ആ ഇമേജിൽ മോഹൻലാലിനെ അന്ന് ചിന്തിക്കാൻ കഴിയില്ലായിരുന്നു, അത് മലയാള സിനിമയിൽ വലിയ മാറ്റത്തിന് തുടക്കമിട്ടു: ഷിബു ചക്രവർത്തി
Entertainment
ആ ഇമേജിൽ മോഹൻലാലിനെ അന്ന് ചിന്തിക്കാൻ കഴിയില്ലായിരുന്നു, അത് മലയാള സിനിമയിൽ വലിയ മാറ്റത്തിന് തുടക്കമിട്ടു: ഷിബു ചക്രവർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 8:01 am

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എവർഗ്രീൻ സിനിമയാണ് രാജാവിന്റെ മകന്‍. അദ്ദേഹത്തിന് പുറമെ രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സിനിമ 1986 ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.

മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായകപദവിയിലേക്ക് ഉയര്‍ത്തിയ സിനിമ കൂടിയായിരുന്നു ഇത്. ‘വിന്‍സന്റ് ഗോമസ്’ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ രാജാവിന്റെ മകനില്‍ എത്തിയത്. മലയാളിക്ക് അന്നുവരെ കണ്ടു പരിചയമില്ലാത്ത വില്ലന്‍ പരിവേഷമുള്ള നായക കഥാപാത്രമായിരുന്നു വിന്‍സെന്റ് ഗോമസ്.

രാജാവിന്റെ മകൻ എന്ന സിനിമ എഴുതിയത് മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു. എന്നാൽ തമ്പി കണ്ണന്താനത്തിന്റെ സിനിമകൾ തുടരെ പരാജയപ്പെടുന്ന സമയമായിരുന്നു അതെന്നും അതിനാലാണ് തമ്പി കണ്ണന്താനത്തിന് ഡേറ്റ് കൊടുക്കാൻ മമ്മൂട്ടി വിസമ്മതിച്ചതെന്നും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി പറയുന്നു. അതുവരെ തമാശ സിനിമകൾ ചെയ്തിരുന്ന മോഹൻലാലിലേക്ക് അങ്ങനെയൊരു കഥാപത്രം എത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നുവെന്നും അതൊരു പുതിയ താരോദയത്തിന് കാരണമായെന്നും ഷിബു ചക്രവർത്തി പറഞ്ഞു.

‘തമ്പി കണ്ണന്താനത്തിന് മമ്മൂട്ടി ഡേറ്റ് കൊടുക്കാതെ ആയപ്പോൾ രണ്ടാളും തമ്മിൽ ചെറിയ വഴക്കൊക്കെയായി പിണങ്ങി. അങ്ങനെയാണ് രാജാവിന്റെ മകൻ മോഹൻലാലിൽ എത്തുന്നത്. രാജാവിന്റെ മകൻ തമ്പി കണ്ണന്താനത്തിന് ഒരുപാട് പരാജയങ്ങൾക്ക് ശേഷം വരുന്ന ഒരു സിനിമയായിരുന്നു. മമ്മൂട്ടി ചുമ്മാ ഡേറ്റ് കൊടുക്കാതെ ഇരുന്നതല്ല. ആറോ ഏഴോ സിനിമകളാണ് ഒറ്റ സ്ട്രെച്ചിൽ ഫ്ലോപ്പായത്.

ഈ സമയത്താണ് രാജാവിന്റെ മകൻ വരുന്നത്. എനിക്ക് തോന്നുന്നത് തമ്പിയുടെ അവസാന പടങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടി തന്നെയാണ്. അതുകൊണ്ട് തന്നെ മമ്മൂക്ക ഡേറ്റ് കൊടുക്കാൻ വിസമ്മതിച്ചു. തമാശ സിനിമകളുടെ ഒരു ഗ്രൂപ്പിൽ നിന്നായിരുന്നു മോഹൻലാൽ വന്നത്. പക്ഷെ അങ്ങനെ വന്ന മോഹൻലാലിൻറെ ഇമേജിൽ ഒരിക്കലും രാജാവിന്റെ മകൻ പോലൊരു സിനിമ പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും പറ്റില്ല.

എന്നാൽ മമ്മൂക്ക അന്ന് സീരിയസായ വേഷങ്ങൾ ചെയ്യുകയും അങ്ങനെയുള്ള ഡയലോഗുകൾ പറയുകയും ചെയ്യുന്ന ഒരു കാലമാണ്. അങ്ങനെയുള്ള മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു രാജാവിന്റെ മകൻ. അത് ലാലിലേക്ക് വന്നപ്പോൾ, അതുവരെ മോഹൻലാലിൽ നിന്ന് കാണാത്ത മുഖമാണ് പ്രേക്ഷകർ കണ്ടത്. ആ ഒരു മാറ്റം മലയാളത്തിൽ പുതിയൊരു താരോദയത്തിന് കാരണമായി. ലാലിന് രണ്ടും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിന്റെ തുടക്കമായിരുന്നു രാജാവിന്റെ മകൻ,’ഷിബു ചക്രവർത്തി പറയുന്നു.

Content Highlight: Shibu Chakravarthi About Rajavinte Makan Movie And Mohanlal