| Thursday, 26th December 2024, 10:22 pm

അന്ന് ഏറെ വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു ആ മമ്മൂട്ടി - മോഹൻലാൽ ചിത്രം: ഷിബു ചക്രവർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളിൽ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയിൽ സജീവമാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം.

ജോഷി – ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ, മമ്മൂട്ടി, സോമൻ, അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിൽ മമ്മൂട്ടി എന്ന നടൻ തന്നെയായാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്.

ട്രെയിനുള്ളിലാണ് സിനിമയുടെ ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്തിട്ടുള്ളത്. സിനിമ ഷൂട്ട് ചെയ്ത അനുഭവം പറയുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയായിരുന്നു നമ്പർ 20 മദ്രാസ് മെയിലിന്റേതെന്നും ട്രെയിനിൽ തന്നെയാണ് എല്ലാ സീനുകളും ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

‘അന്ന് വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയായിരുന്നു നമ്പർ 20 മദ്രാസ് മെയിലിന്റേത്. കാരണം ഷൂട്ട് പൂർണമായി ട്രെയിനിലായിരുന്നു. ഔട്ട് ഡോർ സീനുകൾ വളരെ കുറവായിരുന്നു. അത് ട്രെയിനിൽ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. അല്ലാതെ സെറ്റിട്ടിട്ടോ മറ്റ്‌ അഭ്യാസങ്ങളോ ഒന്നുമില്ല.

എല്ലാം ട്രെയിനിൽ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. അതും ഷൊർണൂരിൽ നിന്ന് നിലമ്പൂർ റൂട്ടിലാണ് അതിന് പെർമിഷൻ കിട്ടിയത്. നമുക്ക് വേണ്ടി ഒരു ട്രെയിനും റെയിൽവേ വിട്ടുതന്നു. ഷൂട്ട് മുഴുവൻ രാത്രിയായിരുന്നു. ഈ ട്രെയിൻ ഷൊർണൂർ മുതൽ നിലമ്പൂർ വരെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കും. ഇതിനകത്താണ് എല്ലാ സംഭവവും ഉള്ളത്.

അതിൽ പാട്ടുണ്ട്, ഫൈറ്റുണ്ട്, കൊലപാതകമുണ്ട്. അങ്ങനെയല്ലാമുണ്ട്. ഓരോ റെയിൽവേ സ്റ്റേഷനും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അങ്ങനെ എല്ലാകൊണ്ടും വളരെ പ്രയാസമുള്ള സിനിമയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ,’ഷിബു ചക്രവർത്തി പറയുന്നു.

Content Highlight: Shibu Chakravarthi About Number 20 Madras Mail Movie

We use cookies to give you the best possible experience. Learn more