| Thursday, 11th August 2022, 9:09 am

ഞാനൊരു പുരുഷനായിരുന്നെങ്കില്‍ ഇപ്പോഴും കളിക്കുകയും എന്റെ ഭാര്യ അടുക്കളയില്‍ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി വെച്ചുവിളമ്പുകയും ചെയ്‌തേനെ: സെറീന വില്യംസ്

സ്പോര്‍ട്സ് ഡെസ്‌ക്

നാല്പതാമത്തെ വയസ്സില്‍ ടെന്നീസ് കോര്‍ട്ട് കണ്ട ഏറ്റവും ബലിഷ്ഠമായ കരങ്ങളുടെ ഉടമ സെറീന വില്യംസ് തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ മകള്‍ ഒളിമ്പിയയെ ഒപ്പം നിര്‍ത്തി പറയുന്നു,

‘ഞാന്‍ ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ ടെന്നീസിനും കുടുംബത്തിനും ഇടയില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാന്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി വീട്ടില്‍ വെച്ചുവിളമ്പുകയും ചെയ്യുമായിരുന്നു’

കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച സെറീനയുടെ 23 സിംഗിള്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ടെന്നീസിലെ മഹാത്ഭുതമാണ്. പുരുഷ ടെന്നീസ് കളിക്കാര്‍ക്കു പോലും അവരുടെ തലയുയര്‍ത്തി നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്ന ഉയരം.

വിജയികളുടെ ഈ നിരയില്‍ റാഫേല്‍ നദാലും ദോക്യോവിച്ചും റോജര്‍ ഫെഡററും സെറീനയ്ക്കു പിന്നിലാണ് റാക്കറ്റുമായി നില്‍ക്കുന്നത്.

4 ഒളിമ്പിക് സ്വര്‍ണം, 14 ഡബിള്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ആകെമൊത്തം 73 സിംഗിള്‍ കിരീടങ്ങള്‍! ലോകചാമ്പ്യനായി സ്വന്തം പേര് ഏറ്റവും ഉയരത്തില്‍ എഴുതിച്ചേര്‍ത്ത 2,233 ദിവസങ്ങള്‍! എന്തൊരു ഉശിരുള്ള, ഉയരമുള്ള കരിയര്‍.

കറുത്ത വംശത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്കും വിജയിക്കാനാകുമെന്ന്, അവരുടെ ജൈത്രയാത്രകള്‍ക്കും അതിരുകള്‍ ഇല്ലെന്ന്, അവര്‍ക്കും ലോകത്തിന്റെ ചാമ്പ്യനാകാന്‍ കഴിയുമെന്ന്, അവരുടെ മുടിക്കും കണ്ണഞ്ചിപ്പിക്കുന്ന ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാകാന്‍ കഴിയുമെന്ന്, അവരുടെ നിറത്തിനും ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച, രണ്ടു പതിറ്റാണ്ടോളം ടെന്നീസ് കോര്‍ട്ടിന് പുറത്തേക്കും കുതിച്ചുപാഞ്ഞ വിജയത്തിന്റെയും പ്രചോദനത്തിന്റെയും പേരാണ് സെറീന.

കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല, ഇനിയും റാക്കറ്റുമായി കളിക്കളത്തില്‍ തുടരാന്‍ ആഗ്രഹിച്ച, വിരമിക്കല്‍ എന്ന വാക്കുപോലും ഇഷ്ടപ്പെടാത്ത, ഒളിമ്പിയയുടെ ഒളിമ്പ്യനായ അമ്മ പറയുന്നു:

‘ഞാന്‍ ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ ടെന്നിസിനും കുടുംബത്തിനും ഇടയില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാന്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി വീട്ടില്‍ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു’.

ഷിബു ഗോപാലകൃഷ്ണന്‍

Content Highlight: Shibu Gopalakrishnan about Serena Williams

We use cookies to give you the best possible experience. Learn more