മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്ത് കാസറ്റ് പാട്ടുകള്‍ എഴുതിയ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷിബു ചക്രവര്‍ത്തി മനസ്സു തുറക്കുന്നത്.
വീട്ടില്‍ പറയാതെ മഹാരാജാസില്‍ ഫിലോസഫിക്ക് ചേര്‍ന്നപ്പോള്‍ പഠിക്കാനുള്ള പണം തനിയെ കണ്ടെത്തണമെന്ന് അച്ഛന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് കാസറ്റ് പാട്ടെഴുത്ത് ശീലമാക്കിയതെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു. ആ കാലത്ത് കോളേജില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും കവിതകള്‍ എഴുതിയിരുന്ന കാലമായിരുന്നെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.
‘മഹാരാജാസ് വലിയൊരു സാമ്രാജ്യമായിരുന്നു. അയ്യപ്പപ്പണിക്കരുടെയും സുഗതകുമാരി ടീച്ചറുടേയുമൊക്കെ കവിതകളിങ്ങനെ ഓഡിറ്റോറിയത്തില്‍ മുഴങ്ങിക്കേള്‍ക്കും. ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയുമൊക്കെ അക്കാലത്ത് അവിടെ വിദ്യാര്‍ത്ഥികളാണ്. ബാലനും വിജിയും കാമ്പുള്ള കവിതകള്‍ എഴുതുന്നു.
അവരുടെ കവിതകള്‍ക്ക് കേള്‍വിക്കാരെ കിട്ടുന്നു. അതിനിടയിലാണ് എന്റെ കാസറ്റ് പാട്ടെഴുത്ത്. സംഗതി വിലകുറഞ്ഞൊരു ഏര്‍പ്പാടാണെന്ന് അറിയാം. പക്ഷേ പണമാണല്ലോ ലക്ഷ്യം. അതുകൊണ്ട് അക്കാര്യം ആരും അറിയരുതെന്നൊരു തോന്നല്‍ വന്നു. അങ്ങനെ പേരിനൊപ്പം ചക്രവര്‍ത്തി എന്നു കൂടി ചേര്‍ത്തു.
ടാഗോറിന്റെ ഹോം കമിങ് എന്ന ചെറുകഥയിലെ കഥാപാത്രമാണ് പാറ്റിക് ചക്രവര്‍ത്തി. ആ കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ചക്രവര്‍ത്തി എന്ന് പേരിനൊപ്പം ചേര്‍ത്തത്,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു.
പാട്ടാണോ തിരക്കഥയാണോ കൂടുതല്‍ സൗകര്യപ്രദം എന്ന് ചോദിച്ചാല്‍ കമ്മലുണ്ടാക്കുന്നതും കപ്പലുണ്ടാക്കുന്നതും പോലെയാണ് രണ്ടുമെന്നും അഭിമുഖത്തില്‍ ഷിബു ചക്രവര്‍ത്തി പറഞ്ഞു. പാട്ടെഴുത്തുകാരനായാണ് അറിയപ്പെടുന്നതെങ്കിലും പുരസ്‌കാരങ്ങള്‍ ലഭിച്ചതൊക്കെ തിരക്കഥകള്‍ക്കായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shibu Chakravarthy says about his lyricist life