികൊണ്ട് ആഴത്തിലേറ്റ മുറിപ്പാട് കണ്ടത്. അത് പാടല്ല കത്തിയുടെ നീളത്തിലുള്ള ഒരു ഗര്‍ത്തം തന്നെയായിരുന്നു. ഇതെല്ലാം വെച്ചുള്ള ബ്രിട്ടോയുടെ ജീവിതം ഒരു പ്രഹേളിക തന്നെയാണ്. വളരെ സെന്‍സിറ്റീവായി പ്രതികരിക്കുന്ന ശരീരമുള്ള ബ്രിട്ടോ ഹോമിയോ മെഡിസിനാണ് ഉപയോഗിച്ചിരുന്നത്. എന്റെ അറിവില്‍ ഹോമിയോ മെഡിസിന്‍ ഉപയോഗിക്കുന്ന രണ്ട് പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ഒന്ന് സഖാവും രണ്ടാമത്തെയാള്‍ അംബേദ്ക്കറും ആണ് എന്നും ഹോമിയോ മെഡിസിനെ പഞ്ചസാര ഗുളിക എന്ന് അലോപ്പതിക്കാര്‍ പരിഹസിക്കാറില്ലേ എന്നും ചോദിച്ചപ്പോള്‍ താന്‍ മുന്‍പ് ഒരാഴ്ച പതിപ്പില്‍ ഹോമിയോ മെഡിസിനെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു എന്നും അതില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അലോപ്പതിക്കാര്‍ ഇതുവരെ മറുപടി തന്നിട്ടില്ല എന്നുമായിരുന്നു മറുപടി.

ഹിന്ദിമേഖലയില്‍ വളരെയധികം സൗഹൃദം സഖാവിനുണ്ടായിരുന്നു. ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് ഹിന്ദിയില്‍ പ്രഭാഷണം നടത്താന്‍ തുടങ്ങിയത്. ഡല്‍ഹിയില്‍ നിന്നും ഹരിയാന, പഞ്ചാബ് വഴി കാശ്മീരിലേക്ക് സഞ്ചരിച്ചു. അവിടെ നിന്നും തിരിച്ചിറങ്ങി ഉത്തര്‍പ്രദേശ്, ബീഹാര്‍ വഴി ബംഗാളിലേക്ക് സഞ്ചരിക്കുമ്പോള്‍ കൂടെ ചെല്ലാന്‍ വിളിച്ചിരുന്നു. ജോലിത്തിരക്കുകള്‍ കാരണം പോയില്ല. സഖാവിന്റെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ നഷ്ടമാക്കിയ ആ യാത്രയാണ് മനസ്സില്‍ അലട്ടികൊണ്ടിരുന്നത്. സഖാവിന്റെ കൂടെ ഇനിയൊരു യാത്ര സാധ്യമല്ലല്ലോ. ഡല്‍ഹിയില്‍ നിന്നും പോയതിനു ശേഷം യാത്രക്കിടയില്‍ പലപ്പോഴായി സംസാരിച്ചിരുന്നു. ബാബ്‌റി മസ്ജിദ്തകര്‍ത്ത ഇടം കാണാന്‍ പോയ കാര്യം പറഞ്ഞിരുന്നു. കോമ്രേഡ് അജിത് സര്‍ക്കാരിന്റെ രക്തസാക്ഷി ദിനത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഒരു ചെങ്കൊടി പോലും നാട്ടാന്‍ കഴിയാത്ത ബംഗാളിലെ ഗ്രാമങ്ങളെക്കുറിച്ചും സി.പി.ഐ.എമ്മിനെ അകത്തുനിന്ന് തകര്‍ത്തവര്‍ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്നും പറഞ്ഞിരുന്നു.

റോഡരികില്‍ പശുക്കളോടൊത്ത് ഉറങ്ങിയും, പാര്‍ട്ടി ഓഫീസുകളില്‍ തമ്പടിച്ചും, സുഹൃത്തുക്കളുടെ കൂടെയും, ലോഡ്ജുകളിലും ആരും അതിശയിക്കുന്ന ഭാരത പര്യടനം സഖാവ് പൂര്‍ത്തിയാക്കി. ഡല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇനിയെന്നാണ് ഡല്‍ഹിക്ക് എന്ന് ചോദിച്ചപ്പോള്‍ ഇനിയൊരു വരവുണ്ടാവില്ല എന്ന് പറഞ്ഞ് കൈ വീശി യാത്രയായതാണ്.

ഫേസ്ബുക്കിലാണ് സഖാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു എന്ന പോസ്റ്റ് കാണുന്നത്. സാധാരണ ഫേസ്ബുക്കില്‍ വരാറുള്ള വ്യാജ വാര്‍ത്തകളെ പോലെ ഒന്നായിരിക്കണേ എന്ന് കൊതിച്ചു. വെറുതെ. സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഇത്രയേറെ മനസ്സില്‍ ആഴത്തില്‍ മുറിവേല്പിച്ച മറ്റൊരു വേര്‍പാടില്ല.

ലാല്‍ സലാം പ്രിയ സഖാവേ…

ഷിദീഷ് ലാല്‍

Latest Stories

We use cookies to give you the best possible experience. Learn more