| Tuesday, 6th December 2022, 8:13 am

'ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ' ഒ.എന്‍.വി സാര്‍ ചോദിച്ചു; മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് പാട്ടിനെ കുറിച്ച് ഷിബു ചക്രവര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി പുറത്തുവന്ന ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയ്ല്‍. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രത്തിലെ പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം എന്ന പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു. ഈ പാട്ട് പിറന്നതിന് പിന്നിലെ കഥ പറയുകയാണ് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പാട്ടിന് ട്യൂണ്‍ ഇടുന്നതിനിടയില്‍ ഒ.എന്‍.വി കുറുപ്പ് മുറിയിലേക്ക് കയറി വന്ന അനുഭവവും ഷിബു ചക്രവര്‍ത്തി പങ്കുവെച്ചു.

‘ആ പാട്ടിന്റേത് വളരെ ടഫായിട്ടുള്ള സിറ്റുവേഷനാണ്. കുറച്ച് പേര് അടിച്ചുപൊളിക്കുന്നു. ഭാര്യ മരിച്ചുപോയി, ഒരുത്തന്‍ കിടന്നു കരയുമ്പോള്‍ ഒരു പാട്ട് വേണമെന്ന് പറഞ്ഞാല്‍ നമുക്ക് ഈസിയാണ്. പക്ഷേ ഇവിടെ ആ പഞ്ച് വേണം, ട്രെയ്‌നിന്റെ വേഗത വേണം, ഒരു പെപ്പിനെസ് വേണം. ഇതൊക്കെ ആവശ്യപ്പെടുന്നതാണ് ആ സിറ്റുവേഷന്‍.

ഔസേപ്പച്ചന്‍ മുറിയിലിരുന്നു ഹാര്‍മോണിയം പെട്ടിയില്‍ ട്യൂണ്‍ വായിക്കുകയാണ്. ഈ സമയത്ത് ഒ.എന്‍.വി സാര്‍ തൊട്ടടുത്ത റൂമിലുണ്ടായിരുന്നു. സാര്‍ ഈ ട്യൂണ്‍ കേട്ടിട്ട് കേറി വന്നു, ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ എന്ന് ചോദിച്ചു. എന്നെ നേരിട്ട് പഠിപ്പിച്ചില്ലെങ്കില്‍ പോലും പാര്‍ട്ടിയൊക്കെയായിട്ടുള്ള ബന്ധമൊക്കെ വെച്ച് വലിയ വാത്സല്യമാണ് നമുക്ക് സാര്‍ തന്നിരുന്നത്.

സാറിന്റെ ചോദ്യം കേട്ടപ്പോള്‍ പാട്ട് എഴുതി കഴിഞ്ഞിട്ട് കാണിക്കാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ വരികള്‍ എഴുതുകയാണ്. ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം പവന്‍ അത്രയും ഉരുകി വീണു പോയി’, സ്വര്‍ണം ഉരുകി വീഴുകയാണ്. ‘പിച്ചളക്കുണുക്കുമിട്ട് ഈ വിണ്‍രഥം’ എന്ന് പറഞ്ഞാല്‍ സൂര്യരഥമാണ്, ഈ രഥം ഇത്രവേഗം എന്തിനാണ് മാഞ്ഞുപോയത്, ‘മേഘപടത്തിന്‍ മേലെ നിന്നുരുണ്ട് വീണു താഴികക്കുടം’.

ആ ട്യൂണിന് അനുസരിച്ചാണ് പാട്ട് എഴുതുന്നത്. ആ കട്ടിങ് പെര്‍ഫെക്ടായിരിക്കണം. വീണുടഞ്ഞ താഴികക്കുടമെടുത്തിട്ട് ആരാണ് ഈ മാല തീര്‍ക്കുന്നത്, അത് വാനില്‍ നക്ഷത്രങ്ങളായി മാറുകയാണ്,’ ഷിബു ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Contentb Highlight: shibu chakavarthy talks about a song in no 20 madras mail movie

We use cookies to give you the best possible experience. Learn more