|

ഒറ്റപ്പെട്ട അവസ്ഥയിലും ലാല്‍ അത് ആവശ്യപ്പെട്ടിരുന്നില്ല; പക്ഷേ ലാലിന്റെ മാനസികാവസ്ഥ ഞങ്ങള്‍ മനസിലാക്കി: ഷിബു ബേബി ജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.

എന്നാല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണായിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.

‘ഞാന്‍ വാലിബന്റെ ഷൂട്ടിങ് തുടങ്ങിയ ദിവസം ലൊക്കേഷനിലേക്ക് പോയിരുന്നു. അന്ന് തന്നെ എനിക്ക് അവിടുന്ന് തിരിച്ചു വരേണ്ടി വന്നു. പിന്നെ ഞാന്‍ ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി. അതുകൊണ്ട് എനിക്ക് പിന്നീട് അങ്ങോട്ട് പോകാന്‍ പോലും സമയം കിട്ടിയില്ല.

എപ്പോഴും ജനങ്ങളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്വകാര്യതക്ക് വേണ്ടി എവിടെങ്കിലും രണ്ട് ദിവസം മാറി നില്‍ക്കാന്‍ കൊതിക്കുന്ന ആളാണ് ലാല്‍. അങ്ങനെ ഒരാള്‍ രണ്ടര മാസത്തോളം രാജസ്ഥാനില്‍ പോയി ഒരാളുമായി ബന്ധമില്ലാത്ത നിലയില്‍ ഒറ്റപെട്ടു കഴിയേണ്ടി വന്നു.

ആദ്യം ജയ്സല്‍മീറിലായിരുന്നു, പിന്നെ പൊഖ്രാന്‍ ഫോര്‍ട്ടിലേക്ക് പോയി. അത് ഭാര്‍ഗിവനിലയം പോലെയുള്ള സ്ഥലമാണ്. ഒരു മാസത്തോളം ലാല്‍ അവിടെ താമസിച്ചു. പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെയാണ് അവിടെ താമസിച്ചത്. ചുറ്റും ലാലിന് അടുപ്പമുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് ഇടക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് അവിടേക്ക് പോയിരുന്നു. ലാലിനൊപ്പം ഇരുന്ന് ലാലിന്റെ ബോറടിമാറ്റാന്‍ വേണ്ടിയായിരുന്നു അത്. ലാലിന്റെ അവസ്ഥ എന്നെ വല്ലാതെ അലട്ടിയിരുന്നു. കാരണം ഞാന്‍ പൊഖ്രനില്‍ പോയപ്പോഴാണ് അതിന്റെ ഭീകരത എനിക്ക് മനസിലാകുന്നത്.

ഒരു വലിയ കോട്ടയുടെ പല ഭാഗത്തായി പത്തോ പന്ത്രണ്ടോ മുറികളുണ്ടായിരുന്നു. ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് എത്താന്‍ തന്നെ വലിയ പ്രയാസമാണ്. ലാലിന് അടുത്ത് ആരുടേയും മുറിയില്ല. ആകെ ഒറ്റപെട്ടു കഴിയേണ്ട അവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്.

ലാലിന്റെ ബോറടി മനസിലാക്കി എന്റെ മറ്റൊരു സുഹൃത്തിനെ ഞാന്‍ രണ്ട് ആഴ്ച്ചത്തേക്ക് അവിടേക്ക് പറഞ്ഞ് വിട്ടു. ഒന്നുമില്ല ചുമ്മാ ലാലുമായി സംസാരിച്ച് ഇരുന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞു. ഈ കാര്യം ലാല്‍ ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ ആളുടെ മാനസികാവസ്ഥ ഞങ്ങള്‍ മനസിലാക്കി. ഒറ്റപ്പെട്ടിരിക്കേണ്ടി വരുന്ന അവസ്ഥ തിരിച്ചറിയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.


Content Highlight: Shibu Baby John Talks About Mohanlal’s Situation In Malaikottai Valiban Location

Video Stories