മലൈക്കോട്ടൈ വാലിബൻ തീർച്ചയായും രണ്ടാം ഭാഗത്തിന് സാധ്യതയുള്ള സിനിമയാണെന്ന് ഷിബു ബേബി ജോൺ.
എന്നാൽ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനും ബാക്കി കാര്യങ്ങളും പരിഗണിച്ചു മാത്രമേ ആ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്നും റിപ്പോർട്ടർ ടി. വിയോട് അദ്ദേഹം പറഞ്ഞു.
മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്ക് വരുന്ന സമ്മിശ്ര പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുംആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് നേടിയത്.
സിനിമയ്ക്കെതിരെ വലിയ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്ന ആരോപണമായി സംവിധായകനും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ്.
‘വാലിബന്റെ രണ്ടാം ഭാഗം ഒരു വലിയ സബ്ജെക്റ്റ് ആണ്. ഇത് എങ്ങനെ വേണമെങ്കിലും മാറ്റാൻ കഴിയുന്ന ബാക്ക് സ്റ്റോറികളൊക്കെയുണ്ട്. ഇതൊരു വലിയ സംഭവം തന്നെയാണ്. ലിജോയുടെ ആ കാഴ്ചപ്പാട് ഒരു സിനിമയിലേക്ക് ഒതുങ്ങുന്നതല്ലെന്ന് ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ അറിയാമായിരുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ ഒരു സിനിമയാക്കാൻ ആദ്യം ശ്രമിച്ചപ്പോൾ, ലിജോയുടെ വീക്ഷണത്തിലുള്ള സിനിമ പൂർത്തിയാക്കാൻ ഏകദേശം 4.30 മണിക്കൂർ വേണം.
അങ്ങനെയാണ് ഒരു വർഷം മുമ്പ് തന്നെ ഇതിന്റെ രണ്ടാം ഭാഗം ഞങ്ങൾ ആലോചിച്ചത്. ഇനി തീർച്ചയായും ഇതിന്റെ ബോക്സ് ഓഫീസ് കളക്ഷൻസും ബാക്കി കാര്യങ്ങളും പരിഗണിച്ചായിരിക്കും തുടർച്ചയെ കുറിച്ച് തീരുമാനം എടുക്കുന്നത്. ഉറപ്പായിട്ട് മുന്നോട്ട് പോവേണ്ട ഒരു വലിയ സാധ്യത തന്നെ ഈ പ്രൊജക്റ്റിന് ഉണ്ട്,’ഷിബു ബേബി ജോൺ പറയുന്നു.
Content Highlight: Shibu Baby John Talk About Second Part Of Malaikotte Valiban