| Wednesday, 25th December 2024, 11:02 am

ആ ഹിറ്റ് പാട്ടിന്റെ സീനില്‍ മമ്മൂട്ടിയുടെ കൈ ആയിട്ട് കാണിച്ചിരിക്കുന്നത് എന്റെ കൈ: ഷിബു ചക്രവര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, പോസ്റ്റര്‍ ഡിസൈനര്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഷിബു ചക്രവര്‍ത്തി. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ്.

അതിനുപുറമേ പോസ്റ്റര്‍ ഡിസൈനറും തിരക്കഥാകൃത്തുമായ ഗായത്രി അശോകനോടൊപ്പം ഗായത്രി ഡിസൈന്‍സില്‍ ഗ്രാഫിക് ഡിസൈനറായും ഷിബു ചക്രവര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡെന്നീസ് ജോസഫ് എഴുതി ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഷിബു. 1985ല്‍ ഇറങ്ങിയ ഈ സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നിറക്കൂട്ട് സിനിമയിലാണ് സംവിധായകന്‍ ജോഷിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആദ്യമായി അവസരം ലഭിക്കുന്നതെന്നാണ് ഷിബു പറയുന്നത്.

സിനിമയിലെ ‘പൂമാനമേ’ എന്ന പാട്ട് സീനില്‍ കാണിക്കുന്ന സുമലതയുടെ ചിത്രം വരച്ചിരിക്കുന്നത് ഗായത്രി അശോകനാണെന്നും അതില്‍ മമ്മൂട്ടിയുടെ കൈ ആയിട്ട് ഉപയോഗിച്ചത് തന്റെ കൈ ആണെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ചക്രവര്‍ത്തി.

‘നിറക്കൂട്ടിലാണ് ജോഷി സാറിനൊപ്പം പടം ചെയ്യാന്‍ ആദ്യമായി ഒരു അവസരം ലഭിക്കുന്നത്. അതുവരെ ഞാന്‍ ഗായത്രി ഡിസൈന്‍സിലെ ഒരു ലേ ഔട്ട് ആര്‍ട്ടിസ്റ്റായിരുന്നു. പിന്നീടാണ് ഡെന്നീസ് ജോസഫ് സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നത്. അവന്റേത് മനോഹരമായ ഹാന്‍ഡ് റൈറ്റിങ്ങാണ്. അത് പിന്നീട് ഡെന്നീസിന് പോലും വായിക്കാന്‍ പറ്റില്ല.

അതുകൊണ്ട് അവന്‍ എന്തെങ്കിലും എഴുതി മറ്റൊരാള്‍ക്ക് കാണിക്കും മുമ്പ് അത് വൃത്തിയായി പകര്‍ത്തി എഴുതണമായിരുന്നു. ഞാന്‍ ഒരു ലേ ഔട്ട് ആര്‍ട്ടിസ്റ്റായത് കൊണ്ട് എന്റേത് കുറച്ചു കൂടി വൃത്തിയുള്ള ഹാന്‍ഡ് റൈറ്റിങ്ങാണ്. അങ്ങനെ ഡെന്നീസിനെ സഹായിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യമായി പോകുന്നത്.

അശോകന്റെ കൂടെ ഗായത്രി ഡിസൈന്‍സില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു അത്. സ്‌ക്രിപ്റ്റ് പകര്‍ത്തി എഴുതി കൊടുക്കുന്നത് പോലെയുള്ള സേവനങ്ങളായിരുന്നു ഞാന്‍ ചെയ്തത്. അതിന്റെ ഇടയിലാണ് നിറക്കൂട്ടിന്റെ വര്‍ക്ക് വന്നത്. അതില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഒരു പരസ്യ കമ്പനി നടത്തുന്ന ആളായിരുന്നു.

അപ്പോള്‍ അതില്‍ കുറേ വര്‍ക്കുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. എയര്‍ ബ്രഷ് എന്ന സാധനം മലയാള സിനിമയില്‍ വന്നത് ആ സമയത്താണ്. അശോകന് അന്നൊക്കെ നിന്ന് തിരിയാന്‍ സമയമില്ലായിരുന്നു. അതുകൊണ്ട് പകരം എന്നോട് പോകാന്‍ പറയുകയായിരുന്നു. ഞാന്‍ വളരെ ജൂനിയറായിരുന്നത് കൊണ്ട് എനിക്ക് അതില്‍ അത്ഭുതം തോന്നി.

എന്നെ പോലെയുള്ള ഒരു ഇഡിയറ്റിനെ സിനിമയുടെ ലൊക്കേഷനിലേക്ക് പറഞ്ഞുവിടുകയാണ്. എന്തെങ്കിലും ചിത്രം വരക്കേണ്ടി വന്നാല്‍ ലൊക്കേഷനിലേക്ക് വരാമെന്ന് അശോകന്‍ പറഞ്ഞു. സിനിമയിലെ പാട്ട് സീനില്‍ കാണിക്കുന്ന സുമലതയുടെ ചിത്രം വരച്ചിരിക്കുന്നത് അശോകനാണ്. അതില്‍ മമ്മൂട്ടിയുടെ കൈ ആയിട്ട് എന്റെ കൈ ആണ് ഉപയോഗിച്ചത്. അവിടെ നിന്നാണ് എന്റെ തുടക്കം,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു.

Content Highlight: Shibu Chakravarthy Talks About Nirakoottu Movie And Mammootty

We use cookies to give you the best possible experience. Learn more