ഹിറ്റ് മേക്കർ സംവിധായകൻ ജോഷി ഒരുക്കിയ മമ്മൂട്ടി ചിത്രമായിരുന്നു നായർ സാബ്. മുകേഷ്, സുരേഷ് ഗോപി, സുമലത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം 1989 ലാണ് റിലീസായത്. ഡെന്നീസ് ജോസഫും ഷിബു ചക്രവർത്തിയും ചേർന്നെഴുതിയ ചിത്രം വലിയ വിജയമായിരുന്നു.
നായർ സാബ് സിനിമയുടെ ഏറ്റവും കഠിനമേറിയ ഭാഗം ആ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടായിരുന്നുവെന്ന് പറയുകയാണ് ഷിബു ചക്രവർത്തി. ആ ഷോട്ടിൽ ഒരു ഹെലികോപ്ടറുണ്ടെന്നും അത് താഴെ നിന്ന് നിയന്ത്രിച്ചത് ജോഷ് ആയിരുന്നുവെന്നും ഷിബു ചക്രവർത്തി പറയുന്നു. എന്നാൽ മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കളാണ് ഏറ്റവും കഷ്ടപെട്ടതെന്നും അവരെ മഞ്ഞിൽ കുഴിച്ചിട്ടാണ് ആ സീൻ ഷൂട്ട് ചെയ്തതെന്നും ഷിബു ചക്രവർത്തി പറഞ്ഞു.
‘നായർ സാബ് സിനിമയുടെ ഏറ്റവും കഠിനമേറിയ ഭാഗം ആ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടായിരുന്നു. ആ ഷോട്ടിൽ ഹെലികോപ്റ്ററൊക്കെയുണ്ട്. ശ്രീനഗറിൽ നിന്ന് വിദേശിയരുമായി വരുന്ന ഹെലികോപ്ടറാണത്. ഞങ്ങളത് പറഞ്ഞിട്ട് സെറ്റാക്കിയതാണ്. ആ ഹെലികോപ്ടർ ഏത് പൊസിഷനിലൂടെയാണ് പറക്കേണ്ടതെന്ന് ജോഷി സാർ താഴെ നിന്ന് നിർദേശം കൊടുക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് ആ രണ്ട് പൈലറ്റുമാരുടെയും പിന്നിൽ ബസിൽ നിൽക്കുന്ന പോലെ നിന്നിട്ട് ഞാനാണ് കാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നത്. അതിനപ്പുറമാണ് മമ്മൂക്കയെയും മറ്റുള്ളവരെയും മഞ്ഞിൽ കുഴിച്ചിട്ടിട്ടുള്ള അതിന്റെ ക്ലൈമാക്സ്. അതോർക്കുമ്പോൾ ഇന്നും മമ്മൂക്കയെ തൊഴണം.
കാരണം കൊടുംതണുപ്പാണ് അവിടെ. അതിന്റെ ഇടയിലാണ് അവരെ അവിടെ കുഴിച്ചിട്ടത്. എന്തൊക്കെ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞാലും കാര്യമില്ല മഞ്ഞിൽ മുങ്ങി കിടന്ന് അഭിനയിക്കുകയെന്നത് വലിയ റിസ്‌ക്കാണ്. ഞാനും ഡെന്നീസും ചേർന്നാണ് നായർ സാബിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ശരിക്കും പറഞ്ഞാൽ ആദ്യ പകുതി ഞാനും ഡെന്നീസും ചേർന്നും രണ്ടാംപകുതി ഞാൻ ഒറ്റയ്ക്കുമാണ് ആ സിനിമ പൂർത്തിയാക്കിയത്.
കാരണം ആ സിനിമയുടെ നേട്ടവും കോട്ടവുമൊക്കെ ഞങ്ങൾ ഒന്നിച്ചാണ് അറിഞ്ഞത്. ആദ്യ പകുതിയോടെ തീർന്നുപോവുന്ന ഒരു കഥയായിരുന്നു നായർ സാബിന്റേത്. അതായിരുന്നു ആ സിനിമയുടെ പ്രധാന പ്രശ്നവും,’ഷിബു ചക്രവർത്തി പറയുന്നു.
Content Highlight: Shibu Chakravarthi About Climax Of Nair Sab