ആ മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയാലും സൂപ്പർ ഹിറ്റാവണമെന്നില്ല, പക്ഷെ എല്ലാവരും അതാഗ്രഹിച്ചിരുന്നു: ഷിബു ചക്രവർത്തി
Entertainment
ആ മോഹൻലാൽ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയാലും സൂപ്പർ ഹിറ്റാവണമെന്നില്ല, പക്ഷെ എല്ലാവരും അതാഗ്രഹിച്ചിരുന്നു: ഷിബു ചക്രവർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 6:24 pm

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്.

കോമഡി ട്രാക്കിൽ കഥ പറഞ്ഞ് അവസാനം ട്രാജഡിയിൽ അവസാനിപ്പിക്കുന്ന സിനിമകൾ ഒരു സമയത്ത് പ്രിയദർശന്റെ വിജയ ഫോർമുലയായിരുന്നു. വന്ദനം, താളവട്ടം, ചിത്രം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്ന സിനിമകളായിരുന്നു. ഇവയിൽ പ്രേക്ഷകരെ ഇന്നും വേദനിപ്പിക്കുന്ന അവസാനമായിരുന്നു വന്ദനം എന്ന ചിത്രത്തിന്.

വന്ദനം തീർച്ചയായും ചിത്രം പോലെ ഹിറ്റാവേണ്ട സിനിമയാണെന്ന് പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. ഒരുപാട് ഹ്യൂമറുള്ള, എല്ലാവരും എൻജോയ് ചെയ്തു കണ്ട വന്ദനം സൂപ്പർ ഹിറ്റാവാതിരുന്നത് അതിന്റെ ക്ലൈമാക്സ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും ഗിരിജയും ഒന്നിക്കണമെന്ന് സിനിമ കണ്ട എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചിത്രമായി താരതമ്യപ്പെടുത്തിയാൽ വന്ദനം അത്ര വലിയ ഹിറ്റ് സിനിമയല്ല. എന്നാൽ അതൊരു ഹിറ്റാവേണ്ട പടമായിരുന്നു. കാരണം എല്ലാവരും എൻജോയ് ചെയ്ത, ഒരുപാട് ഹ്യൂമറുള്ള ഒരു സിനിമയായിരുന്നു ചിത്രം. ഞങ്ങൾ വലിയൊരു വിജയം ആഗ്രഹിച്ചിട്ടും അതുണ്ടായില്ല. ലാലും ഗിരിജയും അവതരിപ്പിച്ച കഥാപാത്രം ഒരിക്കലും ഒന്നിക്കില്ല എന്നൊരു തോന്നൽ ആദ്യം മുതൽ ആ സിനിമയ്ക്കുണ്ടായിരുന്നു.

എന്നാൽ സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചത് അവർ ഒന്നിച്ചുചേരട്ടെയെന്നായിരുന്നു. എന്നാൽ ക്ലൈമാക്സിലും അവർ ഒന്നിച്ചുചേരാതെ അകന്നുപോവുകയാണ്.  എന്നുകരുതി അവരെ ഒന്നിപ്പിച്ചിരുന്നെങ്കിലും സിനിമ സൂപ്പർ ഹിറ്റാവണമെന്നില്ല. എങ്കിലും നമ്മളെല്ലാം ആഗ്രഹിച്ചത് തിരിച്ചായിരുന്നു,’ഷിബു ചക്രവർത്തി പറയുന്നു.

 

Content Highlight: Shibu Chakravarthi About Vnadhanam Movie Climax