പെരിയ: പെരിയ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാരുടെ താല്‍ക്കാലിക നിയമനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. കൊലപാതക കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെരിയ കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയെന്ന വാര്‍ത്ത കാണുന്നു. ഉന്നത നേതാക്കളുടെ ശുപാര്‍ശയോ സഹായമോ ഇല്ലാതെ ഇത് സാധിക്കില്ല എന്നത് ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിലെഴുതി.
‘എതിരാളികളെ കൊല്ലാന്‍ നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളുടെ കുടുംബത്തെ ഞങ്ങള്‍ നോക്കിക്കോളാം’ എന്ന സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഫാസിസമാണ്. ജനങ്ങളോട് പ്രതിബദ്ധതയും ഭയവും ഉള്ളവരാകണം പൊതുപ്രവര്‍ത്തകര്‍. അതില്ലാത്തവരെയാണ് ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.
കേസിലെ പ്രതികളുടെ ഭാര്യമാരുടെ താല്‍ക്കാലിക നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് നിയമനം നല്‍കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. പെരിയ ഇരട്ടകൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്.
കേസിലെ മുഖ്യപ്രതിയും സി.പി.ഐ.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്റെ ഭാര്യയടക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ ആറ് മാസത്തേക്ക് താല്‍ക്കാലിക നിയമനം നല്‍കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്.
സി.പി.ഐ.എം. ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്.എം.സി. മുഖേനയാണ് ഇവരുടെ താല്‍ക്കാലിക നിയമനം എന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ തീരുമാനമെടുത്തത്. ഈ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇരട്ടക്കൊലയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച സി.പി.ഐ.എം. കുറ്റാരോപിതരുടെ ഭാര്യമാര്‍ക്ക് നിയമനം ലഭിച്ചതിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നിയമനം നടത്തിയതെന്നും പ്രതികരിച്ചു.
2019 ഫെബ്രുവരി 17നാണ് കാസര്‍ഗോഡ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയ കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ശരത്(27), കൃപേഷ്(21)എന്നിവര്‍ കൊല്ലപ്പെട്ടത്. നിലവില്‍ കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്.
കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അതിനാല്‍ സി.ബി.ഐക്ക് കൈമാറണമെന്നും പ്രതിപക്ഷവും കുടുംബവും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സി.ബി.ഐ. കേസേറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വരികയായിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ഹരജി തള്ളിയ സുപ്രീം കോടതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുവാദം നല്‍കി. 14 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.