| Wednesday, 28th February 2024, 11:35 am

മോഹന്‍ലാല്‍ ചീത്ത നടനാണെന്ന് പറഞ്ഞാലേ കാര്യമുള്ളൂ എന്ന് അവര്‍ക്കറിയാം: ഷിബു ബേബി ജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഏറ്റവും ഹൈപ്പോടെ എത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ.

മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനായിരുന്നു. മമ്മൂട്ടിയെ വെച്ച് നൻപകൽ നേരത്ത് മയക്കം ഒരുക്കിയ ലിജോ മോഹൻലാലിനെ ഏത്‌ രീതിയിലാണ് അവതരിപ്പിക്കുകയെന്ന് കാണാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ചിത്രം ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്.

വാലിബന് മുമ്പ് ഇറങ്ങിയ നേര് എന്ന ചിത്രമൊഴികെ മറ്റ് മോഹൻലാൽ ചിത്രങ്ങളെല്ലാം തുടർ പരാജയമായിരുന്നു. 2018ൽ ഇറങ്ങിയ ഒടിയന് ശേഷം മോഹൻലാലിലെ നടൻ മങ്ങുന്നുവെന്ന ആരോപണവും ശക്തമായി ഉയർന്ന് വന്നിരുന്നു.

എന്നാൽ ഈ പരാതികൾക്കും ആരോപണങ്ങൾക്കുമെല്ലാമുള്ള ശക്തമായ മറുപടിയാണ് വാലിബനെന്ന് ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ പറയുന്നു.

അതിനൊന്നും മറുപടി അർഹിക്കുന്നില്ലെന്നും മോഹൻലാൽ ഒരു ചീത്ത നടനാണെന്ന് പറഞ്ഞാലേ വാർത്ത വരുകയുള്ളൂവെന്നും മാസ്റ്റർ ബിനിനോട് അദ്ദേഹം പറഞ്ഞു.

‘മോഹൻലാൽ നല്ല നടനാണെന്ന് പറഞ്ഞാൽ വാർത്ത വരുമോ. മോഹൻലാലിനെ ചീത്ത പറഞ്ഞാലേ വാർത്ത വരുകയുള്ളൂ. അതിന് വേണ്ടിയാണ് ഓരോരുത്തർ പലതും സൃഷ്ടിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ ഈ പറഞ്ഞ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാണല്ലോ.

കണ്ണിന്റെ മാസ്മരികത പോയി, ചുണ്ടനക്കം പോയി ഇങ്ങനെ പറയുന്നതിനെല്ലാം ഉത്തരം മലൈക്കോട്ടൈ വാലിബനിൽ ഉണ്ടല്ലോ. അങ്ങനെ ജീവിക്കുന്ന തെളിവായി വാലിബൻ മുന്നിൽ നിൽക്കുമ്പോൾ ഇതിന് മറുപടി അർഹിക്കുന്നുണ്ടോ,’ഷിബു ബേബി പറയുന്നു.

ഒരു സിനിമ മോശമാവമെന്ന് കരുതി ആരും തെരഞ്ഞെടുക്കുന്നില്ലെന്നും ചില പരീക്ഷണങ്ങൾ പാളുമെന്നും ചിലത് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒരു സിനിമയും മോശമാവണമെന്ന് ആഗ്രഹിച്ചു കൊണ്ട് ആരും എടുക്കില്ലല്ലോ. എല്ലാം നല്ലതാവാൻ വേണ്ടിയാണ് എടുക്കുന്നത്. ചില പരീക്ഷണങ്ങൾ പാളും ചിലത് വിജയിക്കും. മോഹൻലാൽ ഒരു കഥ തെരഞ്ഞെടുത്തത് കൊണ്ടാണ് മോശമായി പോയത് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ലാ. കാരണം എന്തെങ്കിലും പോസിറ്റീവ് കണ്ട് കൊണ്ടാണല്ലോ എടുക്കുന്നത്,’ ഷിബു ബേബി ജോൺ പറയുന്നു

Content Highlight: Shibu Baby John Talk About Mohanlal

We use cookies to give you the best possible experience. Learn more