| Monday, 15th February 2016, 10:45 am

സോളാര്‍ കമ്മീഷനെതിരായ വായ്‌നോക്കി പരാമര്‍ശം; ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോളാര്‍ കമീഷനെ വിമര്‍ശിച്ച തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പ് പറഞ്ഞു. കമീഷനെ ബോധപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും. പ്രസംഗത്തില്‍ അറിയാതെ പറഞ്ഞതാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

സോളാര്‍ കമീഷന് അഭിഭാഷകന്‍ മുഖാന്തരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.

കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയിയ്ക്കിടെയാണ് മന്ത്രി ഷിബു ബേബി ജോണ്‍ സോളാര്‍ കമീഷനെ വിമര്‍ശിച്ചത്.

മന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കമീഷന്‍ വിശദീകരണം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഷിബുവിന്റെ അഭിഭാഷകനായ അഡ്വ. ശിവന്‍ മഠത്തിലിനോട് നേരിട്ട് ഹാജരാകാനും കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

താന്‍ വിമര്‍ശിച്ചത് കമ്മിഷനെ അല്ലെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത പ്രതികളെയാണെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കൊല്ലത്ത് നടന്ന പൊതുയോഗത്തിലായിരുന്നു ഷിബു ബേബി ജോണ്‍ വിവാദ പരാമര്‍ശം നടത്തിയത്. കണ്ട വായിനോക്കികളുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് 14 മണിക്കൂര്‍ പോയി ഇരിക്കേണ്ടെന്ന് പറഞ്ഞിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അഭിഭാഷകനായ എസ്. രാജേന്ദ്രനാണ് മന്ത്രിക്കെതിരെ കോടതയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഷിബു ബേബി ജോണിന്റെ അഭിഭാഷകന്‍ ശിവന്‍ മഠത്തിലിനെ കമ്മിഷന്‍ വിളിച്ചു വരുത്തുകയും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

അതേസമയം, സോളാര്‍ കേസിലെ പ്രതി സരിത നായര്‍ ക്രോസ് വിസ്താരത്തിന് ഇന്ന് കമീഷന്‍ മുമ്പാകെ ഹാജരായില്ല. കോയമ്പത്തൂര്‍ കോടതിയില്‍ പോകേണ്ടതു കൊണ്ടാണെന്നാണ് സരിതയുടെ അഭിഭാഷകന്‍ കമീഷനെ അറിയിച്ചത്. എന്നാല്‍ സരിതയുടെ നടപടിയെ ജസ്റ്റിസ് ശിവരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു.

എന്ത് കാരണം കൊണ്ടാണ് സരിത ഹാജരാകാതിരുന്നതെന്നും ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നും കമീഷന്‍ ചോദിച്ചു. കമീഷന്‍ മുമ്പാകെ ഹാജരാകാതെ കോയമ്പത്തൂരില്‍ പോകണമെന്ന് പറഞ്ഞാല്‍ നടക്കില്ല. ഫെബ്രുവരി 18ന്‌സരിത ഹാജരാകണമെന്നും ജസ്റ്റിസ് ശിവരാജന്‍ ഉത്തരവിട്ടു.

We use cookies to give you the best possible experience. Learn more