| Tuesday, 24th August 2021, 12:04 pm

എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു ക്യാമറ കാരണം നഷ്ടപ്പെട്ട ആ മമ്മൂട്ടി സിനിമ; അനുഭവം പങ്കുവെച്ച് ഷിബു ചക്രവര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഗാനരചയിതാവാണ് ഷിബു ചക്രവര്‍ത്തി. തിരക്കഥാകൃത്തായും പ്രേക്ഷകര്‍ക്ക് പരിചിതനാണ് അദ്ദേഹം.

ഇപ്പോള്‍ നടന്‍ മമ്മൂട്ടിയേക്കുറിച്ച് ഷിബു ചക്രവര്‍ത്തി പങ്കുവെച്ച ഒരോര്‍മയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ‘വെണ്‍മേഘഹംസങ്ങള്‍’ എന്ന സിനിമയെ കുറിച്ചാണ് ഷിബു ചക്രവര്‍ത്തി സംസാരിക്കുന്നത്.

ഷിബു ചക്രവര്‍ത്തിയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി നായകനായിട്ടും മികച്ചഗാനങ്ങളുണ്ടായിട്ടും ചില കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അന്ന് ആ സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങളെകുറിച്ച് ഷിബു ചക്രവര്‍ത്തി തുറന്നുപറഞ്ഞത്.

‘ന്യൂ ഡല്‍ഹി സിനിമ വന്‍ വിജയമായതോടെ, ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ഒരു സിനിമ ചെയ്യാന്‍ കമ്പനി ഉടമ ജോയ് തോമസ് ഡെന്നീസ് ജോസഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

അങ്ങനെ ന്യൂ ഡല്‍ഹി സിനിമയുടെ തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ഒരു സംവിധായകനായി മാറാനുളള ഒരുക്കത്തിലായിരുന്നു. ഞാന്‍ തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

വെണ്‍മേഘഹംസങ്ങള്‍ എന്നു പേരിട്ടിരുന്ന സിനിമയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന ആളായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ആ കഥാപാത്രവും ഒരു ആര്‍ട്ടിസ്റ്റും തമ്മിലുളള ബന്ധമായിരുന്നു സിനിമ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. തിരക്കഥയൂം ഗാനങ്ങളുമെല്ലാം പൂര്‍ത്തിയായി. ഔസേപ്പച്ചനായിരുന്നു ഗാനങ്ങള്‍ ഒരുക്കിയത്. മദ്രാസിലായിരുന്നു ചിത്രീകരണം.

സൂര്യ തേജസിനെ സ്വര്‍ണ ബിംബമൊന്നില്‍ , ആവഹിച്ചൊരു ദേവകന്യക മേദിനിക്കു നല്‍കീ’ എന്നായിരുന്നു പുറംലോകം കാണാതിരുന്ന വരികള്‍.

ചിത്രീകരണം തുടങ്ങി ആദ്യ പത്ത് ദിവസത്തെ ഫിലിം ലാബിലേക്ക് അയച്ച് തിരികെ വന്നപ്പോള്‍ ഞങ്ങള്‍ കാണാനിരുന്നു. ആകാംക്ഷ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എഴുതിയ ഒരു കാര്യം മുന്നില്‍ സ്‌ക്രീനില്‍ കാണുമ്പോഴുളള വികാരം പറഞ്ഞറിയിക്കാന്‍ കഴിയുന്നതായിരുന്നില്ല.! എന്നാല്‍ അന്നു ഞാന്‍ കണ്ടത്, മുഴുവന്‍ ഫോക്കസ് തെറ്റിയ സീനുകളായിരുന്നു. ക്യാമറക്കു പ്രശ്നം പറ്റിയിരുന്നെന്ന് ഞങ്ങള്‍ക്ക് അന്നാണ് മനസിലായത്.

പത്തു ദിവസം ഷൂട്ട് ചെയ്തതൊന്നും ഉപയോഗിക്കാന്‍ പറ്റാതായി. തന്റെയും ഡെന്നീസിന്റെയും ജീവിതത്തിലെ ഏറ്റവും അടി കിട്ടിയ സിനിമയായിരുന്നു അത്,’ ഷിബു ചക്രവര്‍ത്തി ഓര്‍ക്കുന്നു. വളരെ മനോഹരമായ ഗാനങ്ങളായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ഗാനങ്ങളൊന്നും പുറം ലോകം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്ന് വിഷമിച്ചിരുന്ന തങ്ങളുടെ കൂടെ നിന്നത് ജോയ് തോമസ് എന്ന നിര്‍മാതാവും ജൂബിലി പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുമാണെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

മമ്മൂട്ടിയുടെ ഡേറ്റ് വെച്ച് അടുത്ത സിനിമ ഉടന്‍ ചെയ്യണമെന്ന് ജൂബിലി പ്രൊഡക്ഷന്‍സ് ആവശ്യപ്പെട്ടതിന്‍പ്രകാരം പിന്നീട് തങ്ങള്‍ ചെയ്ത സിനിമയായിരുന്നു മനു അങ്കിള്‍. 1988ല്‍ പുറത്തിറങ്ങിയ മനു അങ്കിള്‍ കെ.ജി ജോര്‍ജിനു വേണ്ടി വിചാരിച്ചിരുന്ന കഥയായിരുന്നെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shibu Chakravarthy Remember Dennis Joseph Mammootty Movie

We use cookies to give you the best possible experience. Learn more