ഈ വർഷം തുടക്കത്തിൽ മലയാളത്തിൽ ഏറ്റവും ഹൈപ്പോടെ എത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും വലിയ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു വാലിബൻ. എന്നാൽ സിനിമ ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണം നേടുകയും ചിത്രത്തെ മോശമായി ബാധിക്കുകയും ചെയ്തിരുന്നു.
മോഹൻലാലിന്റെ പരീക്ഷണ സിനിമകൾ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടുന്നില്ല എന്നായിരുന്നു അന്ന് ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ പറഞ്ഞത്. മറിച്ച് മമ്മൂട്ടിയുടെ പരീക്ഷണ സിനിമകൾ വലിയ രീതിയിൽ വിജയമാവറുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഷിബു ബേബി ജോൺ.
മമ്മൂട്ടി ഒരുപാട് പരീക്ഷണ ചിത്രങ്ങൾക്കായി വളരെ ബോൾഡായി തീരുമാനമെടുത്തെന്നും ആ കാര്യത്തിൽ അദ്ദേഹത്തെ സമ്മതിച്ച് കൊടുക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
വാലിബന് വേണ്ടി മോഹൻലാലും ഒരുപാട് വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ടെന്നും മാസ്റ്റർ ബിനിനോട് അദ്ദേഹം പറഞ്ഞു.
ഒരു സിനിമയും മോശമാവണമെന്ന് ആഗ്രഹിച്ചു കൊണ്ട് ആരും എടുക്കില്ലല്ലോ. എല്ലാം നല്ലതാവാൻ വേണ്ടിയാണ് എടുക്കുന്നത്. ചില പരീക്ഷണങ്ങൾ പാളും ചിലത് വിജയിക്കും. മോഹൻലാൽ ഒരു കഥ തെരഞ്ഞെടുത്തത് കൊണ്ടാണ് മോശമായി പോയത് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ലാ. കാരണം എന്തെങ്കിലും പോസിറ്റീവ് കണ്ട് കൊണ്ടാണല്ലോ എടുക്കുന്നത്.
പക്ഷെ മമ്മൂക്ക വളരെ ബോൾഡായിട്ട് കുറേ പരീക്ഷണങ്ങൾക്ക് മുതിർന്നു. അത് നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റൂ. അതിന് വലിയ സ്വീകാര്യതയും കിട്ടിയിട്ടുണ്ട്. അതേസമയം മോഹൻലാലിനെ സംബന്ധിച്ചിടത്തോളം വാലിബൻ വളരെ വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷണമായിരുന്നു.
തുടക്കത്തിൽ അതിനൊരു നെഗറ്റീവ് വന്നെങ്കിലും അതിന് ശേഷം ആ പടം കണ്ട എല്ലാവരും വളരെ പോസിറ്റീവായ അഭിപ്രായമാണ് എന്നോട് പറഞ്ഞത്. മലയാള സിനിമ എക്കാലത്തും ഓർത്തിരിക്കുന്ന ഒരു ഗെയിം ചേഞ്ചർ തന്നെയാണ് വാലിബൻ എന്നതിൽ ഒരു സംശയവുമില്ല,’ ഷിബു ബേബി ജോൺ പറയുന്നു.
Content Highlight: Shibu baby john talk about experimental roles of mammootty and mohanlal