സംഗീത സംവിധായകന്‍ ഔസേപ്പച്ചനുമായുള്ള തന്റെ ആത്മബന്ധം തുറന്നുപറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി.
ശ്യാമ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിനിടെയാണ് ഔസേപ്പച്ചനുമായി പരിചയത്തിലാകുന്നതെന്നും ഔസേപ്പ് എങ്ങനെയൊക്കെ തലകുത്തിമറിഞ്ഞ് ട്യൂണിട്ടാലും അതിന് യോജിച്ച പാട്ടെഴുതാന്‍ തനിക്ക് സാധിക്കുമെന്നും അതിന് കാരണം തങ്ങള്‍ക്കിടയിലുള്ള അടുപ്പമാണെന്നും ഷിബു ചക്രവര്‍ത്തി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ശ്യാമയുടെ റെക്കോഡിങ് കഴിഞ്ഞ് പാട്ട് പ്ലേ ചെയ്ത് എല്ലാവരും കേട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ കൈയില്‍ വയലിനും പിടിച്ച് ഒരാള്‍ അടുത്തുവന്ന് പാട്ട് അസ്സലായിട്ടുണ്ട് എന്ന് പറഞ്ഞു. ഔസേപ്പച്ചന്‍ ആയിരുന്നു അത്. ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായിക്കാന്‍ വന്നതാണ്. ഔസേപ്പുമായി അന്നു മുതല്‍ സൗഹൃദം തുടരുന്നു, ജോഷിയുടെ ‘വീണ്ടും’ എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത്. പിന്നെ ഒരുപാട് പാട്ടുകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തു.
ഔസേപ്പ് എങ്ങനെ തലകുത്തി മറിഞ്ഞ് ട്യൂണിട്ടാലും അതിന് യോജിച്ച പാട്ട് എനിക്ക് എഴുതാന്‍ പറ്റും. ഞങ്ങള്‍ക്കിടയിലുള്ള അടുപ്പംതന്നെയാകും അതിനുകാരണം. പ്രാഞ്ചിയേട്ടനിലെ ‘കിനാവിലെ ജനാലകള്‍’ എന്ന പാട്ടിന്റെ കമ്പോസിങ്ങിനിടെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഔസേപ്പ് ഫോണിലൂടെ ട്യൂണ്‍ പറഞ്ഞുതന്നു. അതുകേട്ട് ഞാന്‍ പാട്ടെഴുതി,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു.
പാട്ടാണോ തിരക്കഥയാണോ കൂടുതല്‍ സൗകര്യപ്രദം എന്ന് ചോദിച്ചാല്‍ കമ്മലുണ്ടാക്കുന്നതും കപ്പലുണ്ടാക്കുന്നതും പോലെയാണ് രണ്ടുമെന്നായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ മറുപടി. പാട്ടെഴുത്തുകാരനായാണ് അറിയപ്പെടുന്നതെങ്കിലും പുരസ്‌കാരങ്ങള്‍ ലഭിച്ചതൊക്കെ തിരക്കഥകള്‍ക്കായിരുന്നെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക