ഹിറ്റ് മേക്കർ സംവിധായകൻ ജോഷിയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും ചേർന്നൊരുക്കിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ, മമ്മൂട്ടി, സോമൻ, അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
ചിത്രത്തിൽ മമ്മൂട്ടി എന്ന നടൻ തന്നെയായാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്. ട്രെയിനുള്ളിലാണ് സിനിമയുടെ ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്തിട്ടുള്ളത്. സിനിമയിലെ ഗാനങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
‘പിച്ചകപ്പൂങ്കാവുകൾക്ക് അപ്പുറം’ എന്ന ഗാനം ഇന്നും മലയാളികൾ പാടി നടക്കാറുണ്ട്. ആ ഗാനം ഒരു പരീക്ഷണമായിരുന്നുവെന്ന് പറയുകയാണ് ഗാന രചയിതാവ് ഷിബു ചക്രവർത്തി. താനും സംഗീത സംവിധായകൻ ഔസേപ്പച്ചനും ചേർന്നാണ് ആ ഗാനം അങ്ങനെ ഒരുക്കാമെന്ന് തീരുമാനിച്ചതെന്നും ഒരു ട്രെയിൻ യാത്രയുടെ ട്യൂണൊക്കെ നിറച്ചാണ് ഔസേപ്പച്ചൻ ആ ട്യൂൺ ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ അത് പശ്ചാത്തല സംഗീതമാക്കാനേ പറ്റുവെന്ന് ഔസേപ്പച്ചൻ പറഞ്ഞപ്പോൾ താൻ വരികൾ എഴുതിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആ ട്യൂൺ കേട്ട് അടുത്ത് താമസിച്ചിരുന്ന ഒ.എൻ.വി കുറുപ്പ്, നിനക്കൊക്കെ ഭ്രാന്താണോ എന്ന് ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു ഷിബു ചക്രവർത്തി.
‘ചില പരീക്ഷണങ്ങളും ഞങ്ങളുടെ കൂട്ടുകെട്ടിൽ നടത്തിയിട്ടുണ്ട്. അതിലൊന്നിനെക്കുറിച്ച് പറയാം. ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകൾക്ക് അപ്പുറം’ എന്ന പാട്ട് അത്തരത്തിലൊന്നായിരുന്നു. ട്രെയിൻ യാത്രയുടെ താളമൊക്കെ നിറച്ച് ഔസേപ്പച്ചൻ ഒരു ട്യൂൺ ഉണ്ടാക്കി കേൾപ്പിച്ചു.
വരികളൊന്നും എഴുതി പാട്ടാക്കാൻ പറ്റിയ ട്യൂണല്ലെന്നും സിനിമയിലെ പശ്ചാത്തലസംഗീതമാക്കാം എന്നും ഔസേപ്പച്ചൻ പറഞ്ഞു. അതിന് വരികളെഴുതി നോക്കിയാലോ എന്ന് അപ്പോൾ എനിക്ക് തോന്നി. റെക്കോഡിങ്ങിന് പോയി വരു, ഞാനൊരു പരീക്ഷണം നോക്കട്ടെ എന്ന് ഔസേപ്പച്ചനോട് പറഞ്ഞു.
ഞാൻ ഈ ട്യൂണിന് വരികളെഴുതുന്നത് തൊട്ടടുത്ത മുറിയിൽ താമസിച്ച ഒ.എൻ.വി. സാർ കണ്ടു. നിനക്കൊക്കെ എന്താണ് വട്ടാണോ…? എന്നാണ് ട്യൂൺ കേട്ട് അദ്ദേഹം ചോദിച്ചത്. കാരണം അദ്ദേഹം ട്യൂണിട്ട് പാട്ടെഴുതുന്നതിനുതന്നെ എതിരായിരുന്നു. പക്ഷേ, വൈകീട്ട് ഔസേപ്പച്ചൻ വന്നപ്പോഴേക്കും പാട്ട് റെഡി. ഒരുപക്ഷേ, ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രെയിൻ സോങ് അത്. ആ ഗാനം വലിയ ഹിറ്റാവുകയും ചെയ്തു,’ഷിബു ചക്രവർത്തി പറയുന്നു.
Content Highlight: Shibu Chakravarthi About Songs In Number 20 Madras Mail Movie