മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കോമഡി ട്രാക്കിൽ കഥ പറയുന്ന സിനിമകൾ പ്രിയദർശന്റെ വിജയ ഫോർമുലയായിരുന്നു.
മികച്ച ഗാനങ്ങൾ സമ്മാനിക്കാനും പ്രിയദർശൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ വലിയ ശ്രദ്ധ നേടിയ ഗാനമായിരുന്നു വന്ദനം സിനിമയിലെ കവിളിണയിൽ കുങ്കുമമോ എന്ന ഗാനം. വളരെ ബുദ്ധിമുട്ട് തോന്നിയ പാട്ടായിരുന്നു അതെന്ന് പറയുകയാണ് ഗാനരചയിതാവ് ഷിബു ചക്രവർത്തി.
എന്നാൽ അതിനേക്കാൾ ബുദ്ധിമുട്ട് ആ പാട്ട് പാടാനായിരുന്നുവെന്നും കാരണം വെള്ളിയിട്ട് പാടേണ്ട ഒരു ഭാഗം ആ ഗാനത്തിൽ ഉണ്ടായിരുന്നുവെന്നും ഷിബു ചക്രവർത്തി പറയുന്നു. എം.ജി ശ്രീകുമാർ എത്ര ശ്രമിച്ചിട്ടും വെള്ളിയിടാൻ കഴിയാതെ വന്നപ്പോൾ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ആ ഭാഗം പാടിയതെന്നും ഷിബു ചക്രവർത്തി കൂട്ടിച്ചേർത്തു.
‘വളരെ ബുദ്ധിമുട്ട് തോന്നിയ ഒരു പാട്ടാണ് വന്ദനത്തിലെ കവിളിണയിൽ കുങ്കുമമോ എന്ന പാട്ട്. പക്ഷെ അതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ആ പാട്ട് പാടാൻ.
കാരണം പാട്ട് നന്നായിട്ട് പാടാൻ നല്ല പാട്ടുക്കാർക്കൊക്കെ പറ്റും പക്ഷെ ആ പാട്ടിൽ വെള്ളിയിട്ട് പാടുന്ന ഒരു ഭാഗമുണ്ട്. അതിന്റെ ചരണത്തിൽ.
രണ്ട് ഓട്ടോറിക്ഷയുടെ ഇടയിൽ മോഹൻലാൽ പെട്ട് പോകുന്ന ഒരു രംഗമുണ്ട്. അവിടെ പാടിക്കൊണ്ടിരിക്കുന്ന മോഹൻലാലിന്റെ സൗണ്ടിലേക്ക് വെള്ളി വീഴുന്നുണ്ട്. എന്നാൽ എം.ജി ശ്രീകുമാർ എത്ര ശ്രമിച്ചിട്ടും വെള്ളി വരുത്തി പാടാൻ കഴിഞ്ഞില്ല. ഒടുവിൽ ഔസേപ്പച്ചനാണ് അതിൽ വെള്ളി വീഴ്ത്തിയിട്ട് പാടിയത്,’ഷിബു ചക്രവർത്തി
Content Highlight: Shibu Chakravarthi About Vandhanam Movie Songs