| Saturday, 15th April 2023, 10:16 am

'പാട്ടൊക്കെ കൊള്ളാം പക്ഷെ എന്റെ സിനിമയില്‍ വേണ്ടെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ആദ്യം താന്‍ എഴുതിയ വരികള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മാറ്റിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. കഥയുടെ സാഹചര്യങ്ങളില്‍ നിന്നും മാറിയായിരുന്നു താന്‍ ആദ്യം എഴുതിയ വരികള്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

1998ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സിനിമയാണ് ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നൂ’. മോഹന്‍ലാല്‍, രഞ്ജിനി, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ സിനിമയിലെ ഗാനങ്ങള്‍ എഴുതിയത് ഷിബു ചക്രവര്‍ത്തിയാണ്. സിനിമക്ക് വേണ്ടി താന്‍ ആദ്യം എഴുതിയ വരികള്‍ മാറ്റിയെഴുതാന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു എന്ന് പറയുകയാണ് ഷിബു ചക്രവര്‍ത്തി.

‘പ്രിയദര്‍ശന്റെ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തില്‍ എല്ലാവരും ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്  ‘ഓര്‍മകള്‍ ഓടികളിക്കുവാനെത്തുന്നു’  എന്നു തുടങ്ങുന്ന ഗാനം. എന്നാല്‍ അതിന്റെ അനുപല്ലവി ആദ്യം അതായിരുന്നില്ല.  ഇപ്പോള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന വരികള്‍ ഞാന്‍ ഒട്ടും താല്‍പര്യമില്ലാതെ എഴുതിയതാണ്.

‘കര്‍ക്കിട രാവിന്റെ കല്‍പ്പടവില്‍ വന്ന് കാലം കടലാസ് തോണി കളിച്ചു’ എന്നു തുടങ്ങുന്ന വരികളാണ് അനുപല്ലവിയില്‍ ആദ്യം എഴുതിയത്. ആ വരികളില്‍ ശരിക്കും പറയുന്നത് ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. ‘നിന്നെ അണിയിക്കാന്‍ താമരനൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തെടുത്തു’ എന്നാണ് മാറ്റിയെഴുതിയ വരികള്‍.

ശരിക്കും ഞാന്‍ ആ വരികള്‍ എഴുതുമ്പോള്‍ സിറ്റുവേഷന്‍ സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹമായിരുന്നു. പക്ഷെ പാട്ട് റെക്കോഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ പ്രിയന്‍ പറഞ്ഞു പാട്ട് ഒക്കെ നന്നായിട്ടുണ്ട്, പക്ഷെ സാഹചര്യം മാറിപ്പോയി എന്ന്. ഇപ്പോള്‍ ആ സഹോദരിയില്ല. എന്നാല്‍ ട്യൂണ്‍ നന്നായിട്ടുണ്ട്, വരി ഒന്ന് മാറ്റിയാല്‍ മതിയെന്നും പ്രിയന്‍ പറഞ്ഞു.

ഞാന്‍ എഴുതില്ല എന്നൊക്കെ പറഞ്ഞു. കാരണം എനിക്ക് നാല് സഹോദരിമാരാണ്. അപൂര്‍വ്വമായാണ് ഇങ്ങനെ സഹോദര സ്നേഹത്തെ കുറിച്ച് എഴുതാന്‍ എനിക്ക് അവസരം കിട്ടുന്നത്. അത്രക്കും ഇഷ്ടത്തോടെയാണ് ഞാന്‍ ആ വരികള്‍ എഴുതിയത്. അങ്ങനെ എഴുതില്ലായെന്ന് പറഞ്ഞ് പ്രിയനുമായി വഴക്കിട്ടു. പ്രശ്നം പരിഹരിക്കാനായി ഔസേപ്പച്ചന്‍ എന്നെയും കൂട്ടി മറീന ബീച്ചില്‍ പോയി.

അങ്ങനെ മറീന ബീച്ചില്‍ ഏതോ തിരയില്‍ ഒഴുകി വന്ന ഉണങ്ങിയ മരത്തിന്റെ കൊമ്പിലിരുന്ന് ഇഷ്ടമില്ലാതെ എഴുതിയ പാട്ടാണത്. ഔസേപ്പച്ചന്‍ നിര്‍ബന്ധിച്ചാണ് ശരിക്കും ആ പാട്ട് ഞാന്‍ എഴുതുന്നത്,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു.

content highlight: shibu chakravarthi about priyadarsan and mukundettd sumithra vilikkunnu movie

We use cookies to give you the best possible experience. Learn more