| Sunday, 28th January 2024, 11:01 am

ലിജോ, പൃഥ്വിരാജിനെ പോലെയോ ഷാജി കൈലാസിനെ പോലെയോ സിനിമയെടുക്കുന്ന ഒരാളല്ല; വാലിബനെ കുറിച്ച് ഷിബു ബേബി ജോൺ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി ഒരിക്കലും പൃഥ്വിരാജിനെ പോലെയോ ഷാജി കൈലാസിനെ പോലെയോ ഒരു സംവിധായകനല്ല എന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. ലിജോയിൽ നിന്ന് അതാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഒന്നും പറയാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ നിർമിച്ചത് ഷിബു ബേബി ജോൺ ആയിരുന്നു. വലിയ ഹൈപ്പിൽ വന്ന ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. ഇതിനെ കുറിച്ച് റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു മുൻവിധികളോടെ വരരുതെന്ന്. ഇതൊരു ലിജോ ജോസ് പെല്ലിശ്ശേരി പടമാണെന്ന്. ഇത് ലാലിന്റെ പ്രകടനത്തിന് സ്പേസ് ഉള്ള ഒരു സിനിമയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരു തരത്തിലുള്ള ഹൈപ്പും സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ആളുകൾ പല തരത്തിൽ അനുമാനിച്ചു.

ലിജോ ഒരിക്കലും പൃഥ്വിരാജിന്റെ രീതിയിലോ ഷാജി കൈലാസിന്റെ രീതിയിലോ സിനിമ എടുക്കുന്ന ഒരാളല്ല. ലിജോയുടെ ഒരു സിനിമയിൽ ആരെങ്കിലും തെറ്റായി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ നമുക്കതിൽ ഒന്നും ചെയ്യാനില്ല,’ ഷിബു ബേബി ജോൺ പറയുന്നു.

വിദേശിയരായ സിനിമാ നിരൂപകർ ചിത്രത്തെ കുറിച്ച് പറയുന്നത് കേട്ട് വലിയ സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്കിതിൽ വളരെ സന്തോഷം തോന്നിയ ഒരു കാര്യം, ചിത്രത്തിന്റെ ഒരു റിവ്യൂ ഞാൻ കഴിഞ്ഞ ദിവസം കേട്ടു. യു. എസിൽ ഇരുന്ന് കൊണ്ട് രണ്ട് യു. എസ്‌ പൗരന്മാർ നടത്തുന്ന റിവ്യൂവാണ്. അവർ പറഞ്ഞത് വാലിബന്റെ സിനിമോട്ടോഗ്രാഫി ഓസ്കർ ലെവൽ ആണെന്നാണ്. രണ്ട് യു. കെ പൗരൻമാർ പറയുന്ന അഭിപ്രായവും ഞാൻ കേട്ടു. ഹോളിവുഡ് ലെവലിലുള്ള ഒരു പടമാണ് എന്നാണ് അവരും പറഞ്ഞത്.

അതുതന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അത് തന്നെയാണ് മലയാളികൾക്കും ഞങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിച്ചത്. അതിനുള്ള അംഗീകാരം ലഭിക്കുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്,’ ഷിബു ബേബി ജോൺ പറഞ്ഞു.

Content Highlight: Shibu Baby John Talk About Lijo Jose Pellisery’s Direction Style

We use cookies to give you the best possible experience. Learn more