2017 ലെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഒരേയൊരു എന്റ്രി ആയ വിസാരണൈ (Interrogation)എന്ന തമിഴ്‌സിനിമയുടെ ക്ലൈമാക്‌സ് സംഭാഷണം ആണ് മുകളില്‍ എഴുതിയത്.
വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്നു നിരപരാധികളെയും ഏറ്റുമുട്ടലിനുവിശ്വാസ്യതവരാന്‍ കൂടെയുള്ള ഒരു പൊലീസ് ഓഫീസറേയും വധിച്ചശേഷം കൊലചെയ്ത പൊലീസുകാരന്‍ തന്റെ മേലുദ്ധ്യോഗസ്ഥനോട് ഫോണില്‍ സംസാരിക്കുന്നതാണ് സന്ദര്‍ഭം.
എം ചന്ദ്രകുമാര്‍ തന്റെ ജയിലനുഭവങ്ങളെക്കുറിച്ചെഴുതിയ ലോക്ക് അപ് എന്ന കഥയുടെ ചലചിത്രാവിഷ്‌ക്കാരമാണ് വിസാരണൈ.
കഴിഞ്ഞ ദിവസം ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയിലറെ കൊലചെയ്ത ശേഷം ജയില്‍ ചാടിയ 8 വിചാരണ തടവുകാരെ മണിക്കൂറുകള്‍ക്ക് ശേഷം ഏറ്റുമുട്ടലിലൂടെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് വധിക്കുകയുണ്ടായി.
ഏറ്റുമുട്ടലിന്റെ വീഡിയോയും പോലീസ് വിശദീകരണത്തിലെ പൊരുത്തെകേടുകളും വിരല്‍ ചൂണ്ടുന്നത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വ്യാജ ഏറ്റുമുട്ടലിലേക്കാണ്. അന്നേ ദിവസം ജയിലിലെ ഒരു സി.സി.ടി.വി ക്യാമറ പോലും വര്‍ക്ക് ചെയ്തില്ല എന്നതും 80 ശതമാനത്തോളം ജയില്‍ ജോലിക്കാര്‍ക്ക് അവധി കൊടുത്തതും പ്ലേറ്റും സ്പൂണും ഉപയോഗിച്ച് ജയില്‍ ചാടിയവര്‍ ജയിലറെ വധിച്ചു എന്ന കഥയും പൊലീസ് ഓഫീസറുടെ കൊലപാതകത്തെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു.
വ്യാജ ഏറ്റുമുട്ടലുകള്‍ ഇന്ത്യയില്‍ തുടര്‍ച്ചയാവുന്ന ഇക്കാലത്ത് ഇന്ത്യയില്‍ നിന്ന് ലോകത്തിനു മുന്നില്‍ നിര്‍ബന്ധമായും അവതരിപ്പിക്കേണ്ട ഒരു സിനിമയായി സാന്ദര്‍ഭികമായി വിസാരണൈ മാറുന്നു. ഒരു ബാങ്ക് കവര്‍ച്ചകേസില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ പ്രോക്‌സി കുറ്റവാളികള്‍ ആയി 4 ചെറുപ്പക്കാരെ കസ്റ്റഡിയില്‍ എടുക്കുന്നു.
സ്വന്തമായി അഡ്രസ് ഒന്നും ഇല്ലാതെ ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങുന്ന തൊഴിലാളികള്‍ ആയത് കൊണ്ടാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ക്രൂരമായ ലോക്കപ് പീഡനങ്ങള്‍ക്ക് അവര്‍ വിധേയരാവുകയും അവസാനം വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് മൂന്ന് പേരെ കൊലചെയ്യുകയും ചെയ്യുന്നു.
നാലുപേരില്‍ രക്ഷപെട്ട വ്യക്തി തന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ലോക്കപ് എന്ന കഥയാണ് ഈ സിനിമയുടെ ആധാരം. ഭോപാല്‍ വ്യാജ ഏറ്റുമുട്ടല്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിനാല്‍ വിസാരണൈ ഓസ്‌ക്കാര്‍ വേദികളില്‍ പുതിയ ചര്‍ച്ചകള്‍ തുറന്നിടും.