മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടിൽ പിറന്ന ന്യൂഡെൽഹിയെ കണക്കാക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടിൽ പിറന്ന ന്യൂഡെൽഹിയെ കണക്കാക്കുന്നത്.
തുടർപരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നൽകിയ ചിത്രം കൂടെയായിരുന്നു ന്യൂഡെൽഹി. ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.
ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. വളരെ ബ്രില്ല്യന്റായ ഒരു സ്ക്രിപ്റ്റിങ് ആയിരുന്നു ഡെന്നീസ് ജോസഫ് സിനിമക്ക് വേണ്ടി നടത്തിയതെന്നും മമ്മൂട്ടിയെ കണ്ടാൽ പ്രേക്ഷകർ കൂവുന്ന ഒരു സമയമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രേക്ഷകർ ആഗ്രഹിച്ച രീതിയിലാണ് സിനിമ ഒരുക്കിയതെന്നും ന്യൂഡൽഹി ഇത്ര വലിയ വിജയമായത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘വളരെ ബ്രില്ല്യന്റായ ഒരു സ്ക്രിപ്റ്റിങ് ആയിരുന്നു ഡെന്നീസ് ന്യൂഡൽഹിയിൽ ചെയ്തത്. കാരണം മമ്മൂട്ടിയെ കണ്ടാൽ കൂവുന്ന ഒരുകാലത്ത് കണ്ടാൽ കൂവാൻ തോന്നാത്ത രൂപത്തിലാണ് മമ്മൂക്കയെ അവതരിപ്പിച്ചത്. നടക്കാൻ പോലും പറ്റാത്ത, കണ്ണടയുടെ ചില്ല് പോലും പൊട്ടിയ പ്രേക്ഷകർക്ക് കണ്ടാൽ ഒരിക്കലും കൂവാൻ പോലും തോന്നാത്ത ഒരു കഥാപാത്രമായിരുന്നു അത്.
അത്രയും പാവമാണെന്ന് തോന്നുന്ന രീതിയിലാണ് ഡെന്നീസ് മമ്മൂക്കയെ ന്യൂഡൽഹിയിൽ അവതരിപ്പിച്ചത്. അതിൽ നിന്ന് ജി.കെ എന്ന കഥാപാത്രത്തിന്റെ ഒരു വളർച്ചയുണ്ട്. അത്രയും മനുഷ്യർ ആഗ്രഹിച്ചുപോവുന്ന ഒരു വളർച്ചയായിരുന്നു അത്. അതുകൊണ്ടാണ് ന്യൂഡൽഹി അത്ര വലിയ വിജയമായത്.
ആ അവസ്ഥയിൽ നിന്ന് മമ്മൂക്കയുടെ കൂടെ പ്രേക്ഷകരും ആഗ്രഹിക്കാൻ തുടങ്ങി. ആ ഒരു ഫാക്ടർ ആണെന്ന് തോന്നുന്നു ന്യൂഡൽഹിയെ ഇത്ര വിജയമാക്കി മാറ്റിയത്,’ഷിബു ചക്രവർത്തി പറയുന്നു.
Content Highlight: Shibu Chakravarthi About Newdelhi Movie