പ്രിയദർശൻ സിനിമയിലെ ആ ഫ്രോഡ് കഥാപാത്രം ചെയ്യാൻ മോഹൻലാൽ മടി കാണിച്ചപ്പോൾ ശ്രീനി അതേറ്റെടുത്തു: ഷിബു ചക്രവർത്തി
Entertainment
പ്രിയദർശൻ സിനിമയിലെ ആ ഫ്രോഡ് കഥാപാത്രം ചെയ്യാൻ മോഹൻലാൽ മടി കാണിച്ചപ്പോൾ ശ്രീനി അതേറ്റെടുത്തു: ഷിബു ചക്രവർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th December 2024, 8:13 am

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷത്തിൽ എത്തി പ്രിയദർശൻ അണിയിച്ചൊരുക്കിയ മറ്റൊരു സിനിമയായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.

പതിവ് പ്രിയദർശൻ സിനിമകൾ പോലെ തമാശകൾ നിറഞ്ഞ ചിത്രം തന്നെയാണ് ഇത്. ചിത്രത്തിൽ വിശ്വനാഥ് എന്ന ഒരു ഫ്രോഡ് കഥാപാത്രമായാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്.

എന്നാൽ ഈ കഥാപാത്രം ആദ്യം മോഹൻലാലിന് വേണ്ടി കരുതിയതായിരുന്നുവെന്നും എന്നാൽ ആ വേഷം ചെയ്യാൻ മോഹൻലാലിന് ടെൻഷൻ ഉണ്ടായിരുന്നുവെന്നും പറയുകയാണ് സിനിമയിലെ ഗാനങ്ങൾ രചിച്ച ഷിബു ചക്രവർത്തി. ഒരു സഹോദരി – സഹോദരൻ റിലേഷൻഷിപ്പിൽ തീരുമാനിച്ച സിനിമ പിന്നീട് ചെറിയ മാറ്റം വരുത്തിയപ്പോൾ വരികളും മാറ്റേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

‘പെട്ടെന്ന് പ്ലാൻ ചെയ്ത സിനിമയായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. കഥ പറയുമ്പോഴൊക്കെ പ്രിയൻ പറയുന്നുണ്ട്, ഇത് ഹിന്ദിയിൽ നിന്നുള്ള സബ്ജെക്ട് ആണെന്ന്. മോഹൻലാലിൻറെ കഥാപാത്രത്തെ കുറിച്ച് എന്നോട് പറയുന്നത്, ഒരു ഫ്രോഡായിട്ടുള്ള വേഷമാണ് എന്നായിരുന്നു. സ്വന്തം സഹോദരി മെഡിസിന് പഠിക്കുന്നതുകൊണ്ടാണ് ആ കഥാപാത്രം അങ്ങനെയൊക്കെ ചെയ്യുന്നത്.

പക്ഷെ പിന്നെ ഒരു ദിവസം പ്രിയൻ എന്നോട് പറഞ്ഞു, ആ സഹോദരിയെ കുറിച്ച് എഴുതിയില്ലേ, അതിൽ ചെറിയ മാറ്റം വരുത്തണമെന്ന്. ഞൻ കാരണം ചോദിച്ചപ്പോൾ പ്രിയൻ പറഞ്ഞു, സഹോദരി – സഹോദരൻ ബന്ധം മാറി അതൊരു പ്രണയമായി എന്ന്. എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല. ആ റിലേഷൻഷിപ്പ് പെട്ടെന്ന് എങ്ങനെയാണ് പ്രണയമാകുന്നതെന്ന് ഞാൻ ചോദിച്ചു.

ആ കഥയിൽ അങ്ങനെയൊരു കാസ്റ്റിങ് മാറ്റേണ്ടിവന്നെന്ന് പ്രിയൻ മറുപടി നൽകി. ആദ്യം പറഞ്ഞ ആ ഫ്രോഡ് കഥാപാത്രം ഇനി ശ്രീനിയാണ് ചെയ്യുന്നതെന്നും മറ്റേ നല്ലവൻ കഥാപാത്രം ലാലാണ് ചെയ്യുന്നതെന്നും പ്രിയൻ പറഞ്ഞു. ലാലിന് ഫ്രോഡ് കഥാപാത്രം ചെയ്യാൻ ടെൻഷനുണ്ടെന്നും പ്രിയൻ പറഞ്ഞു.

ലാൽ ചെയ്യാനിരുന്ന റോൾ ശ്രീനിയും ശ്രീനി ചെയ്യാനിരുന്ന റോൾ ലാലും ചെയ്യും. അപ്പോൾ ലാലിൻറെ ഒരു പ്രണയത്തിനനുസരിച്ച് ഈ വരികൾ മാറ്റണമെന്ന് പ്രിയൻ പറഞ്ഞു,’ഷിബു ചക്രവർത്തി പറയുന്നു.

 

Content Highlight: Shibu Chakravarthi About  Mukunthetta Sumithra Vilikkunnu