ഓസ്‌കാര്‍ പുരസ്‌കാരവുമായി ലോക സംഗീതത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിനിൽക്കുന്ന വ്യക്തിയാണ് എം.എം. കീരവാണി.
ഇന്ത്യന്‍ സംഗീതത്തിനെ വാനോളം ഉയര്‍ത്തിയാണ് ആര്‍.ആര്‍.ആർ എന്ന ചിത്രത്തിലെ ഗാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നില്‍ ആദരിക്കപ്പെട്ടത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയും കീരവാണി ഭാരതത്തെ അഭിമാനത്തിന്റെ ഉച്ഛസ്ഥായിയില്‍ എത്തിച്ചിരുന്നു.
കീരവാണി എന്ന സംഗീതജ്ഞന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മലയാളവും അദ്ദേഹവും ഒന്നിച്ചപ്പോളെല്ലാം പിറന്നത് എക്കാലത്തെയും മികച്ച ക്ലാസിക്കുകളായിരുന്നു. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കാണ് കീരവാണി സംഗീതം നല്‍കിയിട്ടുള്ളത്. കീരവാണിയെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചിയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി.
പണ്ട് കീരവാണിക്ക് ആയുസ് കുറവായിരിക്കുമെന്ന് ഒരു ജോത്സ്യൻ പറഞ്ഞെന്നും അതിനുശേഷം അദ്ദേഹം സന്ന്യാസം സ്വീകരിച്ചെന്നും ഷിബു ചക്രവർത്തി പറയുന്നു. ആ സമയത്ത് കുടുംബമായിട്ടുള്ള എല്ലാ ബന്ധവും അദ്ദേഹം ഉപേക്ഷിച്ചെന്നും അന്ന് കീരവാണി ഒരു സിനിമയുടെ ഭാഗമായാൽ ആ സിനിമ തെലുങ്കിലെ സൂപ്പർഹിറ്റായി മാറുമായിരുന്നുവെന്നും ഷിബു ചക്രവർത്തി പറഞ്ഞു.
‘രാജമൗലിയുടെയൊക്കെ അങ്കിളായിട്ട് വരും കീരവാണി. അവരുടെ കുടുംബത്തിൽ വലിയൊരു ജോത്സ്യൻ ഉണ്ടായിരുന്നു. അദ്ദേഹം കീരവാണിയുടെ ജാതകം നോക്കിയിട്ട് പറഞ്ഞത്, കീരവാണിക്ക് 32 വയസുവരെയെ ആയുസുള്ളൂ എന്നായിരുന്നു. അന്ന് കീരവാണി വിവാഹം കഴിച്ചിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ലൈഫ് സർക്കിൾ പൂർത്തിയാകാനായിരുന്നു ആ ജോത്സ്യൻ അദ്ദേഹത്തോട് പറഞ്ഞത്.
അയാൾ കീരവാണിയോട് സന്ന്യാസം സ്വീകരിക്കാനാണ് പറഞ്ഞത്. അതിനുശേഷം കീരവാണി സന്ന്യാസിയായി മദ്രാസിലെ ഏതോ മരത്തിന് ചുവട്ടിൽ കിടന്നുറങ്ങി. ആ സന്ന്യാസ വേഷത്തിൽ ജീവിക്കുകയും ചെയ്തു. ആ സമയത്ത് കുടുംബമായിട്ടുള്ള എല്ലാ ബന്ധവും അദ്ദേഹം ഉപേക്ഷിച്ചു.
ഈ സമയത്ത് മറ്റൊരു കാര്യവും കൂടെ സംഭവിച്ചു. ചെറിയൊരു മ്യൂസിക് ഡയറക്ടറായിരുന്ന കീരവാണി ഒരു സിനിമ സംഗീതം ചെയ്യാൻ ഏറ്റാൽ ആ സിനിമ തെലുങ്കിലെ സൂപ്പർഹിറ്റാവുന്ന അവസ്ഥ വന്നു. അതോടെ തെലുങ്കിലെ ഏറ്റവും തിരക്കുള്ള മ്യൂസിക് ഡയറക്ടറായി അദ്ദേഹം മാറി,’ഷിബു ചക്രവർത്തി പറയുന്നു.
Content Highlight: Shibu Chakravarthi About M.M.Keeravani